ഉക്രെയ്ന്‍ യുദ്ധത്തിന്റെ സൂത്രധാരന്റെ മകള്‍ റഷ്യയില്‍ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു

ഉക്രെയ്ന്‍ യുദ്ധത്തിന്റെ സൂത്രധാരന്റെ മകള്‍ റഷ്യയില്‍ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു

മോസ്‌കോ: പുടിന്റെ തലച്ചോര്‍ എന്നു വിശേഷിക്കപ്പെടുന്നയാളും ഉക്രെയ്ന്‍ യുദ്ധത്തിന്റെ സൂത്രധാരനുമായ അലക്‌സാണ്ടര്‍ ഡഗിന്റെ മകള്‍ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു. ആധുനിക റഷ്യയിലെ റസ്പുടിന്‍ എന്നറിയപ്പെടുന്ന അലക്‌സാണ്ടറെ ലക്ഷ്യം വെച്ചായിരുന്നു ആക്രമണം. എന്നാല്‍ അദ്ദേഹം മറ്റൊരു കാറിലായിരുന്നതിനാല്‍ തലനാരിഴക്കാണ് ആക്രമണത്തില്‍ നിന്നും രക്ഷപെട്ടത്.

ശനായാഴ്ച രാത്രി മോസ്‌കോയുടെ പ്രാന്തപ്രദേശത്തുണ്ടായ സ്‌ഫോടനത്തിലാണ് 29 വയസുകാരിയായ ഡരിയ ഡഗിന്‍ ദാരുണമായി കൊല്ലപ്പെട്ടത്. പശ്ചാത്യ രാജ്യങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തിയവരുടെ പട്ടികയിലുള്ളവരാണ് ഇരുവരും. പിതാവിനെ ലക്ഷ്യമിട്ട് നടത്തിയ വധശ്രമമാണിതെന്നാണ് പുറത്തുവരുന്ന വിവരം. മാധ്യമപ്രവര്‍ത്തകയായി ജോലി ചെയ്യുന്ന ഡരിയയും ഉക്രെയ്ന്‍ യുദ്ധത്തെ പിന്തുണയ്ക്കുന്നുണ്ട്.

ഒരു ആഘോഷ പരിപാടിയില്‍ പങ്കെടുത്ത് വീട്ടിലേക്കു മടങ്ങുന്നതിനിടെ ബോള്‍ഷി വ്യാസെമി എന്ന പ്രദേശത്തുവച്ച് ഹൈവേയില്‍ ഇവര്‍ സഞ്ചരിച്ച കാര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ഇതിന്റെ സി.സി.ടി.വി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

അലക്‌സാണ്ടര്‍ ഡഗിനും ഡരിയ ഡഗിനും പരിപാടിയില്‍ പങ്കെടുത്ത ശേഷം ഒന്നിച്ച് യാത്ര ചെയ്യാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ അവസാന നിമിഷത്തില്‍ അലക്‌സാണ്ടര്‍ യാത്ര മറ്റൊരു കാറിലേക്ക് മാറ്റുകയായിരുന്നുവെന്ന് റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ അക്രമികള്‍ ലക്ഷ്യം വെച്ചത് പുടിന്റെ വിശ്വസ്തനെ തന്നെ ആയിരുന്നോ എന്ന കാര്യത്തില്‍ ബി.ബി.സി. ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിട്ടില്ല.

പുടിന്‍ അനുകൂല സാര്‍ഗ്രാഡ് ടിവി നെറ്റ് വര്‍ക്കിന്റെ മുന്‍ ചീഫ് എഡിറ്ററാണ് അറുപതുകാരനായ അലക്‌സാണ്ടര്‍.

അപകടത്തിന്റെ നിരവധി ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍, സംഭവം റഷ്യന്‍ ഭരണകൂടം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഈ സംഭവത്തോടെ ഉക്രെയിന്‍ യുദ്ധത്തിനും പുതിയ തലം വരുമെന്നാണ് റിപ്പോര്‍ട്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.