ചരിത്രം കുറിക്കാനൊരുങ്ങി ഐഎന്‍എസ് വിക്രാന്ത്; മികച്ച ശേഷിയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും

ചരിത്രം കുറിക്കാനൊരുങ്ങി ഐഎന്‍എസ് വിക്രാന്ത്; മികച്ച ശേഷിയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും

ന്യൂഡല്‍ഹി: വിമാനവാഹിനി കപ്പലായ ഐഎന്‍എസ് വിക്രാന്ത് രാജ്യത്തിന് സമര്‍പ്പിക്കുന്നതോടെ മികച്ച ശേഷിയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും ഇടം നേടും. 40,000 ടണ്ണിന് മുകളിലുള്ള വിമാനവാഹിനിക്കപ്പലുകള്‍ രൂപകല്‍പ്പന ചെയ്യാനും നിര്‍മ്മിക്കാനും കഴിവുള്ള രാജ്യങ്ങളുടെ തിരഞ്ഞെടുത്ത ക്ലബ്ബിലാണ് ഇന്ത്യയും പങ്കാളിയാവുക.

യു.എസ്, യു.കെ, റഷ്യ, ചൈന, ഫ്രാന്‍സ് എന്നീ രാജ്യങ്ങളാണ് ഇതിന് മുന്‍പ് പട്ടികയില്‍ ഇടം നേടിയത്.

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യത്തെ വിമാനവാഹിനി കപ്പലാണ് ഐഎന്‍എസ് വിക്രാന്ത്. പ്രധാന മന്ത്രി നരേന്ദ്ര മോഡിയാകും കപ്പല്‍ രാജ്യത്തിന് സമര്‍പ്പിക്കുന്നത്. സെപ്റ്റംബര്‍ രണ്ടിന് കൊച്ചിയിലാണ് വിമാനവാഹിനിക്കപ്പല്‍ വിക്രാന്ത് കമ്മീഷന്‍ ചെയ്യുകയെന്ന് നേവി വൈസ് അഡ്മിറല്‍ എസ്എന്‍ ഘോര്‍മാഡെ പറഞ്ഞു.

ഐഎന്‍എസ വിക്രാന്തില്‍ 1,700 ഓളം ആളുകള്‍ക്ക് വേണ്ടി രൂപകല്‍പ്പന ചെയ്ത 2,200 കമ്പാര്‍ട്ടുമെന്റുകളാണ് ഉള്ളത്. വനിതാ ഓഫീസര്‍മാരെയും വനിതാ അഗ്നിവീര്‍ നാവികരെയും ഉള്‍ക്കൊള്ളിക്കുന്നതിനായി പ്രത്യേക ക്യാബിനുകളും കപ്പലില്‍ സജ്ജമാക്കിയിട്ടുണ്ടെന്ന് നാവികസേന വ്യക്തമാക്കി.

നാല് ഘട്ടങ്ങളിലായാണ് കപ്പലിന്റെ പരീക്ഷണ ഓട്ടം പൂര്‍ത്തികരിച്ചത്. തുറമുഖ, ഷിപ്പിങ്, ജലപാത മന്ത്രാലയത്തിന് കീഴിലുള്ള പൊതുമേഖലാ കപ്പല്‍ശാലയായ കൊച്ചിന്‍ ഷിപ്പിയാര്‍ഡ് ലിമിറ്റഡില്‍ (സിഎസ്എല്‍) നിന്ന് ജൂലൈ 28ന് പരീക്ഷണ ഓട്ടത്തിന്റെ അവസാനത്തെ ഘട്ടം വിജയകരമായി പൂര്‍ത്തിയാക്കി.

2009ലാണ് കപ്പലിന്റെ നിര്‍മ്മാണം ആരംഭിച്ചത്. അംബാല, ദാമന്‍, കൊല്‍ക്കത്ത, ജലന്ധര്‍, കോട്ട, പൂനെ, ന്യൂഡല്‍ഹി എന്നിവയുള്‍പ്പടെ 18 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും വിക്രാന്തിനായി ഉപകരണങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ടെന്ന് നാവികസേനാ വൈസ് ചീഫ് പറഞ്ഞു.

സമുദ്ര മേഖലയില്‍ ഇന്ത്യയുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതിനും നാവിക സേനയുടെ വിവിധ അന്വേഷണങ്ങള്‍ക്കും വിമാനവാഹിനിക്കപ്പല്‍ സഹായകമാകുമെന്നും നാവികസേന അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.