മലയാളി ശാസ്ത്രജ്ഞ അന്ന മാണിയ്‌ക്ക് ജന്മദിനത്തിൽ ആദരമർപ്പിച്ച് ഗൂഗിൾ ഡൂഡിൽ

മലയാളി ശാസ്ത്രജ്ഞ അന്ന മാണിയ്‌ക്ക് ജന്മദിനത്തിൽ ആദരമർപ്പിച്ച് ഗൂഗിൾ ഡൂഡിൽ

ഇടുക്കി: ഇന്ത്യയിലെ പ്രശസ്ത കാലാവസ്ഥാ ശാസ്ത്രജ്ഞയും ഭൗതിക ശാസ്ത്രജ്ഞയുമായ അന്ന മാണിയ്‌ക്ക് ജന്മദിനത്തിൽ ആദരമർപ്പിച്ച് ഗൂഗിൾ ഡൂഡിൽ. 104-ാം ജന്മദിനമാണ് ഗൂഗിൾ ആഘോഷിച്ചത്. 'ഇന്ത്യയുടെ കാലാവസ്ഥാ വനിത' എന്നറിയപ്പെടുന്ന അന്ന മാണി 1987-ൽ ഐഎൻഎസ്എ കെ.ആർ രാമനാഥൻ മെഡൽ ജേതാവാണ്.


ഇന്ത്യയിലെ ആദ്യത്തെ വനിതാ ശാസ്ത്രജ്ഞരിൽ ഒരാളായിരുന്ന അന്ന ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ ഡെപ്യൂട്ടി ഡയറക്ടർ ജനറലായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തിൽ അന്ന ഒരു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും ഒരു ഇൻസ്ട്രുമെന്റേഷൻ ടവറും സ്ഥാപിച്ചിട്ടുണ്ട്. കാലാവസ്ഥാ ഇൻസ്ട്രുമെന്റേഷനിൽ കാര്യമായ സംഭാവനകൾ നൽകിയ അവർ സൗരവികിരണം, അന്തരീക്ഷ ഓസോൺ, കാറ്റ് ഊർജ അളവുകൾ എന്നിവയെക്കുറിച്ച് ഗവേഷണം നടത്തുകയും പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്തു.


1918 ൽ പീരുമേട്ടിലെ ഒരു സിറിയൻ ക്രിസ്ത്യൻ കുടുംബത്തിലാണ് അന്ന മാണി ജനിച്ചത്. നര്‍ത്തകി ആകാൻ ആഗ്രഹിച്ച അന്ന മണി പിന്നീട് ഭൗതികശാസ്ത്രത്തോടുള്ള താൽപര്യം കാരണം അതേ വിഷയത്തിൽ തന്റെ തൊഴിൽ ജീവിതം തിരഞ്ഞെടുക്കുകയായിരുന്നു. കുട്ടിക്കാലം മുതൽ പുസ്തകങ്ങളെ കൂട്ടുകാർ ആക്കിയ അന്നയ്‌ക്ക് എല്ലാ പുസ്തകങ്ങളെ പറ്റിയും ധാരണ ഉണ്ടായിരുന്നു.

1940-ൽ അന്ന മാണി ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ ഗവേഷണത്തിന് സ്‌കോളർഷിപ്പ് നേടി. അന്തരീക്ഷ ഓസോൺ രംഗത്ത് നടത്തിയ ഗവേഷണത്തിന്റെ അടിസ്ഥാനത്തിൽ അന്ന മാണിക്ക് സയൻസ് അക്കാദമി അവാർഡ് ലഭിച്ചു. തുടർന്ന് വിരമിച്ചതിന് ശേഷം മണി ബംഗളൂരുവിലെ രാമൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ട്രസ്റ്റിയായി മാറുകയും സ്ഥാപനത്തിൽ തുടർന്ന് സേവനം അനുഷ്ഠിക്കുകയും ചെയ്തു.

2018 ലെ നൂറാം ജന്മദിനത്തിൽ ലോക കാലാവസ്ഥാ സംഘടന അന്നയുടെ ജീവചരിത്രവും അഭിമുഖവും പ്രസിദ്ധീകരിച്ചിരുന്നു. 2001 ആഗസ്റ്റ് 16ന് തിരുവനന്തപുരത്ത് വച്ചാണ് അന്ന മരിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.