കുട്ടനാട്ടിലെ കൃഷി നാശത്തിന് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണം: സീറോ മലബാര്‍ സിനഡ്

കുട്ടനാട്ടിലെ കൃഷി നാശത്തിന് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണം: സീറോ മലബാര്‍ സിനഡ്

കൊച്ചി: മഴക്കെടുതിയും വെള്ളപ്പൊക്കവും മൂലം ദുരിതമനുഭവിക്കുന്ന കുട്ടനാടന്‍ കര്‍ഷകര്‍ക്ക് ആശ്വാസം നല്‍കുന്ന പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്ന് സീറോ മലബാര്‍ സഭാ സിനഡ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കൂടെകൂടെയുണ്ടാകുന്ന കൃഷിനാശം കാര്‍ഷിക മേഖലയെ തകര്‍ക്കുന്നതിനാല്‍ ശാശ്വതമായ പരിഹാര നടപടികള്‍ ഉണ്ടാകേണ്ടതുണ്ടെന്ന് സിനഡ് ചൂണ്ടിക്കാട്ടി.

നദികളിലെയും തോടുകളിലെയും കായലുകളിലെയും എക്കലും മണ്ണും നീക്കം ചെയ്ത് വെള്ളം ഒഴുകിപ്പോകുവാനുള്ള സൗകര്യം അടിയന്തിരമായി ഉറപ്പു വരുത്തണം. എസി കനാല്‍ പടിഞ്ഞാറ് ജല നിര്‍ഗമന മാര്‍ഗം പൂര്‍ത്തിയാക്കി പള്ളാതുരുത്തി വരെ തുറന്ന് വെള്ളപ്പൊക്ക കെടുതി ഒഴിവാക്കാനുള്ള സൗകര്യം ഉണ്ടാകണം.

ഇത്തവണത്തെ മഴക്കെടുതിയില്‍ നശിച്ചുപോയത് ഏകദേശം 750 ഓളം ഏക്കര്‍ പാടശേഖരത്തിലെ നെല്‍ക്കൃഷിയാണ്. ഇന്‍ഷുറന്‍സ് കമ്പനികള്‍ നല്‍കുന്ന നഷ്ടപരിഹാരം തികച്ചും അപര്യാപ്തമായതിനാല്‍ നഷ്ടത്തിനാനുപാതികമായ പരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. തുടര്‍ച്ചയായി കൃഷിനാശമനുഭവിക്കുന്നവര്‍ വലിയ സാമ്പത്തിക ദുരന്തത്തിലാണെന്നത് മറക്കരുതെന്ന് സിനഡ് ഓര്‍മ്മിപ്പിച്ചു.

സ്വാമിനാഥന്‍ കമ്മീഷന്‍ പ്രകാരമുള്ള 'കുട്ടനാട് പ്രോജക്ട്' അനുസരിച്ച് ബണ്ടുകള്‍ ബലപ്പെടുത്താനുള്ള പരിശ്രമം പൂര്‍ത്തിയാക്കിയിട്ടില്ല. മടവീഴ്ചയെ പ്രതിരോധിക്കത്തക്ക രീതിയില്‍ ബണ്ടുകള്‍ ബലപ്പെടുത്താന്‍ അടിയന്തര നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണം. കര്‍ഷകര്‍ക്ക് ഉപകാരമുള്ളതും പുതു തലമുറയെ കൃഷിയിലേക്കാകര്‍ഷിക്കുന്നതുമായ നിലപാടുകള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും സിനഡ് ആവശ്യപ്പെട്ടു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.