ജിദ്ദ: ജിദ്ദയിലെ മലയാളി കൂട്ടായ്മകൾക്കും കോൺസുലേറ്റിനും ഇടയിൽ നല്ല സൗഹൃദങ്ങൾക്ക് വഴിയൊരുക്കിയ ബോബി മാനാട്ട് തന്റെ രണ്ടര പതിറ്റാണ്ട് നീളുന്ന പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങി.
1996 ൽ റിയാദിലെത്തിയ കോട്ടയം അതിരമ്പുഴ സ്വദേശി ബോബി സേവിയർ ജിദ്ദ കോൺസുലേറ്റിൽ അക്കൗണ്ട്സ് വിഭാഗത്തിൽ ചുമതലയേറ്റു. ഈ കാലയളവിലാണ് കോൺസുലേറ്റിൽ ആദ്യമായി വൈവിധ്യമാർന്ന ആഘോഷത്തിന് വേദിയൊരുങ്ങിയത്. ബോബിയുടെ ശ്രമ ഫലമായാണ് കോൺസുലേറ്റിലെ ഉയർന്ന ഉദ്യോഗസ്ഥരെക്കൊണ്ട് ദേശീയോത്സവമായ ഓണം ചരിത്രത്തിൽ ആദ്യമായി കോൺസുലേറ്റിൽ ആഘോഷിക്കാൻ അനുമതി നേടിയെടുത്തത്. അതിനാൽ തന്നെ ജിദ്ദയിലെ പ്രവാസികൾ എന്നും നന്ദിയോടെ ഓർക്കുന്ന പേരാണ് ബോബിയുടേത്.
മലയാളി കൂടിയായ ഇന്ത്യൻ അംബാസഡർ ഡോക്ടർ ജോർജ് ജോസഫിന്റെ സേവന കാലത്താണ് 1996 ൽ കാേൺസുലേറ്റിൽ വിപുലമായ രീതിയിൽ ഓണസദ്യയും ഓണപ്പാട്ടും കലാപരിപാടികളും അരങ്ങേറിയത്. പിന്നീട് വർഷം തോറും ഇത് നടത്തി വന്നു. തുടർന്ന് തമിഴ് നാട്ടുകാരനായ കാേൺസൽ ജനറൽ ബി.എസ് മുബാറക്കിന്റെ കാലത്ത് അദ്ദേഹം തന്റെ ഔദ്യോഗിക വസതി തന്നെ ഓണാഘോഷത്തിനായി മലയാളികൾക്ക് വിട്ടു നൽകി. ഓണക്കോടിയുടുത്ത് വന്ന കോൺസൽ ജനറൽമാർ ജിദ്ദയിലെ ഇന്ത്യക്കാർക്ക് കൗതുക കാഴ്ചയായിരുന്നു.
ഇക്കഴിഞ്ഞ ക്രിസ്മസ് ദിനാഘോഷവും കോൺസുലേറ്റ് അങ്കണത്തിൽ ഉത്സവ അന്തരീക്ഷത്തിൽ നടക്കാൻ നിമിത്തമായതിന്റെ പിന്നിലും ബോബി മുൻകൈ എടുത്തിരുന്നു. ക്രിസ്മസ് അപ്പൂപ്പനെ കാണാൻ അതിഥികളായ സൗദിക്കാരും കോൺസുലേറ്റിൽ എത്തി.
അഡ്മിനിസ്ട്രേഷൻ സ്റ്റാഫ് അംഗമായിരിക്കുമ്പോൾ വിവിധ കാലയളവുകളിലായി കോണ്‍സല്‍ ജനറൽമാരായി വന്ന ഒമ്പത് മേധാവികൾക്കും ജിദ്ദയിലെ വലിയൊരു വിഭാഗം വരുന്ന മലയാളി പ്രവാസികൾക്കുമിടയിൽ സ്നേഹ സേവനങ്ങളുടെ പാലം പണിയാൻ ബോബിക്ക് കഴിഞ്ഞു. ഏറ്റവും ഒടുവിൽ ഹജ്ജ് വിഭാഗത്തിലെ വിശിഷ്ട സേവനത്തിന് ശേഷമാണ് ബോബി കോൺസുലേറ്റിൽ നിന്ന് വിടവാങ്ങിയത്.
ഇന്ത്യൻ വെൽഫെയർ ഫോറത്തിന്റെ കോർഡിനേറ്റർ, ഇന്ത്യ ഫോറം ലൈസൻസ് ഒഫീഷ്യൽ എന്നീ നിലകളിലും ബോബി പ്രവർത്തിച്ചു. കേരള കലാസാഹിതി, മൈത്രി, കോട്ടയം ഡിസ്ട്രിക്ട് പ്രവാസി അസോസിയേഷൻ എന്നീ സംഘടനകളിലും സജീവമായിരുന്നു.
മലയാളി സംഘടന, മലയാളി മാധ്യമപ്രവർത്തകർ എന്നിവരുമായി നല്ല അടുപ്പം സൂക്ഷിക്കുകയും കലാപരിപാടികൾ നടത്തുന്നതിന് മലയാളി കൂട്ടായ്മകൾക്കാവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്യുന്നതിൽ ബോബി മുൻനിരയിൽ നിന്ന് പ്രവർത്തിച്ചു. ലോകമെങ്ങുമുള്ള ചങ്ങനാശേരി ഭാഗത്തെ പ്രവാസികളുടെ സംഘടനയായ പ്രവാസി അപ്പസ്തോലേറ്റിന്റെ സൗദി ചാപ്റ്റർ നിർവാഹക സമിതി അംഗവുമാണ് ബോബി.
മാന്നാനം കെ.ഇ കോളേജിലെയും കോട്ടയം ബസേലിയസ് കോളേജിലെയും പൂർവ്വ വിദ്യാർത്ഥിയാണ് ബോബി. ഭാര്യ സിനി 14 വർഷമായി ജിദ്ദ കിംഗ് ഫൈസൽ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിന്റെ പീഡിയാട്രിക് ഐസിയുവിൽ നേഴ്സായി സേവനമനുഷ്ഠിക്കുകയായിരുന്നു. വിദ്യാർത്ഥികളായ ഡാസ്ലി ബോബി, ഡാർലിക് ബോബി എന്നിവർ മക്കളാണ്. ഇന്നലെ രാത്രി ബോബിയും കുടുംബവും സൗദിയിൽ നിന്ന് കൊച്ചിയിലേക്ക് മടങ്ങി.
ചങ്ങനാശേരി അതിരൂപതാ പ്രവാസി അപ്പസ്തോലേറ്റിന്റെ സൗദി ചാപ്റ്റർ എക്സിക്യൂട്ടീവ് അംഗമായിരുന്ന ബോബിക്ക് പ്രവാസി അപ്പസ്തോലേറ്റിന്റെ പേരിൽ യാത്രയയപ്പ് നൽകി. ഡയറക്ടർ ഫാ. റ്റെജി പുതുവീട്ടിക്കളം, ഫാ. ജിജോ മാറാട്ടുകുളം, സൗദി ചാപ്റ്റർ കോഡിനേറ്റർ സജീവ് ചക്കാലക്കൽ, ഗ്ലോബൽ കോഡിനേറ്റർ ജോ കാവാലം, സൗദി എക്സിക്യൂട്ടീവ് അംഗം മാത്യു നെല്ലുവേലി എന്നിവർ ആശംസ പ്രസംഗങ്ങൾ നടത്തി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.