വിശുദ്ധ മദര്‍ തെരേസയുടെ ജീവിതം അഭ്രപാളിയില്‍; ഒക്ടോബറില്‍ തിയറ്ററുകളിലെത്തും

വിശുദ്ധ മദര്‍ തെരേസയുടെ ജീവിതം അഭ്രപാളിയില്‍; ഒക്ടോബറില്‍ തിയറ്ററുകളിലെത്തും

വാഷിങ്ടണ്‍ ഡി.സി: അഗതികളുടെ അമ്മയായ വിശുദ്ധ മദര്‍ തെരേസയുടെ ജീവിതം ആസ്പദമാക്കി ഒരുക്കിയ ചലച്ചിത്രം ഒക്ടോബറില്‍ തിയറ്ററുകളിലെത്തും. ഒക്ടോബര്‍ മൂന്ന്, നാല് തീയതികളില്‍ തിയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തുന്ന ഈ ചിത്രത്തിന് 'മദര്‍ തെരേസ: നോ ഗ്രേറ്റര്‍ ലവ്' എന്നാണ് പേരിട്ടിരിക്കുന്നത്. അമേരിക്കയിലെ 960 തീയേറ്ററുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്.

ഫാത്തോം ഇവന്റ്‌സാണ് ഡോക്യുമെന്ററി വിഭാഗത്തിലുള്ള ചലച്ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നത്. കത്തോലിക്ക അല്‍മായരുടെ ലോകത്തിലെ ഏറ്റവും വലിയ സംഘടനയായ നൈറ്റ്‌സ് ഓഫ് കൊളംബസാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഇരുപതാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന വിശുദ്ധ മദര്‍ തെരേസയുടെ ജീവിതവും വിശുദ്ധ സ്ഥാപിച്ച മിഷണറിസ് ഓഫ് ചാരിറ്റി സന്യാസ സമൂഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ലോകമെമ്പാടും ചെലുത്തിയ സ്വാധീനവുമാണ് ചിത്രത്തിന്റെ പ്രമേയം. അഞ്ചു ഭൂഖണ്ഡങ്ങളില്‍ ആയിരുന്നു ചിത്രീകരണം.

ഗുരുതര വൈകല്യങ്ങള്‍ ബാധിച്ച കുട്ടികളെ മിഷനറീസ് ഓഫ് ചാരിറ്റി അംഗങ്ങള്‍ പരിചരിക്കുന്ന, കെനിയയില്‍നിന്നുള്ള ദൃശ്യങ്ങള്‍ ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.



വിനോന-റോച്ചസ്റ്റര്‍ രൂപതയുടെ അധ്യക്ഷന്‍ ബിഷപ്പ് റോബര്‍ട്ട് ബാരണ്‍, സിനിമാതാരം മാര്‍ക്ക് വാല്‍ബര്‍ഗിന്റെ സഹോദരന്‍ ജിം വാല്‍ബര്‍ഗ്, മദര്‍ തെരേസയുടെ നാമകരണ നടപടികളുടെ പോസ്റ്റുലേറ്റര്‍ ഫാ. ബ്രയാന്‍ കൊളോഡിജ്ചുക്ക് എന്നിവര്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ചിത്രത്തില്‍ വിവരണങ്ങള്‍ നല്‍കുന്നുണ്ട്. വിശുദ്ധ ജോണ്‍പോള്‍ മാര്‍പാപ്പയുമായി ഉണ്ടായിരുന്ന മദര്‍ തെരേസയുടെ സൗഹൃദവും ഇതില്‍ പ്രമേയമാകുന്നുണ്ട്.

'മിഷ്ണറീസ് ഓഫ് ചാരിറ്റി അംഗങ്ങള്‍ പ്രശസ്തി ആഗ്രഹിക്കുന്നവരല്ല. അതിനാല്‍ അവരുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും സുവിശേഷ ജീവിതവും ആളുകളില്‍ എത്തിക്കാന്‍ സാധിക്കുന്നത് നിരവധി ആളുകളുടെ ജീവിതത്തെ സ്പര്‍ശിക്കാനും അവരെ വിശ്വാസത്തിലേക്ക് അടുപ്പിക്കാനും ഉപകരിക്കുമെന്ന് സിനിമയുടെ സംവിധായകന്‍ ഡേവിഡ് നാഗ്ലേരി പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.