അവനെ ക്രൂശിക്കുക... അവനെ ക്രൂശിക്കുക...

അവനെ ക്രൂശിക്കുക... അവനെ ക്രൂശിക്കുക...

ഈയിടെയായി സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുന്ന ഒരു വീഡിയോയാണ് ഈ കുറിപ്പിനാധാരം. എറണാകുളം അങ്കമാലി അതിരൂപതയുടെ അഡ്മിനിസ്ട്രേറ്ററായി നിയമിതനായിട്ടുള്ള ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിന്റെ ഔദ്യോഗികാസ്ഥാനമാണ് രംഗം. ആർച്ച് ബിഷപ്പ് തന്റെ കസേരയിൽ ഉപവിഷ്ടനായിരിക്കുന്നു. ചുറ്റും ഒരു സംഘം ആളുകൾ. സംസാരം വളരെ ഉച്ചത്തിലാണ്. അതുകൊണ്ടുതന്നെ, ഒന്നും വ്യക്തമായി കേൾക്കാൻ സാധിക്കുന്നില്ല. അവർ ക്ഷോഭിച്ചും ഭീഷണി സ്വരത്തിലുമാണു സംസാരിക്കുന്നത്. സഭ്യതയുടെ അതിർവരമ്പുകൾ ലംഘിക്കുന്നതായിരുന്നു അവരുടെ വാക്കുകളിൽ പലതും; കൈയേറ്റ ശ്രമം ഉണ്ടാകുമോ എന്നു പോലും തോന്നിപ്പോയി..
ആർച്ച് ബിഷപ്പിന്റെ പ്രതികരണം വാചാലമായ നിശ്ശബ്ദതയായിരുന്നു. പ്രതി പ്രതികരണങ്ങൾ ഒന്നും ഉണ്ടാകാതിരിക്കാൻ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചതായി തോന്നി. പുഞ്ചിരിയോടെ എല്ലാം കേട്ടു സഹിച്ചിരിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു.

1980 കളുടെ ആദ്യഘട്ടത്തിൽ, ഉപരിപഠനാർത്ഥം റോമിലായിരുന്നപ്പോൾ മൂന്നു വർഷം ഞങ്ങൾ ഒരുമിച്ചായിരുന്നു താമസിച്ചത്. അദ്ദേഹത്തിന്റെ ബുദ്ധിസാമർഥ്യവും, നിരീക്ഷണപാഠവവും അവധാനപൂർവകമായ പ്രതികരണശേഷിയും അഗാധപാണ്ഡിത്യവും നിയമ വൈദഗ്ധ്യവും എല്ലാം എനിക്കു വളരെ കൃത്യമായി ബോധ്യപ്പെട്ടിട്ടുള്ളതാണ്.

ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് അവലംബിച്ച സമീപനം അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന നല്ല ഇടയന്റേതായിരുന്നു. ന്യായാസനത്തിലിരുന്ന ഹേറോദേസ് യേശുവിനോടു പലതും ചോദിച്ചു. പക്ഷേ, അവൻ ഒന്നിനും ഉത്തരം പറഞ്ഞില്ല (ലൂക്കാ 13:9). യേശുവിന്റെ തിരുവചസ്സുകൾ ഓരോന്നോരോന്നായി അദ്ദേഹത്തിനു ശക്തി പകർന്നു കൊണ്ടിരുന്നതുപോലെ തോന്നി. ലോകം നിങ്ങളെ ദ്വേഷിക്കുന്നുവെങ്കിൽ അതിനുമുമ്പേ അത് എന്നെ ദ്വേഷിച്ചു എന്നറിഞ്ഞുകൊള്ളുവിൻ (യോഹ.15:18). ദാസൻ യജമാനനെക്കാൾ വലിയവനല്ല എന്നു ഞാൻ നിങ്ങളോടു പറഞ്ഞ വചനം ഓർമ്മിക്കുവിൻ. അവർ എന്നെ പീഡിപ്പിച്ചെങ്കിൽ നിങ്ങളെയും പീഡിപ്പിക്കും (യോഹ.15:20). അവർ കാരണം കൂടാതെ എന്നെ വെറുത്തു എന്ന് അവരുടെ നിയമത്തിൽ എഴുതപ്പെട്ടിരിക്കുന്ന വചനം പൂർത്തിയാകാനാണ് ഇതു സംഭവിച്ചത് (യോഹ.15:25). അവര്‍ നിങ്ങളെ സിനഗോഗുകളില്‍നിന്ന് പുറത്താക്കും. നിങ്ങളെ കൊല്ലുന്ന ഏവനും താന്‍ ദൈവത്തിനു ബലിയര്‍പ്പിക്കുന്നു എന്നു കരുതുന്ന സമയം വരുന്നു.

(യോഹ.16 : 2), സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: നിങ്ങള്‍ കരയുകയും വിലപിക്കുകയും ചെയ്യും; എന്നാല്‍ ലോകം സന്തോഷിക്കും. നിങ്ങള്‍ ദുഃഖിതരാകും; എന്നാല്‍, നിങ്ങളുടെ ദുഃഖം സന്തോഷമായി മാറും (യോഹ.16 : 20). ഈ പ്രതീക്ഷ അദ്ദേഹത്തിൽ രൂഢമൂലമായിരുന്നു.

യേശുവാകുന്ന നല്ല ഇടയന്റെ പ്രതിനിധിയായ മാർ ആൻഡ്രൂസ് താഴത്തിന് നല്ല ഇടയന്റെ അനുഭവസാക്ഷ്യത്തിനപ്പുറം ഒരു ശക്തിയും വേറെ ലഭിക്കാനില്ല. അതിൽ ഉറച്ചുനിന്ന തുകൊണ്ടാണ്, അവരുടെ ആക്രോശങ്ങളും, അട്ടഹാസങ്ങളും, അധിക്ഷേപങ്ങളും, ആരോപണങ്ങളും നേരിടാൻ അദ്ദേഹത്തിനു കഴിഞ്ഞത്. അവർ എന്തിനാണ് ഒച്ചപ്പാടും ബഹളവും ഉണ്ടാക്കുന്നതെന്നും സമരം ചെയ്യുന്നതെന്നും പ്രത്യേകം വിശദമാക്കേണ്ടതില്ല. കാരണം, ഇത് ഇന്നോ ഇന്നലെയോ ആരംഭിച്ചതല്ല. അവർക്കു ജനാഭിമുഖ കുർബാന വേണം. അത് അവരുടെ സ്വകാര്യ താത്പര്യവും അഭിമാന പ്രശ്നവുമാണ്. അവർക്ക് അതിനു പല ന്യായങ്ങളും പറയാനുണ്ട്. അവർ ഒരു നിലപാട് എടുത്തുപോയി. പിറകോട്ടുപോകാൻ പറ്റാത്ത ഒരവസ്ഥാവിശേഷം; മുൻപോട്ടും മേലാ, പിൻപോട്ടും മേലാ എന്ന അവസ്ഥാവിശേഷം! അതിന്റെ വിഭ്രാന്തിയും അങ്കലാപ്പുമെല്ലാം അവരെ വല്ലാതെ അലട്ടുന്നു.

നിഷ്കളങ്കരായ മനുഷ്യരെ കുതന്ത്രങ്ങളിലൂടെ വഴിതെറ്റിച്ച് തെരുവിലിറക്കിയ വൈദികർ യേശുവിന്റെ വാക്കുകൾ ഓർത്തിരുന്നെങ്കിൽ..... എന്നെ നിനക്ക് ഏൽപിച്ച് തന്നവരുടെ പാപം കൂടുതൽ ഗൗരവമുള്ളതാണ് (യോഹ.19:11), പ്രകാശം പരത്തേണ്ടവർ അന്ധകാരം പരത്തുന്നു. നേർവഴി കാട്ടേണ്ടവർ വഴിതെറ്റിക്കുന്നു! അതുകൊണ്ട് എന്തു സംഭവിക്കുന്നു? ജനങ്ങൾ ഉത്തമമായ പ്രബോധനത്തിൽ സഹിഷ്ണുത കാണിക്കാത്ത കാലം വരുന്നു.

കേൾവിക്ക് ഇമ്പമുള്ളവയിൽ ആവേശം കൊള്ളുകയും അവർ തങ്ങളുടെ അഭിരുചിക്കു ചേർന്ന പ്രബോധകരെ വിളിച്ചു കൂട്ടുകയും ചെയ്യും (2 തിമോത്തി. 4 : 3) അതാണിവിടെ സംഭവിച്ചുകൊണ്ടിരിക്കുന്നത്. തിരുവചനം പറയുന്നു, ഒരിക്കല്‍ പ്രകാശം ലഭിക്കുകയും സ്വര്‍ഗീയ സമ്മാനം ആസ്വദിച്ചറിയുകയും പരിശുദ്‌ധാത്‌മാവില്‍ പങ്കുകാരാവുകയും ദൈവവചനത്തിന്റെ നന്‍മയും വരാനിരിക്കുന്ന യുഗത്തിന്റെ ശക്‌തിയും രുചിച്ചറിയുകയും ചെയ്‌തവര്‍ വീണുപോവുകയാണങ്കില്‍, അവരെ അനുതാപത്തിലേക്ക്‌ പുനരാനയിക്കുക അസാധ്യമാണ്‌. കാരണം, അവര്‍ ദൈവപുത്രനെ സ്വമനസ്സാ അധിക്ഷേപിക്കുകയും വീണ്ടും കുരിശില്‍ തറയ്‌ക്കുകയും ചെയ്‌തു (ഹെബ്രാ.6 : 4 - 6).

അവർ തിരുവചനം ശ്രവിച്ചിരുന്നെങ്കിൽ...

നിങ്ങളുടെ നേതാക്കന്‍മാരെ അനുസരിക്കുകയും അവര്‍ക്കു വിധേയരായിരിക്കുകയും ചെയ്യുവിന്‍. കണക്കേല്‍പിക്കാന്‍ കടപ്പെട്ട മനുഷ്യരെപ്പോലെ അവര്‍ നിങ്ങളുടെ ആത്‌മാക്കളുടെ മേല്‍നോട്ടം വഹിക്കുന്നു. അങ്ങനെ അവര്‍ സന്തോഷപൂര്‍വം, സങ്കടം കൂടാതെ, ആ കൃത്യം ചെയ്യുന്നതിന്‌ ഇടയാകട്ടെ. അല്ലെങ്കില്‍ അതു നിങ്ങള്‍ക്കു പ്രയോജനരഹിതമായിരിക്കും
(ഹെബ്രാ.13 : 17)

ആർച്ച് ബിഷപ്പ് മാർ താഴത്തിന് വിശുദ്ധ പത്രോസിന്റെ വാക്കുകൾ ശക്തിപകരട്ടെ.
നീതിക്കുവേണ്ടി കഷ്‌ടതകള്‍ സഹിക്കേണ്ടിവന്നാല്‍ നിങ്ങള്‍ ഭാഗ്യവാന്‍മാര്‍. അവരുടെ ഭീഷണി നിങ്ങള്‍ ഭയപ്പെടേണ്ടാ; നിങ്ങള്‍ അസ്വസ്‌ഥരാവുകയും വേണ്ടാ
(1 പത്രോ. 3 : 14)

ഡോ. തോമസ് മൂലയിൽ


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.