ഹരാരെ: മലയാളി ബാറ്റ്‌സ്മാന്‍ സഞ്ജു സാംസണ്‍ മത്സരത്തിലെ താരമായപ്പോള്‍ സിംബാബ്വെയ്ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് വിജയം. അഞ്ചു വിക്കറ്റിനാണ് ഇന്ത്യ ആതിഥേയരായ സിംബാബ്വെയെ കീഴടക്കിയത്.
സിംബാബ്വെ ഉയര്‍ത്തിയ 162 റണ്‍സ് എന്ന വിജയലക്ഷ്യം ഇന്ത്യ 25.4 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ സ്വന്തമാക്കി. 43 റണ്‍സെടുത്ത് പുറത്താവാതെ നിന്ന സഞ്ജു സാംസണാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.
ഈ വിജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര ഇന്ത്യ സ്വന്തമാക്കി. ആദ്യ മത്സരത്തില്‍ ഇന്ത്യ പത്തുവിക്കറ്റിന് സിംബാബ്വെയെ തകര്‍ത്തിരുന്നു. സിംബാബ്വെ ഉയര്‍ത്തിയ 162 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യയ്ക്ക് തുടക്കത്തിലേ തിരിച്ചടി നേരിട്ടു. ശുഭ്മാന്‍ ഗില്ലിന് പകരം നായകന്‍ കെ.എല്‍.രാഹുലാണ് ശിഖര്‍ ധവാനൊപ്പം ഓപ്പണ്‍ ചെയ്തത്.
എന്നാല്‍ രാഹുലിന് താളം കണ്ടെത്താനായില്ല. വെറും ഒരു റണ്‍ മാത്രം നേടിയ രാഹുലിനെ വിക്ടര്‍ ന്യായുച്ചി വിക്കറ്റിന് മുന്നില്‍ കുടുക്കി. രാഹുലിന് പകരം ഗില്‍ ക്രീസിലെത്തി. കഴിഞ്ഞ മത്സരത്തില്‍ ഇന്ത്യയ്ക്ക് 10 വിക്കറ്റിന്റെ വിജയം സമ്മാനിച്ച ഗില്ലും ധവാനും ചേര്‍ന്ന് സ്‌കോര്‍ ഉയര്‍ത്തി.
എന്നാല്‍ ടീം സ്‌കോര്‍ 47 ല്‍ നില്‍ക്കേ അനാവശ്യ ഷോട്ടിന് ശ്രമിച്ച് ധവാന്‍ പുറത്തായി. ഷിവാന്‍ഗയുടെ പന്തില്‍ സിക്സ് നേടാനുള്ള ധവാന്റെ ശ്രമം ഇന്നസെന്റിന്റെ കൈയ്യിലൊതുങ്ങി. 21 പന്തുകളില്‍ നിന്ന് നാല് ബൗണ്ടറികളുടെ സഹായത്തോടെ 33 റണ്‍സെടുത്ത് ധവാന്‍ മടങ്ങി.
ധവാന് പകരം വന്ന ഇഷാന്‍ കിഷന്‍ നിരാശപ്പെടുത്തി. 13 പന്തുകള്‍ നേരിട്ട കിഷന്‍ വെറും ആറു റണ്‍സ് മാത്രമെടുത്ത് മടങ്ങി. ലൂക്ക് യോങ്വെയുടെ പന്ത് കിഷന്റെ ബാറ്റില്‍ തട്ടി വിക്കറ്റ് പിഴുതു. ഒരു വശത്ത് വിക്കറ്റ് വീഴുമ്പോഴും മറുവശത്ത് ഗില്‍ നന്നായി ബാറ്റുവീശി. എന്നാല്‍ 14-ാം ഓവറില്‍ അനാവശ്യ ഷോട്ട് കളിച്ച് ഗില്ലും പുറത്തായി. 34 പന്തുകളില്‍ നിന്ന് ആറുബൗണ്ടറികള്‍ സഹിതം 33 റണ്‍സെടുത്ത ഗില്ലിനെ യോങ്വെ പുറത്താക്കി. ഇതോടെ ഇന്ത്യ 97 ന് നാല് വിക്കറ്റ് എന്ന സ്‌കോറിലേക്ക് വീണു.
അഞ്ചാം വിക്കറ്റില്‍ സഞ്ജു സാംസണും ദീപക് ഹൂഡയും ക്രീസിലൊന്നിച്ചു. സഞ്ജുവും ഹൂഡയും അനായാസം ബാറ്റുവീശിയതോടെ ഇന്ത്യ വിജയത്തിലേക്ക് കുതിച്ചു. സഞ്ജുവായിരുന്നു കൂടുതല്‍ ആക്രമണകാരി. ഇരുവരും അര്‍ധസെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി. വിജയത്തിന് തൊട്ടരികില്‍ വെച്ച് ഹൂഡ പുറത്തായി. 36 പന്തുകളില്‍ നിന്ന് 25 റണ്‍സെടുത്ത ഹൂഡയെ സിക്കന്ദര്‍ റാസ ക്ലീന്‍ ബൗള്‍ഡാക്കി.
പിന്നാലെ വന്ന അക്ഷര്‍ പട്ടേലിനെ (6) കൂട്ടുപിടിച്ച് സഞ്ജു ഇന്ത്യയെ വിജയത്തിലെത്തിച്ചു. സിക്സടിച്ചുകൊണ്ടാണ് സഞ്ജു ഇന്ത്യയെ വിജയത്തിലെത്തിച്ചത്. സഞ്ജു 39 പന്തുകളില്‍ നിന്ന് മൂന്ന് ഫോറിന്റെയും നാല് സിക്സിന്റെയും അകമ്പടിയോടെ 43 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. സിംബാബ്വെയ്ക്ക് വേണ്ടി ലൂക്ക് യോങ്വെ രണ്ടുവിക്കറ്റെടുത്തപ്പോള്‍ ടനക ഷിവാന്‍ഗ, വിക്ടര്‍ ന്യായുച്ചി, സിക്കന്ദര്‍ റാസ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത സിംബാബ്വെ 38.1 ഓവറില്‍ 161 റണ്‍സിന് ഓള്‍ ഔട്ടായി. 42 റണ്‍സെടുത്ത സീന്‍ വില്യംസാണ് ആതിഥേയരുടെ ടോപ് സ്‌കോറര്‍. ഇന്ത്യയ്ക്ക് വേണ്ടി ശാര്‍ദൂല്‍ ഠാക്കൂര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സിംബാബ്വെയ്ക്ക് താളം കണ്ടെത്താനായില്ല. ഓപ്പണിങ് വിക്കറ്റില്‍ തകുട്സ്വാനാഷി കൈറ്റാനോയും ഇന്നസെന്റ് കായ്യയും ചേര്‍ന്ന് 20 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി.
എട്ട് ഓവര്‍ വരെ ഇരുവരും ഇന്ത്യന്‍ ബൗളിങ്ങിനെ പ്രതിരോധിച്ചു. എന്നാല്‍ ഒന്‍പതാം ഓവര്‍ ചെയ്ത മുഹമ്മദ് സിറാജ് ഈ കൂട്ടുകെട്ട് പൊളിച്ചു. കൈറ്റാനോയെ വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസന്റെ കൈയ്യിലെത്തിച്ച് സിറാജ് സിംബാബ്വെയുടെ ആദ്യ വിക്കറ്റ് നേടി. ഏഴുറണ്‍സെടുത്ത കൈറ്റാനോയെ മികച്ച ക്യാച്ചിലൂടെ സഞ്ജു പുറത്താക്കി.
പിന്നീട് ശാര്‍ദൂല്‍ ഠാക്കൂറിന്റെ ഊഴമായിരുന്നു. ദീപക് ചാഹറിന് പകരം ടീമിലിടം നേടിയ ശാര്‍ദൂല്‍ മറ്റൊരു ഓപ്പണറായ ഇന്നസെന്റ് കായ്യയെ സഞ്ജുവിന്റെ കൈയ്യിലെത്തിച്ചു. 16 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. അതേ ഓവറില്‍ തന്നെ കഴിഞ്ഞ മത്സരത്തില്‍ നന്നായി ബാറ്റുവീശിയ സിംബാബ്വെ നായകന്‍ റെഗിസ് ചക്കാബ്വയെയും മടക്കി ശാര്‍ദൂല്‍ ആതിഥേയര്‍ക്ക് കനത്ത ഭീഷണി സൃഷ്ടിച്ചു.
വെറും രണ്ട് റണ്‍സാണ് നായകന്റെ സമ്പാദ്യം. പിന്നാലെ രണ്ട് റണ്‍സെടുത്ത വെസ്ലി മധേവെറെയേയെ പുറത്താക്കി പ്രസിദ്ധ് കൃഷ്ണ സിംബാബ്വെയുടെ ബാറ്റിങ് നിരയെ തകര്‍ത്തു. ഇതോടെ ആതിഥേയര്‍ 31-ന് നാല് വിക്കറ്റ് എന്ന സ്‌കോറിലേക്ക് വീണു.
പിന്നീട് ക്രീസിലൊന്നിച്ച സിക്കന്ദര്‍ റാസയും സീന്‍ വില്യംസും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി. ഇരുവരും ടീം സ്‌കോര്‍ 50 കടത്തി. എന്നാല്‍ ഈ കൂട്ടുകെട്ടിനും ആയുസ്സുണ്ടായില്ല. 16 റണ്‍സെടുത്ത റാസയെ കുല്‍ദീപ് ഇഷാന്‍ കിഷന്റെ കൈയ്യിലെത്തിച്ചു. റാസയ്ക്ക് പകരം റയാന്‍ ബേണ്‍ ക്രീസിലെത്തി. ബേളിനെ കൂട്ടുപിടിച്ച് വില്യംസ് ടീം സ്‌കോര്‍ മുന്നോട്ടുനയിച്ചു. സിംബാബ്വെ സ്‌കോര്‍ 100 കടത്തിയത് ഈ കൂട്ടുകെട്ടാണ്.
എന്നാല്‍ അനാവശ്യ ഷോട്ട് കളിച്ച് സീന്‍ വില്യംസ് ദീപക് ഹൂഡയ്ക്ക് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. 42 പന്തുകളില്‍ നിന്ന് 42 റണ്‍സെടുത്താണ് താരം ക്രീസ് വിട്ടത്. ഇതോടെ ടീമിന്റെ രക്ഷാചുമതല ബേള്‍ ഏറ്റെടുത്തു. മറുവശത്ത് വിക്കറ്റുകള്‍ വീഴുമ്പോഴും ബേള്‍ പിടിച്ചുനിന്നു.
മറുവശത്ത് യൂക്ക് യോങ്ങിനെ (6) ശാര്‍ദൂല്‍ ഠാക്കൂറും ബ്രാഡ് ഇവാന്‍സിന്റെ അക്ഷര്‍ പട്ടേലും (9) ക്ലീന്‍ ബൗള്‍ഡാക്കി. പിന്നാലെ വന്ന വിക്ടര്‍ ന്യായുച്ചിയും (0) ടനക ഷിവാന്‍ഗയും (4) റണ്‍ ഔട്ടായി. ഇതോടെ സിംബാബ്വെയുടെ ബാറ്റിങ്ങിന് തിരശ്ശീല വീണു. 47 പന്തുകളില്‍ നിന്ന് 39 റണ്‍സെടുത്ത റയാന്‍ ബേള്‍ പുറത്താവാതെ നിന്നു.
ഇന്ത്യയ്ക്ക് വേണ്ടി ശാര്‍ദൂല്‍ ഠാക്കൂര്‍ മൂന്നുവിക്കറ്റെടുത്തപ്പോള്‍ മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ദീപക് ഹൂഡ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.