ഡാളസ്: അമേരിക്കയിലെ ഡാളസില്‍ കനത്ത മഴയും വെള്ളപ്പൊക്കവും വന്‍ നാശം വിതച്ചു. 1953 ന് ശേഷമുള്ള ഏറ്റവും ശക്തമായ മഴയ്ക്കും വെള്ളപ്പൊക്കത്തിനുമാണ് ഡാളസ് സാക്ഷ്യം വഹിച്ചത്. ആറു മണിക്കൂറിനുള്ളില്‍ 11 ഇഞ്ചിലധികം മഴയാണ് രേഖപ്പെടുത്തിയത്. പലയിടത്തും നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഗ്രാമ-നഗര മേഖലകളൊക്കെ വെള്ളത്തിലായി. റോഡുകള്‍ മുങ്ങി. വീടുകളിലും സ്ഥാപനങ്ങളിലും വെള്ളം കയറി. നിര്‍ത്തിയിട്ടിരുന്ന നിരവധി വാഹനങ്ങള്‍ ഒഴുകിപ്പോയി. ഒഴുക്കില്‍പ്പെട്ട് മുങ്ങിപ്പോയ വഹനത്തിനുള്ളില്‍പ്പെട്ട് 60 വയസുകാരിയായ വയോധിക മരിച്ച ദാരുണ സംഭവവും ഉണ്ടായി. മൂന്നു മാസം കൊണ്ട് പെയ്യേണ്ട മഴയാണ് ഒരു ദിവസം പെയ്തിറങ്ങിയത്. പ്രളയത്തെ സംസ്ഥാന ദുരന്തമായി ഡാളസ് ഭരണകൂടം പ്രഖ്യാപിച്ചു.
അപകടകരമായി വെള്ളം കവിഞ്ഞൊഴുകുന്ന സ്ഥലങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കാനുള്ള തീവ്രശമത്തിലാണ് രക്ഷാപ്രവര്‍ത്തകര്‍. മൂന്നു മാസം നീളുന്ന വേനല്‍ക്കാലത്ത് ശരാശരി എട്ട് ഇഞ്ച് മഴയാണ് ഡാളസില്‍ ലഭിക്കുക. ഇതിന്റെ ഇരട്ടിയോളം മഴയാണ് ഒരു രാത്രി കൊണ്ട് ലഭിച്ചത്.
വെള്ളപ്പൊക്കത്തിന്റെ ഭീകരത എടുത്തു കാണിക്കുന്ന നിരവധി വീഡിയോകള്‍ ഇതിനോടകം പുറത്തു വന്നിട്ടുണ്ട്. വാഹനങ്ങള്‍ വെള്ളത്തില്‍ മുങ്ങിക്കിടക്കുന്നതും ആളുകള്‍ രക്ഷതേടി നെഞ്ചോളം വെള്ളത്തില്‍ നടന്നു നീങ്ങതുമൊക്കെ വീഡിയോ ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്.
വെള്ളം പൊങ്ങിയതോടെ പലരും കാറുകള്‍ റോഡില്‍ ഉപേക്ഷിച്ച് രക്ഷപെട്ടു. റോഡിലെ വെള്ളക്കെട്ടുകളില്‍ കുടുങ്ങിയ കാറുകളില്‍ നിന്ന് നിരവധി പേരെ സുരക്ഷാ സേന രക്ഷപെടുത്തി. ഇത്തവണ ഡാളസില്‍ കടുത്ത വേനലായിരുന്നു. ഇതിന്റെ പിന്നാലെ വന്ന അതിവര്‍ഷം ജനങ്ങളെ കൂടുതല്‍ ബുദ്ധിമുട്ടിലാക്കി.
വെള്ളപ്പൊക്കത്തിന്റെ അതിഭീകര ദൃശ്യങ്ങള്‍ ടിവി ചാനലുകളിലൂടെ പുറത്തു വരുന്നുണ്ട്. റോഡില്‍ വെള്ളം പൊങ്ങിയതിനെ തുടര്‍ന്ന് കുടുങ്ങിപ്പോയ വാഹനത്തില്‍ നിന്ന് യാത്രക്കാരെ നാട്ടുകാര്‍ രക്ഷിക്കുന്നത് അതിസാഹസികമായിട്ടാണ്.
കഴുത്തൊപ്പം മൂടിയ വെള്ളത്തിലൂടെ ജീവന്‍ പണയംവച്ച് നീന്തിയെത്തിയ രക്ഷാപ്രവര്‍ത്തകര്‍ ആളുകളെ ചുമലിലേറ്റിയാണ് സുരക്ഷിത താവളങ്ങളിലേക്ക് നീങ്ങിയത്. കുട്ടികളെയും മുതിര്‍ന്നവരെയും ഇത്തരത്തില്‍ രക്ഷിക്കുന്ന ദൃശ്യങ്ങള്‍ നിരവധി പുറത്തു വന്നിട്ടുണ്ട്.
തന്റെ ജീവിതത്തില്‍ ഇതുപോലൊരു മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാക്ഷ്യം വഹിച്ചിട്ടില്ലെന്ന് സ്റ്റെഫാനി കരോളിന്‍ എന്ന മധ്യവയസ്‌ക വാര്‍ത്ത ചാനലുകളോട് പറഞ്ഞു. അത്യാവശ്യ കാര്യത്തിനായി പുറത്തു പോയ ശേഷം തിരികെ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് കരോളിന്‍ വെള്ളപ്പൊക്കത്തില്‍ അകപ്പെടുന്നത്.
കാറിനകത്ത് കുടുങ്ങിയ ഇവരെ രക്ഷാപ്രവര്‍ത്തകരെത്തിയാണ് പുറത്തെത്തിച്ചത്. കാര്‍ പൂര്‍ണമായും വെള്ളത്തില്‍ മുങ്ങി. കാര്‍ ഒഴുകി പോകാതിരിക്കാന്‍ വടംകൊണ്ട് സമീപത്തുള്ള മരത്തില്‍ ബന്ധിച്ചിരിക്കുകയാണ്.
ദൈവത്തിന്റെ അനുഗ്രഹം കൊണ്ട് മാത്രമാണ് ഞാന്‍ ജീവിച്ചിരിക്കുന്നത്. ഇത്തരത്തിലൊരു പ്രളയം ഈ മനുഷ്യായുസില്‍ ഞാന്‍ കണ്ടിട്ടില്ല. എന്റെ ദൈവത്തിന് നന്ദി പറയുന്നു, തിരികെ ജീവിതത്തിലേക്ക് എത്തിച്ചതിന്- കരോളിന്‍ മാധ്യമങ്ങളോട് പറഞ്ഞു.
മഴ കനത്തതോടെ ടാക്സി സര്‍വീസുകള്‍ ഉള്‍പ്പെടെ സര്‍വീസ് അവസാനിപ്പിച്ചിരിക്കുകയാണ്. വെള്ളപ്പൊക്കം ഡാളസിന്റെ സാമ്പത്തിക മേഖലയ്ക്കും കടുത്ത തിരിച്ചടിയാണ് സൃഷ്ടിച്ചിരിക്കുന്നത്. കോടിക്കണക്കിന് രൂപയുടെ നാശനഷ്ടം ഇതുവരെ സംഭവിച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.