പാകിസ്ഥാനെ തകര്‍ത്ത് മഹാ പ്രളയം; സഹായം അഭ്യര്‍ത്ഥിച്ച് പാക് കത്തോലിക്ക മെത്രാന്മാര്‍

പാകിസ്ഥാനെ തകര്‍ത്ത് മഹാ പ്രളയം; സഹായം അഭ്യര്‍ത്ഥിച്ച് പാക് കത്തോലിക്ക മെത്രാന്മാര്‍

കറാച്ചി: പാകിസ്ഥാനില്‍ പ്രളയ കെടുതിക്കിരയായവര്‍ക്കായി അടിയന്തിര സഹായം അഭ്യര്‍ത്ഥിച്ച് കത്തോലിക്ക മെത്രാന്മാര്‍. മഹാ പ്രളയം മൂലം ദുരന്തത്തിനിരയായവര്‍ക്ക് അടിയന്തര സഹായം ആവശ്യമുണ്ടെന്നും കത്തോലിക്ക സഭയുടെ പേരില്‍ സുമനസ്‌കരായ ആളുകളുടെ സഹായം അഭ്യര്‍ത്ഥിക്കുകയാണെന്നും കറാച്ചി മെത്രാപ്പോലീത്ത മോണ്‍. ബെന്നി ട്രാവാസ് വ്യക്തമാക്കി.

പ്രളയബാധിതരായ കുടുംബങ്ങള്‍ക്ക് ടെന്റ്, അഭയ കേന്ദ്രങ്ങള്‍ക്കുള്ള കിറ്റുകള്‍, ഭക്ഷണം, സാനിട്ടറി ഐറ്റംസ്, വസ്ത്രം തുടങ്ങിയ മാനുഷിക സഹായങ്ങള്‍ ആവശ്യമുണ്ടെന്നും മെത്രാപ്പോലീത്ത ചൂണ്ടിക്കാട്ടി. കറാച്ചി ഉള്‍പ്പെടുന്ന സിന്ധി പ്രവിശ്യയിലും ബലൂചിസ്ഥാനിലും തെക്കന്‍ പഞ്ചാബിലുമാണ് പ്രളയം രൂക്ഷമായിരിക്കുന്നത്. പ്രളയത്തെ തുടര്‍ന്ന് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.

വിവിധ ഇടവകകള്‍, പൗര സംരക്ഷണ സമിതികള്‍, ജില്ലാ ഭരണകൂടങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നെല്ലാം നിരവധി സഹായാഭ്യര്‍ത്ഥനകളാണ് ലഭിച്ചു കൊണ്ടിരിക്കുന്നതെന്ന് കാരിത്താസ് പാകിസ്ഥാന്റെ ഡയറക്ടര്‍ കൂടിയായ ആര്‍ച്ച് ബിഷപ്പ് ട്രാവാസ് പറയുന്നു. കാരിത്താസ് സ്റ്റാഫ് ഈ അപേക്ഷകള്‍ പരിശോധിച്ച് വരികയാണ്.


പാകിസ്ഥാനിലെ ഹൈദരാബാദ് കത്തോലിക്ക രൂപതയിലെ 90 ശതമാനം പ്രദേശങ്ങളും പ്രളയത്തിനിരയായെന്നു ഹൈദരാബാദ് മെത്രാന്‍ സാംസണ്‍ ഷുക്കാര്‍ഡിന്‍ പറഞ്ഞു. രൂപതയിലെ പ്രളയക്കെടുതി അനുഭവിക്കുന്ന ആയിരങ്ങളുടെ സഹായത്തിനായി രാഷ്ട്രീയക്കാരും സഭാ മേലധികാരികളും അത്മായരും സര്‍ക്കാരേതര സന്നദ്ധ സംഘടനകളും സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും മുന്നോട്ട് വരുവാന്‍ താല്‍പര്യം കാണിക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

പ്രളയത്തിനിരയായ ചില പ്രദേശങ്ങള്‍ നേരിട്ട് സന്ദര്‍ശിച്ചപ്പോള്‍ ദേവാലയങ്ങളും ഇടവക കെട്ടിടങ്ങളും സ്‌കൂള്‍ കെട്ടിടങ്ങളും വെള്ളത്തില്‍ മുങ്ങി നശിച്ച് കിടക്കുന്ന കാഴ്ചകളും പട്ടിണി കിടക്കുന്ന ഭവനരഹിതരേയും പ്രിയപ്പെട്ടവരുടെ വിയോഗത്തില്‍ ദുഃഖിക്കുന്നവരെയുമാണ് കാണുവാന്‍ കഴിഞ്ഞതെന്നും ബിഷപ്പ് സാംസണ്‍ ഷുക്കാര്‍ഡിന്‍ പറഞ്ഞു.

വെള്ളപ്പൊക്കത്തില്‍ ആയിരത്തിലധികം പേരുടെ ജീവന്‍ നഷ്ടപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്നാണ് പാകിസ്ഥാന്‍ സര്‍ക്കാര്‍ പറയുന്നത്. മൂന്നു കോടിയിലേറെ പേരെ പ്രളയം ബാധിച്ചുവെന്നാണ് ദേശീയ ദുരന്ത നിവാരണ സമിതിയുടെ (എന്‍.ഡി.എം.എ) കണക്ക്. 2,18,000 വീടുകള്‍ നശിക്കുകയും 4,52,000 വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും 7,93,000 മൃഗങ്ങള്‍ ചത്തൊടുങ്ങുകയും 20 ലക്ഷം ഹെക്ടര്‍ കൃഷിഭൂമി നശിക്കുകയും ചെയ്തിട്ടുണ്ടെന്ന് എന്‍.ഡി.എം.എ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.