അഞ്ച് ഫോണില്‍ ചാര സോഫ്റ്റ്‌വെയര്‍; ചാരന്‍ പെഗാസസ് ആണോയെന്ന് വ്യക്തമല്ലെന്ന് സുപ്രീം കോടതി

അഞ്ച് ഫോണില്‍ ചാര സോഫ്റ്റ്‌വെയര്‍; ചാരന്‍ പെഗാസസ് ആണോയെന്ന് വ്യക്തമല്ലെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ കേസില്‍ വിദഗ്ധ സമിതി പരിശോധിച്ച 29 ഫോണില്‍ അഞ്ചെണ്ണത്തിലും ചാര സോഫ്റ്റ്‌വെയര്‍ കണ്ടെത്തിയതായി സുപ്രീം കോടതി. എന്നാല്‍ ഇത് പെഗാസസ് സ്‌പൈവെയര്‍ ആണെന്നതിന് വ്യക്തമായ തെളിവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കേന്ദ്ര സര്‍ക്കാര്‍ അന്വേഷണത്തോട് സഹകരിച്ചില്ലെന്ന് സമിതി നിരീക്ഷിച്ചതായും ചീഫ് ജസ്റ്റിസ് എന്‍.വി രമണ വ്യക്തമാക്കി.

ചീഫ് ജസ്റ്റിസ് എന്‍.വി രമണ, ജസ്റ്റിസ് സൂര്യകാന്ത്, ഹിമ കോഹ്ലി എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേട്ടത്. സമിതി റിപ്പോര്‍ട്ട് എത്രമാത്രം പരസ്യമാക്കാനാവും എന്നത് വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നും കോടതി അറിയിച്ചു.

സമിതി റിപ്പോര്‍ട്ട് മൂന്ന് ഭാഗങ്ങളായാണ് സമര്‍പ്പിച്ചിരിക്കുന്നത്. സാങ്കേതിക സമിതിയുടെ രണ്ട് റിപ്പോര്‍ട്ടുകളും വിരമിച്ച ജഡ്ജി ജസ്റ്റിസ് ആര്‍.വി രവീന്ദ്രന്റെ മേല്‍നോട്ട സമിതിയുടെ ഒരു റിപ്പോര്‍ട്ടും ഇതില്‍ ഉള്‍പ്പെടുന്നു.

കഴിഞ്ഞ വര്‍ഷം പ്രതിപക്ഷ നേതാക്കള്‍, ആക്ടിവിസ്റ്റുകള്‍, ജഡ്ജിമാര്‍, പത്രപ്രവര്‍ത്തകര്‍ എന്നിവരെ നിരീക്ഷിക്കാന്‍ കേന്ദ്രം പെഗാസസ് സ്‌പൈവെയര്‍ ഉപയോഗിച്ചതായി ആരോപണം ഉയര്‍ന്നിരുന്നു. ഇസ്രായേലി സ്‌പൈവെയര്‍ ഇന്ത്യയില്‍ ടാര്‍ഗെറ്റഡ് നിരീക്ഷണത്തിനായി ഉപയോഗിച്ചോ എന്ന് അന്വേഷിക്കാന്‍ സുപ്രീം കോടതി വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തുകയായിരുന്നു.

ജസ്റ്റിസ് ആര്‍.വി രവീന്ദ്രന്‍ നേതൃത്വം നല്‍കുന്ന സമിതിയില്‍ റോ മുന്‍ മേധാവി അലോക് ജോഷി, സൈബര്‍ സുരക്ഷ വിദഗ്ദ്ധന്‍ ഡോ. സുദീപ് ഒബ്രോയ് എന്നിവരാണ് അംഗങ്ങള്‍. ഈ സമിതിക്ക് സാങ്കേതിക ഉപദേശം നല്‍കുന്നതിന് ഡോ. നവീന്‍ കുമാര്‍ ചൗധരി, ഡോ. പി പ്രഭാകരന്‍, ഡോ. അശ്വിന്‍ അനില്‍ ഗുമസ്തെ എന്നിവരടങ്ങിയ മറ്റൊരു സമിതിക്കും സുപ്രീം കോടതി രൂപം നല്‍കിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.