ഗുലാം നബി പുതിയ പാര്‍ട്ടി രൂപീകരിക്കും: രാജി സാഹചര്യം ഒഴിവാക്കാമായിരുന്നുവെന്ന് ആനന്ദ് ശര്‍മ്മ; ആസാദ് വലിയ നേതാവായത് കോണ്‍ഗ്രസിലൂടെയെന്ന് ഗെലോട്ട്

 ഗുലാം നബി പുതിയ പാര്‍ട്ടി രൂപീകരിക്കും: രാജി സാഹചര്യം ഒഴിവാക്കാമായിരുന്നുവെന്ന് ആനന്ദ് ശര്‍മ്മ;  ആസാദ് വലിയ നേതാവായത് കോണ്‍ഗ്രസിലൂടെയെന്ന് ഗെലോട്ട്

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച് കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചതിന് പിന്നാലെ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ച് ഗുലാം നബി ആസാദ്.

ബിജെപിയിലേക്ക് പോകുമെന്ന അഭ്യൂഹങ്ങള്‍ തള്ളിക്കളഞ്ഞുകൊണ്ടാണ് അദ്ദേഹം പുതിയ പാര്‍ട്ടിയുണ്ടാക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. രാജിക്കു പിന്നാലെ ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

താന്‍ ജമ്മു കാശ്മീരിലേക്ക് പോവുകയാണ്. അവിടെ സ്വന്തം പാര്‍ട്ടി രൂപവത്കരിക്കുമെന്നും ദേശീയ സാധ്യത പിന്നീട് പരിശോധിക്കുമെന്നും ആസാദ് പറഞ്ഞു. ആസാദിന്റെ രാജിക്കു പിന്നാലെ ജമ്മു കാശ്മീരിലെ അദ്ദേഹത്തിന്റെ അനുയായികളും കോണ്‍ഗ്രസ് വിട്ടു.

നേരത്തെ ജമ്മു കശ്മീരിലെ കോണ്‍ഗ്രസ് പ്രചാരണ സമിതി അധ്യക്ഷ സ്ഥാനത്തേക്ക് നിയോഗിച്ച് മണിക്കൂറുകള്‍ക്കം ഗുലാം നബി ആസാദ് രാജി വെച്ചിരുന്നു. തന്നെ തരം താഴ്ത്തുന്നതിന് തുല്യമാണ് ഈ പദവിയിലേക്ക് നിയോഗിച്ചതെന്ന് ആരോപിച്ചായിരുന്നു രാജി.

തന്റെ അടുത്തയാളായ ഗുലാം അഹമ്മദ് മിറിനെ പാര്‍ട്ടി സംസ്ഥാന അധ്യക്ഷ സ്ഥാനത്തു നിന്ന് നീക്കിയത് ഗുലാം നബി ആസാദിനെ ചൊടിപ്പിച്ചിരുന്നു. ദീര്‍ഘനാളായി ജമ്മു കാശ്മീര്‍ കോണ്‍ഗ്രസില്‍ തുടരുന്ന പോരിനെ തുടര്‍ന്നാണ് വികാര്‍ റസൂല്‍ വന്നിയെ പിസിസി അധ്യക്ഷ സ്ഥാനത്ത് പാര്‍ട്ടി നിയമിച്ചത്.

ഇതിനിടെ ആസാദിന്റെ നീക്കത്തിന് പിന്നാലെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ പരോക്ഷ വിമര്‍ശനവുമായി ജി 23 നേതാക്കളില്‍ ഒരാളായ ആനന്ദ് ശര്‍മ്മ രംഗത്തെത്തി. ഒഴിവാക്കാമായിരുന്ന സാഹചര്യമായിരുന്നുവെന്നും പ്രശ്നങ്ങള്‍ ഉന്നയിക്കുമ്പോള്‍ അതില്‍ ചര്‍ച്ചകളും നടപടികളുമുണ്ടാകുമെന്നാണ് കരുതിയതെങ്കിലും അതുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് ഇപ്രകാരം തകരുന്നതില്‍ സങ്കടവും ഒപ്പം ഭയവുമുണ്ടെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ ഒമര്‍ അബ്ദുള്ള പ്രതികരിച്ചു. സമീപകാലത്ത് കോണ്‍ഗ്രസ് വിട്ട നേതാക്കളില്‍ ഏറ്റവും പ്രമുഖനായ വ്യക്തിയാണ് ഗുലാം നബി ആസാദെന്നും അബ്ദുള്ള കൂട്ടിച്ചേര്‍ത്തു.

അതേസമയം ഗുലാം നബി ആസാദിനെ പോലെയുള്ള ഒരു നേതാവിന്റെ ഈ നടപടിയെ കുറിച്ച് പ്രതികരിക്കാന്‍ തനിക്ക് വാക്കുകള്‍ കിട്ടുന്നില്ലെന്നാണ് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് അഭിപ്രായപ്പെട്ടത്. കോണ്‍ഗ്രസ് അദ്ദേഹത്തിന് എല്ലാം നല്‍കി.

ഇന്ന് അദ്ദേഹം അറിയപ്പെടുന്ന നേതാവായത് പോലും കോണ്‍ഗ്രസ് പാര്‍ട്ടി കാരണമാണ്. ഇന്നത്തെ വലിയ നേതാവായി ഗുലാം നബി ആസാദ് ആയി മാറിയതിന് കാരണം ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി, സോണിയ ഗാന്ധി എന്നിവരാണെന്നും ഗെലോട്ട് പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.