ഫ്‌ളോറിഡ: സാങ്കേതിക തകരാറിനെതുടര്‍ന്ന് മാറ്റിവെച്ച നാസയുടെ ആര്‍ട്ടിമിസ് 1 ദൗത്യത്തിന്റെ ആദ്യ വിക്ഷേപണം ഇനി ശനിയാഴ്ച്ച നടക്കും. പ്രധാന എന്‍ജിനിലെ തകരാറിനെ തുടര്‍ന്ന് കഴിഞ്ഞ തിങ്കളാഴ്ച്ച കൗണ്ട്ഡൗണ്‍ നിര്‍ത്തി വച്ചിരുന്നു. അന്നത്തെ വിക്ഷേപണ ശ്രമത്തിനിടെ, റോക്കറ്റിന്റെ നാല് പ്രധാന എന്‍ജിനുകളില്‍ ഒന്ന് ലിഫ്റ്റ്ഓഫിന് മുമ്പ് വേണ്ടത്ര തണുപ്പിക്കാന്‍ കഴിയാതിരുന്നതാണ് വിക്ഷേപണ ശ്രമം ഉപേക്ഷിക്കാന്‍ കാരണം.
വിക്ഷേപണത്തിന് മുന്‍പായി താഴ്ന്ന താപനിലയിലേക്ക് എല്ലാ എന്‍ജിനുകളെയും എത്തിക്കേണ്ടതുണ്ട്. എന്നാല്‍, ഒരു എന്‍ജിനില്‍ ഇതു സാധിച്ചില്ല. എന്നാല്‍ പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചെന്നും വിക്ഷേപണം ശനിയാഴ്ച തന്നെ നടക്കുമെന്നും നാസ അറിയിച്ചു.
ശനിയാഴ്ച നടക്കുന്ന വിക്ഷേപണത്തില്‍ യാത്രികരാരും പോകുന്നില്ല. പരീക്ഷണാര്‍ഥമുള്ള ദൗത്യമായതിനാല്‍ റോക്കറ്റില്‍ യാത്രികരെ വഹിക്കുന്ന ഭാഗമായ ഓറിയോണില്‍ മനുഷ്യനു പകരം പാവകളെ ഇരുത്തിയാണ് നാസ ഈ ദൗത്യം നിരീക്ഷിക്കുന്നത്.
അതേസമയം, ശനിയാഴ്ച വിക്ഷേപണത്തിന് അനുയോജ്യമായ കാലാവസ്ഥയുണ്ടാകാന്‍ 40 ശതമാനം സാധ്യതയേ ഉള്ളൂ എന്നാണ് പ്രവചനം. ഇക്കാരണത്താല്‍ ശനിയാഴ്ചയും വിക്ഷേപണം നടക്കുമെന്ന് ഉറപ്പിക്കാനാവില്ല. മാത്രമല്ല, ചില സാങ്കേതിക പ്രശ്നങ്ങള്‍ ഇനിയും പരിഹരിക്കപ്പെട്ടിട്ടില്ലെന്നാണ് വിവരം.
വിശദമായ പരിശോധനകള്‍ക്കും അറ്റകുറ്റപണികള്‍ക്കുമായി നിര്‍മാണ ശാലയിലേക്കു കൊണ്ടുപോകാതെ 32 നില ഉയരമുള്ള വിക്ഷേപണ വാഹനമായ സ്പേസ് ലോഞ്ച് സിസ്റ്റവും ഓറിയോണ്‍ പേടകവും ലോഞ്ച് പാഡില്‍ തന്നെ നിലനിര്‍ത്താനാണ് നാസയുടെ തീരുമാനം.
പ്രതീക്ഷിച്ചപോലെ കാര്യങ്ങള്‍ നടന്നാല്‍, ശനിയാഴ്ച ഉച്ചയ്ക്ക് 2.17-ന് വിക്ഷേപണം നടക്കും. ആറാഴ്ച നീണ്ടുനില്‍ക്കുന്ന ദൗത്യമാണിത്.
ആദ്യഘട്ട ദൗത്യം വിജയിച്ചാല്‍ 2024-ല്‍ ബഹിരാകാശ യാത്രികര്‍ക്ക് വീണ്ടും ചന്ദ്രനിലേക്ക് യാത്ര തുടരാം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.