തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കിയ യുവാവ് പിടിയില്‍. അമൃത്സര്‍ സ്വദേശി സച്ചിന്‍ ദാസാണ് അറസ്റ്റിലായത്.
കന്റോണ്‍മെന്റ് പൊലീസ് പഞ്ചാബില്‍ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സ്വപ്ന സുരേഷിന് സ്‌പേസ് പാര്‍ക്കിലെ ജോലിക്ക് വേണ്ടിയാണ് വ്യാജ സര്‍ട്ടിഫിക്കറ്റുണ്ടാക്കിയത്. 3.18 ലക്ഷം രൂപ മാസ ശമ്പളത്തിലായിരുന്നു നിയമനം.
ഐ.ടി വകുപ്പിനു കീഴിലെ സ്പേസ് പാര്‍ക്കില്‍ സ്വപ്ന നിയമനം നേടിയത് വ്യാജ സര്‍ട്ടിഫിക്കറ്റുകളുടെ അടിസ്ഥാനത്തിലാണെന്ന് ഇതിനകം പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മഹാരാഷ്ട്രയിലെ ഡോ. ബാബ സാഹേബ് അംബേദ്കര്‍ ടെക്നോളിക്കല്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് കൊമേഴ്സില്‍ ബിരുദം നേടിയെന്ന തരത്തിലായിരുന്നു വ്യാജ രേഖകള്‍.
2009 മുതല്‍ 2011 വരെയുള്ള കാലയളവില്‍ പഠനം പൂര്‍ത്തിയാക്കിയെന്നാണ് രേഖ. ഐപിസി 198, 464, 468, 471 എന്നിവയും ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്ടിന്റെ ലംഘനവും ഉള്‍പ്പെടുത്തിയാണ് കേസെടുത്തിട്ടുള്ളത്. രേഖകള്‍ വ്യാജമെന്ന് കണ്ടെത്തിയതോടെ സര്‍വകലാശാലയില്‍ നേരിട്ടെത്തി പൊലീസ് പരിശോധന നടത്തിയിരുന്നു. പിന്നാലെയാണ് അമൃത്സര്‍ സ്വദേശി പിടിയിലായത്.
യുഎഇ കോണ്‍സുലേറ്റിലെ ജോലി നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിന്റെ ശിപാര്‍ശ പ്രകാരമാണ് ഐ ടി വകുപ്പിന് കീഴിലെ സ്പേസ് പാര്‍ക്കില്‍ സ്വപ്നക്ക് ജോലി ലഭിച്ചത്.
സ്‌പേസ് പാര്‍ക്കിന്റെ കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പറാണ് സ്വപ്നയെ തെരഞ്ഞെടുത്തത്. വ്യാജ സര്‍ട്ടിഫിക്കറ്റെന്ന് അറിഞ്ഞു കൊണ്ട് ശിവശങ്കറാണ് ജോലി നല്‍കിയതെന്ന് സ്വപ്ന ആരോപിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.