യാംഗൂണ്‍: മ്യാന്‍മറില്‍ പട്ടാളം പുറത്താക്കിയ ജനകീയനേതാവ് ഓങ് സാന്‍ സൂ ചിയെ (77) അഴിമതിക്കേസില്‍ കോടതി ആറു വര്‍ഷത്തേക്കു കൂടി ശിക്ഷിച്ചതിന് പിന്നാലെ ഭരണകൂട അടിച്ചമര്‍ത്തലിനെതിരെ ആശങ്ക പ്രകടിപ്പിച്ച് യാംഗൂണിലെ കര്‍ദിനാള്‍ ചാള്‍സ് മൗങ് ബോ രംഗത്തെത്തി. മ്യാന്‍മറിന്റെ സൈനിക ഭരണകൂടം ജനങ്ങളെ ഭയപ്പെടുത്താന്‍ ശ്രമിക്കുകയാണെന്ന് കര്‍ദിനാള്‍ ബോ വിമര്‍ശിച്ചു.
അടുത്ത വര്‍ഷം പൊതു തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച മ്യാന്‍മറില്‍ കാര്യങ്ങള്‍ തങ്ങളുടെ വരുതിക്ക് കൊണ്ടുവരാനാണ് സൈനിക ഭരണകൂടം മനുഷ്യാവകാശങ്ങള്‍ ലംഘിച്ചുകൊണ്ടുള്ള അടിച്ചമര്‍ത്തല്‍ നടത്തുന്നതെന്ന് ഓസ്‌ട്രേലിയന്‍ സന്ദര്‍ശന വേളയില്‍ കര്‍ദ്ദിനാള്‍ ബോ പ്രതികരിച്ചു. പൊതുതിരഞ്ഞെടുപ്പോടെ എല്ലാം ശാന്തമാകുമെന്ന് മ്യാന്‍മാറിലെ ജനം പ്രതീക്ഷിക്കുന്നു. സൈന്യം നടത്തുന്ന അതിക്രമങ്ങളും ഭീഷണികളും മൂലം ചെറുത്തുനില്‍പ്പിനു പോലും ശേഷിയില്ലാതായിരിക്കുകയാണ് അവിടുത്തെ ജനങ്ങള്‍.
ജനകീയ സര്‍ക്കാരിനെ അട്ടിമറിച്ച് പട്ടാളം ഭരണം കൈയ്യടക്കിയതു മുതല്‍ കുട്ടികള്‍ ഉള്‍പ്പെടെ 2,100 ലധികം ആളുകളെ കൊല്ലുകയും 15,000 ത്തോളം പേരെ തടവിലിടുകയും ചെയ്തിട്ടുണ്ട്. ഗ്രാമങ്ങളില്‍ സൈന്യം അതിക്രമങ്ങള്‍ അഴിച്ചുവിടുകയും വീടുകള്‍ അഗ്നിക്കിരയാക്കുകയും ചെയ്യുന്നു. 50 ശതമാനത്തിലേറെ ആളുകള്‍ ദാരിദ്ര്യത്തില്‍ കഴിയുന്ന മ്യാന്‍മാറില്‍ നിന്ന് ജീവഭയത്താലും നിത്യവൃത്തിക്കുള്ള അന്നം തേടിയും ദശലക്ഷക്കണക്കിന് ആളുകള്‍ പലായനം ചെയ്യപ്പെടുകയാണെന്നും കര്‍ദ്ദിനാള്‍ ബോ പറഞ്ഞു.
കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് രാജ്യദ്രോഹക്കുറ്റം അടക്കമുള്ള കേസുകളില്‍ 11 വര്‍ഷത്തെ ശിക്ഷ അനുഭവിച്ചുവരികെ അഴിമതിക്കേസില്‍ സൂ ചിയെ ആറു വര്‍ഷത്തേക്കു കൂടി ശിക്ഷിച്ചത്. തോക്കുധാരികളായ സൈനികരുടെ സുരക്ഷയില്‍ അടച്ചിട്ട കോടതി മുറിയിലായിരുന്നു വിധി വായിച്ചത്. സര്‍ക്കാര്‍ ഭൂമി വിലകുറച്ച് വാടകയ്ക്കു കൊടുത്തു എന്നതായിരുന്നു നൊബേല്‍ സമ്മാന ജേതാവു കൂടിയായ സൂ ചിക്കെതിരെയുള്ള കേസ്. കേസ് കെട്ടിച്ചമച്ചതാണെന്ന് സു ചി പറഞ്ഞെങ്കിലും കോടതി ചെവിക്കൊണ്ടില്ല.
അടുത്ത വര്‍ഷം നടത്തുമെന്ന് പട്ടാളഭരണകൂടം പ്രഖ്യാപിച്ച തിരഞ്ഞെടുപ്പില്‍നിന്ന് സൂ ചിയെ അകറ്റിനിര്‍ത്തുന്നതിന്റെ ഭാഗം കൂടിയാണ് ഇപ്പോഴത്തെ കോടതിവിധികളെന്നാണു സൂചന. സൂ ചിയുടെ നേതൃത്വത്തിലുള്ള നാഷനല്‍ ലീഗ് ഫോര്‍ ഡെമോക്രസിയുടെ മറ്റ് മുതിര്‍ന്ന നേതാക്കളും തടവിലാണ്. ഏതാണ്ട് 12,000 പേര്‍ ഇപ്പോള്‍ തടവിലാക്കപ്പെട്ടിട്ടുണ്ട്.
സ്ഥിതിഗതികള്‍ വഷളായതോടെ മ്യാന്‍മര്‍ സന്ദര്‍ശിക്കാന്‍ യുഎന്‍ പ്രത്യേക പ്രതിനിധിയെ നിയോഗിച്ചിട്ടുണ്ട്. മ്യാന്‍മറിലെ സൈനിക അട്ടിമറിയുടെ ക്രൂരതയെ അന്താരാഷ്ട്ര സമൂഹവും അപലപിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.