തിരുവനന്തപുരം: കേരളത്തിലെ ചെറുപ്പക്കാര്‍ സംസ്ഥാനം വിട്ട് പോകാന്‍ കാരണം സര്‍ക്കാരും സര്‍ക്കാര്‍ സംവിധാനങ്ങളും ആണെന്ന് വ്യക്തമാക്കി മാത്യു കുഴല്‍നാടന്‍ എംഎല്‍എ. നിയമസഭയില്‍ യുവജനങ്ങളുടെ ശബ്ദമായി, ഉന്നത പഠനങ്ങളിലും തൊഴില്‍ മേഖലകളിലും ചെറുപ്പക്കാര്‍ നേരിടുന്ന പ്രതിസന്ധിയും വെല്ലുവിളികളും സഭയില്‍ അവതരിപ്പിച്ചതിന്റെ വീഡിയോ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. ഉപരി പഠനത്തിനും തൊഴിലിനുമായി വിദേശത്തേയ്ക്ക് പോകുന്ന ചെറുപ്പക്കാരുടെ എണ്ണം സംസ്ഥാനത്ത് വര്‍ധിച്ചു വരികയാണ്. ഇത് കേരളത്തില്‍ വലിയ പ്രതിസന്ധിക്ക് കാരണമാകുമെന്ന് മാത്യു കുഴല്‍നാടന്‍ ഓര്‍മ്മിപ്പിച്ചു.
എഞ്ചിനീയറിങും നഴ്സിങും കഴിഞ്ഞ് പുറത്ത് ഇറങ്ങുന്ന ചെറുപ്പക്കാര്‍ക്ക് എത്ര രൂപയാണ് ശമ്പളമായി ലഭിക്കുന്നത്. ധനകര്യ മന്ത്രി അതിന് ഉത്തരം പറയമെന്നും അദ്ദേഹം പറഞ്ഞു. പതിനായിരം മുതല്‍ 14,000 രൂപ വരെയാണ് ഇവര്‍ക്ക് ലഭിക്കുന്നത്. അതേസമയം ഇവിടുത്തെ അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് ലഭിക്കുന്ന വേതനം അതിന്റെ ഇരട്ടിയാണ്. ഇതിന്റെ പിന്നില്‍ വലിയ സാമൂഹ്യ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നും അദ്ദേഹം പറയുന്നു.
ചെയ്യുന്ന തൊഴിലിന് വരുമാനം ലഭിക്കാതെ വരുമ്പോള്‍ അവര്‍ മെച്ചപ്പെട്ട വരുമാനം ലഭിക്കുന്ന മറ്റു മേഖലകള്‍ തേടിപ്പോകുന്നു. അങ്ങനെ മയക്കുമരുന്നുകള്‍ക്ക് കൂടുതല്‍ മാര്‍ക്കറ്റുള്ള കേരളത്തില്‍ അവരും ഒരു ഇടം കണ്ടെത്തുന്നു. ചെറുപ്പക്കാരായ പെണ്‍കുട്ടികള്‍ അടക്കമുള്ളവരാണ് ഇതിന്റെ വാഹകരായി മാറുന്നത്. ഇവിടെ നല്ല മൂല്യമുള്ള തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ പറ്റിയിട്ടില്ല എന്നുണ്ടെങ്കില്‍ തീര്‍ച്ചയായും ഇവിടുത്തെ ചെറുപ്പക്കാര്‍ വഴി തെറ്റി പോകുമെന്ന കാര്യത്തില്‍ സംശയം വേണ്ടെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.
ഏറ്റവും കൂടുതല്‍ ഡിമാന്റുള്ള കോഴ്സാണ് നഴ്സിങ്. എന്നിട്ടും ഇവിടെ ഒരു സീറ്റു പോലും വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. എഞ്ചിനീയറിങ് മേഖലയിലും ഒരു കാലത്ത് ഇതു തന്നെയായിരുന്നു അവസ്ഥ. ഇത്തരം അവസരങ്ങളില്‍ കേരളത്തിലെ മുഴുവന്‍ ആളുകളും പോയി പഠിച്ചത് കേരളത്തിന് പുറത്താണ്. ഫീസ് ഇനത്തില്‍ വലിയൊരു തുക ആ സംസ്ഥാനങ്ങളിലേയ്ക്ക് പോയി. ആ ഒഴുക്ക് കഴിഞ്ഞപ്പോള്‍ ഇവിടെ മുഴുവന്‍ എഞ്ചിനീയറിങ് സീറ്റുകള്‍ ഉണ്ടാക്കി. ഇപ്പോള്‍ മുപ്പതിനായിരവും നാല്‍പതിനായിരവും സീറ്റുകള്‍ ഒഴിഞ്ഞ് കിടക്കുന്ന അവസ്ഥ. ആര്‍ക്കു വേണം ഇപ്പോള്‍ സീറ്റ്. ബസ് പോയിക്കഴിഞ്ഞിട്ട് കൈ കാണിക്കുക, വെള്ളം ഒഴുകി പോയതിനു ശേഷം തടകെട്ടുക എന്നു പറഞ്ഞതുപോലെ ഉള്ള പണികളാണ് സംസ്ഥാനത്ത് നടക്കുന്നത്.
പിള്ളേരെല്ലാം വിദേശത്ത് പോകുന്നു. നമ്മള്‍ കണ്ണടച്ച് ഇരുട്ടാക്കിയിട്ട് കാര്യമില്ല. കാരണം ഇവിടുത്തെ ക്യാമ്പസുകളെ കുട്ടികള്‍ ഉപേക്ഷിക്കുകയാണ്. ഏകദേശം എട്ട് ലക്ഷം രൂപ മുതല്‍ 48 ലക്ഷം രൂപ വരെ ബാങ്ക് വായ്പ എടുത്ത് ചെറുപ്പക്കാര്‍ വിദേശത്ത് പോകുന്നു.
ഈ കൊഴിഞ്ഞു പോക്ക് കേരളത്തില്‍ മറ്റൊരു പ്രതിസന്ധി സൃഷ്ടിക്കുമെന്നും മാത്യു കുഴല്‍നാടന്‍ ഓര്‍മ്മപ്പെടുത്തി. കേരളം അഭിമുഖീകരിക്കാന്‍ പോകുന്ന അടുത്ത വെല്ലുവിളി ചെറുപ്പക്കാരുടെ കുറവായിരിക്കും. ഇന്ന് ഇസ്രായേലില്‍ ഏറ്റവും കൂടുതല്‍ സാധ്യത ചെറുപ്പക്കാരായ നഴ്സുമാര്‍ക്കാണ്. കാരണം അവിടുത്തെ പ്രായം ചെന്നവരെ നോക്കാന്‍ ആളില്ല. അവിടെ നഴ്സുമാര്‍ക്ക് നല്ല വേതനം കിട്ടും. അവിടെ ചെറുപ്പക്കാരുടെ എണ്ണവും കുറവാണ്. അതിനാല്‍ പ്രായം ചെന്നവരെ നോക്കാന്‍ ആളില്ലാത്ത അവസ്ഥ. കേരളവും അങ്ങനെയൊരവസ്ഥയിലേയ്ക്ക് പൊയ്ക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പന്ത്രണ്ടാം ക്ലാസ് കഴിയുന്ന കേരളത്തിലെ ഒരു ശരാശരി കുട്ടിയുടെ മാനസികാവസ്ഥ എങ്ങനെ സംസ്ഥാനത്തിന് പുറത്ത് പോകാം അല്ലെങ്കില്‍ എങ്ങനെ മറ്റൊരു രാജ്യത്തേയ്ക്ക് തൊഴില്‍ തേടി പോകാം എന്നാണ്. അതിനുള്ള പരിശ്രമത്തിലാണ് ഓരോ കുട്ടിയും. കാരണം ഇവിടെ ആകര്‍ഷണീയമായ തൊഴില്‍ സംവിധാനം സൃഷ്ടിക്കപ്പെടുന്നില്ല. ഇവിടുത്തെ ഉന്നത വിദ്യാഭ്യാസ മേഖല വളരെ മികച്ചതാണെന്നാണ് മന്ത്രി പറയുന്നത്. അങ്ങനെ ഒരു സാധ്യത ഇവിടെ ഉണ്ടെങ്കില്‍ കുട്ടികള്‍ വിദേശ രാജ്യങ്ങള്‍ തേടിപ്പോകുമോ എന്നും അദ്ദേഹം ചോദിച്ചു.
മന്ത്രി കെ. എന്‍ ബാലഗോപാലിനോട് ധനകാര്യ മന്ത്രി എന്ന നിലയില്‍ എന്ത് കാര്യമാണ് ഈ മേഖലയില്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. കാരണം ഈ മേഖലയില്‍ കുറച്ച് കൂടി മെച്ചപ്പെട്ട സാമ്പത്തിക സംവിധാനം ഉണ്ടാവണമെന്ന് അദ്ദേഹം ആവര്‍ത്തിച്ച് വ്യക്തമാക്കി. നമ്മുടെ ചെറുപ്പക്കാരെ നഷ്ടപ്പെടുത്താതെ ചേര്‍ത്തു നിര്‍ത്താന്‍ മികച്ച അവസരവും മെച്ചപ്പെട്ട സാമ്പത്തികവും സൃഷ്ടിച്ചേ മതിയാകൂ എന്ന് കുഴല്‍നാടന്‍ സര്‍ക്കാരിനെ ഓര്‍മ്മപ്പെടുത്തി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.