ഓസ്‌ട്രേലിയയില്‍ മലയാളി ബാലിക ചികിത്സ കിട്ടാതെ മരിച്ച സംഭവം; കൊറോണർക്കു മുൻപാകെ ഹാജരായി മാതാപിതാക്കൾ

ഓസ്‌ട്രേലിയയില്‍ മലയാളി ബാലിക ചികിത്സ കിട്ടാതെ മരിച്ച സംഭവം; കൊറോണർക്കു മുൻപാകെ ഹാജരായി  മാതാപിതാക്കൾ

പെര്‍ത്ത്: പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയില്‍ മലയാളി ബാലിക ചികിത്സ ലഭിക്കാതെ ആശുപത്രിയില്‍ മരിച്ച സംഭവത്തില്‍ മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തി പടിഞ്ഞാറന്‍ ഓസ്‌ട്രേലിയ കൊറോണര്‍. ഏഴു വയസുകാരിയായ ഐശ്വര്യ അശ്വതിന്റെ മരണത്തിലേക്ക് നയിച്ച കാരണങ്ങള്‍ കണ്ടെത്താനുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് മാതാപിതാക്കളായ അശ്വത്തും പ്രസീതയും കോടതിയില്‍ ഹാജരായത്. കഴിഞ്ഞ ദിവസമാണ് സംഭവത്തില്‍ കൊറോണര്‍ അന്വേഷണം ആരംഭിച്ചിരിക്കുന്നത്.


അന്വേഷണത്തിന്റെ ഭാഗമായി ഐശ്വര്യയെ പരിചരിച്ച നഴ്സുമാരില്‍ നിന്നും ഡോക്ടര്‍മാരില്‍ നിന്നും മൊഴി എടുക്കുന്നതു തുടരുകയാണ്. സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള പെര്‍ത്ത് ചില്‍ഡ്രന്‍സ് ആശുപത്രി ജീവനക്കാര്‍ക്കെതിരെ സര്‍ക്കാര്‍ സ്വീകരിച്ച നടപടിയും കൊറോണറുടെ അന്വേഷണത്തില്‍ ഉള്‍പ്പെടുമെന്നാണ് സൂചന.

കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മൂന്നിന് അത്യാഹിത വിഭാഗത്തില്‍ കടുത്ത പനിയുമായി പെര്‍ത്ത് ചില്‍ഡ്രന്‍സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഐശ്വര്യ മണിക്കൂറുകള്‍ക്കകം മരണത്തിനു കീഴടങ്ങുകയായിരുന്നു. ആശുപത്രി ജീവനക്കാരുടെ വീഴ്ച്ച മൂലമാണ് ഐശ്വര്യ മരിച്ചതെന്ന് മാതാപിതാക്കള്‍ ആരോപണമുന്നയിച്ചത് സംസ്ഥാനത്ത് വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. ജീവനക്കാരുടെ അനാസ്ഥ സ്ഥിരീകരിച്ച ആരോഗ്യമന്ത്രി കുട്ടിയുടെ മാതാപിതാക്കളോട് പരസ്യമായി മാപ്പും ചോദിച്ചിരുന്നു.

പരിശീലനം ലഭിച്ച ജീവനക്കാരായിട്ടും ഐശ്വര്യയുടെ ഗുരുതരാവസ്ഥ മുന്‍കൂട്ടി തിരിച്ചറിയാതിരുന്നതും മാതാപിതാക്കളുടെ ആശങ്കകള്‍ പരിഗണിക്കാതിരുന്നതും എന്തുകൊണ്ടാണെന്നും അന്വേഷിക്കും. ഐശ്വര്യയുടെ ഫ്രെയിം ചെയ്ത ഫോട്ടോയുമായാണ് അമ്മ പ്രസീത ശശിധരനും അച്ഛന്‍ അശ്വത് ചവിട്ടുപാറയും ഇന്ന് കോടതിയില്‍ ഹാജരായത്. മകളുടെ അവസാന നിമിഷങ്ങളുടെ സിസിടിവി ദൃശ്യങ്ങള്‍ കാണിച്ചപ്പോള്‍ അതു താങ്ങാനാവാതെ മാതാപിതാക്കള്‍ കോടതിയില്‍നിന്നു പുറത്തിറങ്ങി.

ഐശ്വര്യയുടെ മരണവുമായി ബന്ധപ്പെട്ട് നേരത്തെ രണ്ട് അന്വേഷണങ്ങള്‍ സര്‍ക്കാര്‍ നേരത്തെ നടത്തിയിരുന്നു. പെണ്‍കുട്ടിയുടെ മരണത്തില്‍ ആശുപത്രിയുടെ ഭാഗത്തു നിന്ന് ഗുരുതര വീഴ്ചയുണ്ടായിട്ടുണ്ടെന്ന ആരോഗ്യവകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ടും നേരത്തെ പുറത്തു വന്നിരുന്നു.

2021 ഏപ്രില്‍ മൂന്നിന് അത്യഹിത വിഭാഗത്തിലെത്തിയ ഐശ്വര്യ രണ്ട് മണിക്കൂറിലേറെ കാത്തിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. അടിയന്തര പരിചരണം ആവശ്യമില്ലെന്ന നഴ്‌സിന്റെ വിലയിരുത്തലിനെ തുടര്‍ന്നാണ് ചികിത്സക്കായി മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വന്നത്.

ഏറ്റവും പ്രാധാന്യം കുറഞ്ഞ രണ്ടാമത്തെ കേസായാണ് ഐശ്വര്യയെ പരിഗണിച്ചതെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. കുട്ടിയുടെ ആരോഗ്യ നില ചൂണ്ടിക്കാട്ടി അമ്മ പ്രസീത ശശിധരന്‍ ആവര്‍ത്തിച്ചാവശ്യപ്പെട്ടിട്ടും ചികിത്സ ലഭിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍ എല്ലാ മാതാപിതാക്കളും കുട്ടികളുടെ കാര്യത്തില്‍ ആശങ്കപ്പെടാറുണ്ടെന്നാണ് സംഭവത്തില്‍ ഉള്‍പ്പെട്ട നഴ്‌സ് അന്വേഷണ സമിതിയോട് പറഞ്ഞത്.

സ്ട്രെപ്റ്റോക്കോക്കസ് എ ബാക്ടീരിയ ബാധ മൂലമുള്ള ഗുരുതരപ്രശ്നങ്ങളെത്തുടര്‍ന്നാണ് ഐശ്വര്യ മരിച്ചത് എന്നാണ് അന്വേഷണ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്.

ഇക്കാര്യം സമയത്ത് കണ്ടെത്തുന്നതിലും ഡോക്ടര്‍മാരെ അറിയിക്കുന്നതിലുമുണ്ടായ വീഴ്ച മരണകാരണമായിട്ടുണ്ടാകാം എന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26