ലണ്ടന്‍: ഒരു മാസത്തിലേറെ നീണ്ട ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള വാശിയേറിയ മത്സരം ആവേശകരമായ അന്ത്യത്തിലേക്ക്. വെള്ളിയാഴ്ച്ച വൈകുന്നേരം അഞ്ചുമണിയോടെ വോട്ടെടുപ്പ് അവസാനിക്കും. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് ഭൂരിപക്ഷം ഉള്ളതിനാല്‍ 1,60,000 ഓളം വരുന്ന പാര്‍ട്ടി അംഗങ്ങളാണ് പുതിയ പാര്‍ട്ടി നേതാവിനെയും പ്രധാനമന്ത്രിയെയും തീരുമാനിക്കുന്നത്.
എംപിമാര്‍ ഭൂരിപക്ഷ പിന്തുണ നല്‍കിയ ഇന്ത്യന്‍ വംശജനും ബോറിസ് ജോണ്‍സണ്‍ മന്ത്രിസഭയിലെ ധനമന്ത്രിയുമായിരുന്ന റിഷി സുനകും നിലവിലെ വിദേശകാര്യ സെക്രട്ടറിയായ ലിസ് ട്രസുമാണ് പ്രധാനമന്ത്രി സ്ഥാനത്തിനായി മത്സരിക്കുന്നത്. പാര്‍ട്ടി അംഗങ്ങള്‍ വോട്ട് ചെയ്ത് ജയിപ്പിക്കുന്ന ആള്‍ പാര്‍ട്ടിയുടെ നേതാവും രാജ്യത്തെ പ്രധാനമന്ത്രിയും ആകും. പോസ്റ്റല്‍ വഴിയോ ഓണ്‍ലൈന്‍ വഴിയോ വോട്ട് രേഖപ്പെടുത്താം.
വെള്ളിയാഴ്ച്ച വൈകുന്നേരം അഞ്ചുമണിയോടെ വോട്ടെടുപ്പ് അവസാനിക്കും. തിങ്കളാഴ്ച്ചയാണ് വോട്ടെണ്ണല്‍. വൈകുന്നേരത്തോടെ വിജയിയെ പ്രഖ്യാപിക്കും. ഇതിന് മുമ്പേ രാവിലെ തന്നെ മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ എലിസബത്ത് രാജ്ഞിയെ അവര്‍ ഇപ്പോള്‍ താമസിക്കുന്ന സ്‌കോട്ട്‌ലാന്‍ഡിലെ വസതിയിലെത്തി രാജി സമര്‍പ്പിക്കും.
കഴിഞ്ഞ ജൂലൈയില്‍ പ്രധാനമന്ത്രി പദം ഒഴിഞ്ഞിരുന്നെങ്കിലും ഔദ്യോഗികമായി രാജി വച്ചിരുന്നില്ല. വൈകുന്നേരം പുതിയ പാര്‍ട്ടി നേതാവ് രാജ്ഞിയെ നേരില്‍ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള അനുമതി ആവശ്യപ്പെടും. ചൊവ്വാഴ്ച്ചയോടെ ഇംഗ്ലണ്ടില്‍ പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കും. സത്യപ്രതിജ്ഞാ ചടങ്ങുകളും സ്‌കോട്ട്‌ലാന്‍ഡില്‍ തന്നെയാകും നടക്കുക.
ചരിത്രത്തിലാധ്യമായാണ് ബ്രിട്ടീഷ് രാജകൊട്ടാരമായ ബക്കിംഗ്ഹാം പാലസിന് പുറത്ത് പുതിയ പ്രധാനമന്ത്രിയെ വാഴിക്കുന്ന ചടങ്ങ് നടക്കുന്നത്. രാജ്ഞിക്ക് അനാരോഗ്യം കാരണം യാത്ര ചെയ്യാന്‍ കഴിയാത്തതാണ് കാരണം. എലിസബത്ത് രാജ്ഞിക്ക് കീഴില്‍ 12 ഓളം പ്രധാനമന്ത്രിമാര്‍ അധികാരമേറ്റിറ്റുണ്ടെങ്കിലും ബക്കിംഗ്ഹാം കൊട്ടരത്തിന് പുറത്തുവച്ച് ഒരു പ്രധാനമന്ത്രിയെ വാഴിക്കുന്നത് ഇത് ആദ്യമാണ്.
ബ്രിട്ടണെ ലോകത്തിലെ ഏറ്റവും മികച്ച രാജ്യമാക്കി മാറ്റും എന്നതാണ് സുനകിന്റെ പ്രഖ്യാപനം. ഇതിനായി രാപ്പകല്‍ പ്രയത്‌നിക്കുമെന്ന് അദ്ദേഹം പാര്‍ട്ടി അംഗങ്ങള്‍ക്ക് ഉറപ്പ് നല്‍കുന്നു. അതേസമയം ജീവിത ചെലവു കുറയ്ക്കാന്‍ നികുതിയിളവുകള്‍ അനുവദിക്കാനുള്ള എതിര്‍ സ്ഥാനാര്‍ത്ഥി ലിസ് ട്രസിന്റെ അവകാശവാദങ്ങളെ സുനക് എതിര്‍ക്കുകയും ചെയ്തു. തന്റെ സാമ്പത്തിക നയങ്ങള്‍ 'സ്ഥിരവും വ്യക്തവും സത്യസന്ധവുമാണെന്ന് സുനക് അവകാശപ്പെട്ടു.
തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ഇന്ത്യന്‍ വംശജനായ ബ്രിട്ടന്റെ ആദ്യ പ്രധാനമന്ത്രിയെന്ന ചരിത്രം നേട്ടമാകും സുനകിലൂടെ സംഭവിക്കുക. ഇന്ത്യന്‍ പ്രവാസികളുടെ മികച്ച പിന്തുണ അദ്ദേഹത്തിനുണ്ട്. അവരില്‍ പലരും കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അംഗങ്ങളായി അദ്ദേഹത്തിന് അനുകൂലമായി വോട്ട് ചെയ്യും. എന്നാല്‍ അവസാനഘട്ടത്തില്‍ സുനകിന് പിന്തുണ കുറഞ്ഞത് തിരിച്ചടി ആയേക്കുമോയെന്ന ആശങ്കയും ഉണ്ട്.
തന്റെ പാര്‍ട്ടി സഹപ്രവര്‍ത്തകരുടെ ബാലറ്റുകളില്‍ മത്സരത്തില്‍ ആദ്യം മുന്നിലായിരുന്നു സുനക്. വോട്ടിംഗിന്റെ ആദ്യ കുറച്ച് റൗണ്ടുകളില്‍ എംപിമാരുടെ ഏറ്റവും കൂടുതല്‍ പിന്തുണ നേടിയതും സുനകാണ്. എന്നാല്‍ അതിനുശേഷം, അന്തിമ വിജയിയെ കണ്ടെത്താനുള്ള പ്രചാരണങ്ങളില്‍ ലിസിന് ജനപ്രീതി വര്‍ധിക്കുന്നതായി കണ്ടു.
വോട്ടവകാശമുള്ള ടോറി അംഗങ്ങള്‍ക്കിടയില്‍ ട്രസ് കൂടുതല്‍ ജനപ്രിയ സ്ഥാനാര്‍ത്ഥിയാണെന്നാണ് വിവരം. മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ നേരത്തേ തന്നെ സുനക്കിനെ എതിര്‍ക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. മറ്റ് ആര് പ്രധാനമന്ത്രിയായാലും സുനക് വേണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.