പരീക്ഷയ്ക്ക് മാര്‍ക്ക് കുറഞ്ഞു; കണക്ക് അധ്യാപകനെ വിദ്യാര്‍ഥികള്‍ മരത്തില്‍ കെട്ടിയിട്ട് തല്ലി!

പരീക്ഷയ്ക്ക് മാര്‍ക്ക് കുറഞ്ഞു; കണക്ക് അധ്യാപകനെ വിദ്യാര്‍ഥികള്‍ മരത്തില്‍ കെട്ടിയിട്ട് തല്ലി!

ഝാർഖണ്ഡ്: പരീക്ഷയ്ക്ക് മാർക്ക്‌ കുറച്ചെന്നാരോപിച്ച് കണക്ക് അധ്യാപകനെയും സ്കൂൾ ക്ലാർക്കിനെയും കുട്ടികൾ മരത്തിൽക്കെട്ടിയിട്ട്‌ തല്ലി. ഒമ്പതാം ക്ലാസിലെ പ്രായോഗിക പരീക്ഷയ്ക്ക് മാർക്ക് കുറഞ്ഞെന്ന് ആരോപിച്ചാണ് കുട്ടികൾ അധ്യാപകന് നേരെ തിരിഞ്ഞത്. ഝാർഖണ്ഡിലെ ദുംക ജില്ലയിൽ സർക്കാർ നടത്തുന്ന പട്ടികവർഗ റെസിഡൻഷ്യൽ സ്കൂളിൽ തിങ്കളാഴ്ചയാണ് സംഭവം.

32 വിദ്യാർഥികൾ പരീക്ഷയെഴുതിയതിൽ 11 പേർക്ക് ഡിഡി ഗ്രേഡാണ് കിട്ടിയത്. തോൽവിക്കു തുല്യമാണിത്. ഝാർഖണ്ഡ് അക്കാദമിക് കൗൺസിൽ (ജെ.എ.സി.) വെബ്സൈറ്റിൽ ഈ ഫലം പ്രസിദ്ധീകരിച്ചു. ഇതേത്തുടർന്നാണ് സുമൻ കുമാർ എന്ന അധ്യാപകനെയും സോനെറാം ചൗരെ എന്ന ക്ലാർക്കിനെയും വിദ്യാർഥികൾ മർദിച്ചത്. 

പ്രായോഗിക പരീക്ഷയിൽ സുമൻകുമാർ മാർക്ക് കുറച്ചിട്ടതിനാലാണ് തോറ്റതെന്ന് വിദ്യാർഥികൾ ആരോപിച്ചു. മാർക്ക് ജെ.എ.സി.യുടെ വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്തതിനാണ് ക്ലർക്കിനെ മർദിച്ചത്.

എന്നാൽ ഇരുവരും രേഖാമൂലം പരാതി നൽകിയിട്ടില്ലെന്നും കേസെടുത്തിട്ടില്ലെന്നും ഗോപികന്ദർ പോലീസ് സ്റ്റേഷന്റെ ചുമതലയുള്ള നിത്യാനന്ദ് ഭോക്ത പറഞ്ഞു. കുട്ടികളുടെ ഭാവിയെ ബാധിക്കുമെന്നു പറഞ്ഞ് സ്കൂൾ അധികൃതരും പരാതി നൽകിയിട്ടില്ല.

200 കുട്ടികളാണ് പട്ടികവർഗ റെസിഡൻഷ്യൽ സ്കൂളിൽ പഠിക്കുന്നത്. ഇവരിൽ ഭൂരിപക്ഷവും സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഭോക്തയ്ക്കൊപ്പം സ്കൂളിൽ അന്വേഷണത്തിനു ചെന്ന ഗോപികന്ദർ ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർ അനന്ത് ഝാ പറഞ്ഞു. സ്കൂളിലെ ക്രമസമാധാനം നിലനിർത്തുന്നതിന് ഒമ്പതും പത്തും ക്ലാസുകളിലെ അധ്യയനം രണ്ടു ദിവസത്തേക്ക് നിർത്തിവെച്ച് കുട്ടികളെ വീട്ടിലേക്കയച്ചു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.