മോഷണശ്രമത്തിനിടെ തോക്കുചൂണ്ടി രക്ഷപ്പെട്ടത് ഉത്തരേന്ത്യന്‍ കവര്‍ച്ചാ സംഘം; യു.പി സ്വദേശി മുഹമ്മദിനെ തിരിച്ചറിഞ്ഞു

മോഷണശ്രമത്തിനിടെ തോക്കുചൂണ്ടി രക്ഷപ്പെട്ടത് ഉത്തരേന്ത്യന്‍ കവര്‍ച്ചാ സംഘം; യു.പി സ്വദേശി മുഹമ്മദിനെ തിരിച്ചറിഞ്ഞു

തിരുവനന്തപുരം: മോഷണശ്രമത്തിനിടെ തോക്കുചൂണ്ടി രക്ഷപ്പെട്ടവർ ഉത്തരേന്ത്യൻ കവർച്ചാ സംഘത്തിലെ അംഗങ്ങളെന്ന് സൂചന. ആറംഗ മോഷണ സംഘമാണ് തലസ്ഥാനത്തെത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇതിൽ പ്രധാനികളിലൊരാൾ ഉത്തർപ്രദേശ് സ്വദേശി മുഹമ്മദ് മോനിഷാണെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്.

കഴിഞ്ഞ മൂന്ന് മാസമായി ഇയാൾ തമ്പാനൂരിലും വഞ്ചിയൂരിലും വാടകയ്ക്ക് താമസിക്കുകയായിരുന്നു. ഇയാൾക്കൊപ്പം ഒരു സ്ത്രീയുമുണ്ടായിരുന്നു. ഇരുവരുടേയും കൂടുതൽ സി.സി.ടി.വി ദൃശ്യങ്ങൾ പോലീസ് കണ്ടെടുത്തിട്ടുണ്ട്. മോനിഷിന്റെ ആധാർ കാർഡും യു.പി യിലെ വിലാസവും അടക്കമുള്ള വിവരങ്ങളും പോലീസിന് ലഭിച്ചു.

തോക്ക് ചൂണ്ടി മോഷ്ടാക്കൾ രക്ഷപ്പെട്ട ദിവസം മറ്റൊരാൾ ഇവർ താമസിക്കുന്ന വീട്ടിലെത്തി സ്ത്രീയെ കൂട്ടിപോവുകയായിരുന്നു. കഴിഞ്ഞ മാസം ഇരുപത്തിനാലിനാണ് സംഘം ഈ വീട്ടിലെത്തിയത്. തുണി വിൽപ്പനയുടെ മറവിൽ ആളൊഴിഞ്ഞ വീട് നോക്കിവച്ച ശേഷം മോഷണം നടത്തുകയാണ് രീതി.

അംഗങ്ങളിലെ മറ്റുള്ളവരെ കണ്ടെത്താനായി പോലീസ് ലുക്ക് ഔട്ട് നോട്ടീസും പുറത്തിറക്കിയേക്കും. ഉത്തർപ്രദേശിലെ വിലാസം കേന്ദ്രീകരിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാൽ തിരിച്ചറിയൽ കാർഡിലെ വിവരങ്ങൾ ശരിയാണോയെന്നതാണ് പ്രാഥമികമായി പരിശോധിച്ച് വരുന്നത്.

നഗരത്തിൽ അടുത്തിടെ നടന്ന മോഷണങ്ങൾക്ക് പിന്നിൽ ഈ സംഘമാണെന്നാണ് കരുതുന്നത്.ഇവർ വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിലും ലോഡ്ജിലും നടത്തിയ പരിശോധനയിൽ മോഷണത്തിന് ഉപയോഗിക്കുന്ന ആയുധങ്ങളും വ്യാജ നമ്പർ പ്ലേറ്റുകളും കണ്ടെടുത്തിട്ടുണ്ട്. കോവളം സ്വദേശിയിൽ നിന്ന് വാടകയ്ക്ക് എടുത്തതാണ് ഇരുചക്രവാഹനം. ഇതിൽ കറങ്ങിനടന്നാണ് മോഷണം നടത്തിയിരുന്നത്. 

ഈ സംഘത്തിൽപ്പെട്ടവർ നിരന്തരം ഉത്തർപ്രദേശിലേക്ക് പോയിവന്നതായും കണ്ടെത്തിയിട്ടുണ്ട്. എന്നാൽ മോഷ്ടാക്കളുടെ കൈവശമുണ്ടായിരുന്ന തോക്ക് യഥാർഥമാണോ എന്നത് ഇതുവരെ സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.