ഇമോ (നൈജീരിയ): നൈജീരിയയില്‍ നാല് കന്യാസ്ത്രീകളെ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയി. ഇമോ സംസ്ഥാനത്തെ സിസ്റ്റേഴ്സ് ഓഫ് ജീസസ് ദി സേവ്യര്‍ സന്യാസ സഭയിലെ കന്യാത്രീകളെയാണ് തട്ടിക്കൊണ്ട് പോയത്. ഞായറാഴ്ച്ച കുര്‍ബാനയില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെ ഒകിഗ്വേ-എനുഗു എക്സ്പ്രസ് വേയുടെ ഒകിഗ്വെ-ഉമുലോലോ ജംഗ്ഷന് സമീപത്തുവച്ചാണ് സംഭവം.
തീവ്രവാദ സംഘമെന്ന് സംശയിക്കുന്ന അജ്ഞാതരാണ് തട്ടിക്കൊണ്ടുപോയതെന്ന് സെക്രട്ടറി ജനറല്‍ സിസ്റ്റര്‍ സിറ്റ ഇഹെഡോറോ പറഞ്ഞു. സിസ്റ്റര്‍ ജോഹന്നാസ് ന്വോഡോ, സിസ്റ്റര്‍ ക്രിസ്റ്റബെല്‍ എചെമസു, സിസ്റ്റര്‍ ലിബറാറ്റ എംബാമലു, സിസ്റ്റര്‍ ബെനിറ്റ അഗു എന്നിവരാണ് തട്ടിക്കൊണ്ട് പോകലിന് ഇരയായവര്‍. തങ്ങളുടെ സഹോദരിമാരെ തട്ടിക്കൊണ്ടുപോയത് വളരെ വേദനയോടെ അറിയിക്കുന്നു എന്ന് സിസ്റ്റര്‍ സിറ്റ സമൂഹമാധ്യമത്തിലൂടെ അറിയിച്ചു.
''അവരുടെ പെട്ടെന്നുള്ളതും സുരക്ഷിതവുമായ മോചനത്തിനായി പ്രാര്‍ത്ഥിക്കാന്‍ ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു. രക്ഷകനായ യേശു ഞങ്ങളുടെ പ്രാര്‍ത്ഥനകള്‍ കേള്‍ക്കട്ടെ, നമ്മുടെ പ്രിയപ്പെട്ട സഹോദരിമാരുടെ നിരുപാധികമായ മോചനത്തിനായി മേരി മാതാവ് മാധ്യസ്ഥ്യം വഹിക്കട്ടെ''സിസ്റ്റര്‍ സിറ്റ എഴുതി.
സംഘടിതമായ ആക്രമണങ്ങള്‍ക്ക് പുറമെ, വൈദീകര്‍ ഉള്‍പ്പെടെയുള്ള സഭാ ശുശ്രൂഷകരെയും വിശ്വാസികളെയും തട്ടിക്കൊണ്ടുപോകുന്നതും നൈജീരിയയില്‍ പതിവാകുകയാണ് ഇപ്പോള്‍. അതിലെ ഏറ്റവും പുതിയ സംഭവമാണിത്. ഇത് വലിയ ആശങ്കജനകമാണെന്നും പൗരന്മാരുടെ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നതായും സഭാ നേതൃത്വം അറിയിച്ചു.
2022 ജനുവരിമുതല്‍ ജൂലൈവരെയുള്ള ഏഴു മാസത്തിനിടെമാത്രം നൈജീരിയയില്‍നിന്ന് 20 കത്തോലിക്കാ വൈദീകരെ തട്ടിക്കൊണ്ടുപോയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അതില്‍ ഏഴ് സംഭവങ്ങള്‍ ഉണ്ടായത് ജൂലൈയില്‍ മാത്രമാണെന്നും പീഡിത ക്രൈസ്തവര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന പൊന്തിഫിക്കല്‍ സംഘടനയായ 'എയിഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡ്' (എ.സി.എന്‍) സമാഹരിച്ച റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇതില്‍ ഭൂരിഭാഗം പേരെയും വിട്ടയച്ചെങ്കിലും മൂന്നുപേര്‍ കൊല്ലപ്പെട്ടു.
പശ്ചിമാഫ്രിക്കന്‍ രാജ്യമായ നൈജീരിയയില്‍ 2009 മുതല്‍ ക്രൈസ്തവ സഭകളെയും സഭാവിശ്വാസികളെയും ലക്ഷ്യം വെച്ച് നടത്തുന്ന ആക്രമണങ്ങള്‍ വ്യാപകമാകുകയാണ്. ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്കന്‍ പ്രൊവിന്‍സ്, ബൊക്കോ ഹറാം, ഫുലാനി ഹെഡ്സ്മാന്‍ എന്നീ ഇസ്ലാമിക തീവ്രവാദികളാണ് നൈജീരിയയിലും സമീപ പ്രദേശങ്ങളിലും വെല്ലുവിളി ഉയര്‍ത്തുന്നത്. 2009 മുതല്‍ ഇതുവരെയുള്ള 13 വര്‍ഷത്തിനിടെ 45,644 ക്രൈസ്തവര്‍ ഇവിടെ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.