നിക്കരാഗ്വയില്‍ വീട്ടുതടങ്കലില്‍ കഴിയുന്ന ബിഷപ്പ് അല്‍വാരസിനെ കര്‍ദിനാള്‍ ബ്രെനെസ് സന്ദര്‍ശിച്ചു; ബിഷപ്പിന്റെ ആരോഗ്യ നിലയില്‍ ആശങ്ക

നിക്കരാഗ്വയില്‍ വീട്ടുതടങ്കലില്‍ കഴിയുന്ന ബിഷപ്പ് അല്‍വാരസിനെ കര്‍ദിനാള്‍ ബ്രെനെസ് സന്ദര്‍ശിച്ചു; ബിഷപ്പിന്റെ ആരോഗ്യ നിലയില്‍ ആശങ്ക

മാനഗ്വ: നിക്കരാഗ്വയില്‍ പ്രസിഡന്റ് ഡാനിയല്‍ ഓര്‍ട്ടേഗയുടെ സ്വേച്ഛാധിപത്യ ഭരണകൂടം വീട്ടുതടങ്കലിലാക്കിയ മതാഗല്‍പ്പയിലെ ബിഷപ്പ് റൊളാന്‍ഡോ അല്‍വാരസിനെ നിക്കരാഗ്വയിലെ മാനഗ്വ ആര്‍ച്ച്ബിഷപ്പ് കര്‍ദ്ദിനാള്‍ ലിയോപോള്‍ഡോ ബ്രെനെസ് സന്ദര്‍ശിച്ചു. വെള്ളിയാഴ്ച്ച പുലര്‍ച്ചെ ബിഷപ്പ് തടവില്‍ കഴിയുന്ന വീട്ടിലെത്തിയാണ് കൂടിക്കാഴ്ച്ച നടത്തിയത്. ബിഷപ്പ് അല്‍വാരസിനൊപ്പം തടവില്‍ കഴിയുന്ന വൈദികരെയും അല്‍മായരെയും കര്‍ദ്ദിനാള്‍ ആശ്വസിപ്പിച്ചു.

ബിഷപ് അല്‍വാരസിന്റെ ആരോഗ്യ നില ആശങ്കാജനകമാണെന്ന് കൂടിക്കാഴ്ച്ചയ്ക്ക് ശേഷം കര്‍ദ്ദിനാള്‍ ബ്രെനെസ് പറഞ്ഞു. അദ്ദേഹത്തിന്റെ മനസും ആത്മാവും ശക്തമെങ്കിലും ശരീരം ക്ഷീണിതമാണ്. എത്രയും വേഗത്തില്‍ അദ്ദേഹം മോചിതനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മതഗല്‍പ്പയിലെ വിശ്വാസികളുടെ ഐക്യദാര്‍ഢ്യം അദ്ദേഹത്തെ അറിയിച്ചു. എല്ലാവരുടെയും പ്രാര്‍ത്ഥനയില്‍ ബിഷപ്പിനെ ഓര്‍ക്കണമെന്ന് കര്‍ദിനാള്‍ ആഹ്വാനം ചെയ്തു. ബിഷപ്പ് അല്‍വാരസിന്റെ ബന്ധുക്കളെയും കര്‍ദ്ദിനാള്‍ നേരില്‍ കണ്ട് ആശ്വസിപ്പിച്ചു.

കഴിഞ്ഞ ഓഗസ്റ്റ് നാല് മുതല്‍ ബിഷപ് അല്‍വാരസ് വീട്ടുതടങ്കലിലാണ്. അഞ്ചു വൈദികരും രണ്ട് സെമിനാരി വിദ്യാര്‍ത്ഥികളും മൂന്ന് അല്‍മായരും അദ്ദേഹത്തോടൊപ്പം തടവിലുണ്ട്. ബിഷപ്പിനെ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്ന വീട് കനത്ത പൊലീസ് കാവലിലാണ്. പള്ളിയില്‍ പോയി വിശുദ്ധ കുര്‍ബാന അര്‍പ്പിക്കാന്‍ പോലും ബിഷപ്പിനെ പൊലീസ് അനുവദിക്കുന്നില്ല. ഭരണകൂടത്തിന്റെ അനുമതി ഇല്ലാതെ തടവില്‍ കഴിയുന്നവരെ കാണാനും അനുവാദമില്ല.

ക്രിസ്ത്യാനികള്‍ക്കും സഭാ പിതാക്കന്മാര്‍ക്കും മേലുള്ള ഓര്‍ട്ടേഗ ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തലും അക്രമങ്ങളും തുടര്‍ക്കഥയായ നിക്കരാഗ്വേയില്‍ പോലീസ് ഭീഷണിയെ തുടര്‍ന്നു കഴിഞ്ഞ ഞായറാഴ്ച്ച വിശുദ്ധ കുര്‍ബാന ദേവാലയത്തിന് പുറത്ത് അര്‍പ്പിക്കേണ്ടി വന്നു. സാന്താ ലൂസിയ ഇടവകയിലെ ഫാ. വിസന്റേ മാര്‍ട്ടിനെ അറസ്റ്റ് ചെയ്യാനായി പോലീസ് ഉദ്യോഗസ്ഥര്‍ എത്തിയതിനെ തുടര്‍ന്നാണ് വിശുദ്ധ കുര്‍ബാന ദേവാലയത്തിന് പുറത്ത് അര്‍പ്പിക്കേണ്ടിവന്നത്.

പുലര്‍ച്ചെ 5:55ന് എത്തിയ പോലീസ് ഉദ്യോഗസ്ഥരോട് ഫാ. വിസന്റേ മാര്‍ട്ടിന്‍ അവിടെ ഇല്ലായെന്ന് സഹവികാരിയായ ഫാ. സെബാസ്റ്റ്യന്‍ ലോപ്പസ് പറഞ്ഞെങ്കിലും, വൈദികനെയും കാത്ത് പോലീസ് ഉദ്യോഗസ്ഥര്‍ അവിടെ തന്നെ തുടര്‍ന്നു. ആറരയ്ക്ക് വിശുദ്ധ കുര്‍ബാനയുടെ സമയത്ത് മണിമുഴക്കിയപ്പോള്‍ പോലീസ് ഉദ്യോഗസ്ഥര്‍ ദേവാലയത്തില്‍ പ്രവേശിക്കുമോ എന്ന് ഭയപ്പെട്ട് ഫാ. സെബാസ്റ്റ്യന്‍ ദേവാലയത്തിന് വെളിയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. ദേവാലയത്തിലേക്ക് എത്തിയ വിശ്വാസികള്‍ക്ക് മതിലിന് പുറത്തു നിന്ന് വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കേണ്ടി വന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26