ബ്രിസ്ബന്‍: ക്വീന്‍സ് ലാന്‍ഡിലെ ലോഗന്‍ മോട്ടോര്‍വേയില്‍ ഒരാളുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തെ തുടര്‍ന്ന് എട്ടു മണിക്കൂറോളം ഗതാഗതക്കുരുക്കില്‍പെട്ട് യാത്രക്കാര്‍. കിലോമീറ്ററുകളോളം നീണ്ട ഗതാഗതക്കുരുക്കിനെതുടര്‍ന്ന് നിരവധി പേര്‍ക്ക് രാത്രി മുഴുവന്‍ വാഹനങ്ങള്‍ക്കുള്ളില്‍ ചെലവഴിക്കേണ്ടി വന്നു. തണുത്ത കാലാവസ്ഥയും പ്രദേശത്ത് ഭക്ഷണമോ വെള്ളമോ ടോയ്ലറ്റ് സൗകര്യങ്ങളോ ഇല്ലാതിരുന്നതും യാത്രക്കാരുടെ ദുരിതം വര്‍ധിപ്പിച്ചു.
തെക്ക് പടിഞ്ഞാറന്‍ ബ്രിസ്ബനിലെ ഹീത്ത്വുഡിനു സമീപം ഇന്നലെ രാത്രി ഒന്‍പതരയോടെയാണ് അപകടമുണ്ടായത്. സംഭവത്തില്‍ 33 വയസുകാരന്‍ മരിച്ചു. യുവാവ് സഞ്ചരിച്ച കാറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും കൈവരിയിലേക്ക് ഇടിച്ചുകയറുകയുമായിരുന്നു. ഈ അപകടത്തില്‍നിന്നു രക്ഷപ്പെട്ട യുവാവ് വാഹനത്തില്‍ നിന്നിറങ്ങി വഴിയില്‍ നില്‍ക്കുമ്പോള്‍ മറ്റു രണ്ടു വാഹനങ്ങള്‍ കൂട്ടിയിടിക്കുകയും അതിലൊന്ന് യുവാവിനെ ഇടിക്കുകയുമായിരുന്നുവെന്ന് ക്വീന്‍സ്ലാന്‍ഡ് പോലീസ് അറിയിച്ചു.
ഗുരുതരമായി പരിക്കേറ്റ യുവാവ് ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. അപകടത്തില്‍ പരുക്കേറ്റ മറ്റ് രണ്ടു പേരെ പ്രിന്‍സസ് അലക്‌സാണ്ട്ര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അപകടത്തെ തുടര്‍ന്ന് ലോഗന്‍ മോട്ടോര്‍വേയിലേക്കുള്ള ഗതാഗതം രാത്രി 10 മണി മുതല്‍ അധികാരികള്‍ അടിച്ചു. ഹൈവേ അടച്ചിട്ടതോടെയാണ് വലിയ ഗതാഗതക്കുരുക്കുണ്ടായത്. ഒടുവില്‍ ഇന്ന് രാവിലെയാണ് ഗതാഗതം സാധാരണ നിലയിലെത്തിയത്.
ഹൈവേയിലേക്കുള്ള എല്ലാ പാതകളും അടച്ചതോടെ പലരും കാറുകളില്‍ ഉറങ്ങിയാണ് രാത്രി ചെലവഴിച്ചത്. ഗര്‍ഭിണിയും കുട്ടികളും പ്രായമായവരും ഉള്‍പ്പെടെ ഇക്കൂട്ടത്തിലുണ്ടായിരുന്നു.
ഒരു മണിക്കൂറോളം എന്താണ് സംഭവിക്കുന്നതെന്ന് യാത്രക്കാര്‍ക്ക് അറിയില്ലായിരുന്നു. തുടര്‍ന്ന് ആളുകള്‍ കാറുകളില്‍ നിന്നിറങ്ങി പരസ്പരം സംസാരിക്കാന്‍ തുടങ്ങിയപ്പോഴാണ് കാര്യങ്ങള്‍ ബോധ്യമായത്. തണുത്ത കാലാവസ്ഥയായിരുന്നതിനാല്‍ ആര്‍ക്കും അധികനേരം പുറത്തുനില്‍ക്കാന്‍ കഴിഞ്ഞില്ല. വാഹനങ്ങളിലിരുന്ന് പലരും ഉറങ്ങിയതോടെ ഗതാഗതം പുനസ്ഥാപിക്കാന്‍ വലിയ പരിശ്രമം വേണ്ടിവന്നു.
ഇന്ന് പുലര്‍ച്ചെ ഹൈവേ തുറന്നപ്പോഴേക്കും നിരവധി കാറുകള്‍ തകരാറിലായതായി ഒരു യാത്രക്കാരന്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.