തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ വെള്ളിയാഴ്ച മന്ത്രിസ്ഥാനം രാജിവെക്കും. പുതിയ മന്ത്രി ആരെന്ന് വെള്ളിയാഴ്ച ചേരുന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിക്കും. മന്ത്രിസഭയില്‍ വിപുലമായ അഴിച്ചുപണിയും സജിചെറിയാന് പകരം പുതിയ മന്ത്രിയും ഉടന്‍ ഉണ്ടാകില്ല.
മന്ത്രിസഭാ പുനസംഘടന സംബന്ധിച്ച് തീരുമാനമെടുക്കാന്‍ സംസ്ഥാന സെക്രട്ടേറിയറ്റിനെ കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാന സമിതി യോഗം ചുമതലപ്പെടുത്തിയിരുന്നു. വലിയ അഴിച്ചുപണി മന്ത്രിസഭയിലുണ്ടാകില്ലെന്നാണ് നേതാക്കള്‍ നല്‍കുന്ന സൂചന.
ഗോവിന്ദനു പകരം പുതിയ ഒരാളെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുകയും വകുപ്പുകള്‍ പുനസംഘടിപ്പിക്കുകയും ചെയ്യും. തദ്ദേശ-എക്‌സൈസ് വകുപ്പുകളാണ് ഗോവിന്ദന്‍ കൈകാര്യം ചെയ്യുന്നത്. ഇത് വിഭജിക്കുന്നതിനനുസരിച്ച് മറ്റുമന്ത്രിമാരുടെ വകുപ്പുകളിലും മാറ്റമുണ്ടാകും.
വി. ശിവന്‍കുട്ടി മന്ത്രിസ്ഥാനത്തു നിന്ന് മാറുന്നുണ്ടെങ്കില്‍ മാത്രമാകും കാര്യമായ പുനസംഘടന മന്ത്രിസഭയിലുണ്ടാകുക. മാറുകയാണെങ്കില്‍ ശിവന്‍കുട്ടി തിരുവനന്തപുരം ജില്ലാസെക്രട്ടറിയാകാനാണ് സാധ്യത. കെ.കെ ശൈലജയ്ക്ക് മന്ത്രിസ്ഥാനം നല്‍കുമെന്ന അഭ്യൂഹം പാര്‍ട്ടിക്കുള്ളില്‍ പോലും ശക്തമാണെങ്കിലും അതിന് സാധ്യതയില്ലെന്നാണ് നേതാക്കള്‍ പറയുന്നത്.
പൊതുതദ്ദേശ സര്‍വീസും പൊതുസ്ഥലംമാറ്റ രീതിയുമാണ് എം.വി ഗോവിന്ദന്‍ തദ്ദേശവകുപ്പില്‍ കൊണ്ടുവരാന്‍ ലക്ഷ്യമിട്ട പ്രധാന പരിഷ്‌കാരങ്ങള്‍. പൊതുതദ്ദേശ സര്‍വീസിനുള്ള ബില്ല് ബുധനാഴ്ച സഭയില്‍ പാസാക്കുന്നതോടെ ആ ലക്ഷ്യം പൂര്‍ത്തിയാകും. തദ്ദേശവകുപ്പില്‍ മൂന്നു വര്‍ഷം ഒരേ സ്ഥലത്ത് സേവനം പൂര്‍ത്തിയാക്കിയവരെ ഉള്‍പ്പെടുത്തി പൊതുസ്ഥലം മാറ്റം നടപ്പാക്കണമെന്നാണ് ഗോവിന്ദന്‍ നിര്‍ദേശിച്ചത്. ഇതിനുള്ള നടപടി രണ്ടു ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കി ഉത്തരവിറക്കും. വെള്ളിയാഴ്ചയോടെ എല്ലാ ഔദ്യോഗികജോലികളും പൂര്‍ത്തിയാക്കാനുള്ള ക്രമീകരണമാണ് നടക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.