ലിസ്ബണ്‍: ചികിത്സ വൈകിയതിനെ തുടര്‍ന്ന് ഏഴു മാസം ഗര്‍ഭിണിയായ ഇന്ത്യന്‍ ടൂറിസ്റ്റ് മരിച്ച സംഭവത്തില്‍ രാജിവച്ച് പോര്‍ച്ചുഗല്‍ ആരോഗ്യമന്ത്രി മാര്‍ത്ത ടെമിഡോ. യുവതി ആംബുലന്‍സില്‍ വച്ച് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചതിന് പിന്നാലെ ഉയര്‍ന്ന പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് മാര്‍ത്തയുടെ രാജി. 34 വയസുകാരിയായ യുവതിയെ സാന്റ മരിയ ആശുപത്രിയിലെ നിയോനാറ്റോളജി വിഭാഗത്തില്‍ ഒഴിവില്ലാത്തതിനെ തുടര്‍ന്ന് ലിസ്ബണിലെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ ആംബുലന്‍സില്‍ വച്ച് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.
പോര്‍ച്ചുഗലിലെ ഏറ്റവും വലിയ ആശുപത്രിയാണ് സാന്റ മരിയ. തുടര്‍ന്ന് യുവതിയുടെ കുഞ്ഞിനെ അടിയന്തര സിസേറിയനിലൂടെ പുറത്തെടുത്തു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിരുന്നു. ഇതിനിടെയാണ് മാര്‍ത്തയുടെ രാജി.
വേനലവധിക്കാലത്ത് പോര്‍ച്ചുഗലിലെ പല ആശുപത്രികളിലും ആവശ്യത്തിന് ഡോക്ടര്‍മാര്‍ ഉണ്ടാകാറില്ല. ഇതേത്തുടര്‍ന്ന് അടിയന്തര പ്രസവ സേവനങ്ങള്‍, പ്രത്യേകിച്ച് വാരാന്ത്യങ്ങളില്‍, താത്കാലികമായി നിര്‍ത്തിവയ്ക്കാന്‍ മാര്‍ത്ത ഉത്തരവിട്ടിരുന്നു. ഇതാണ് യുവതിയുടെ മരണത്തില്‍ കലാശിച്ചതെന്നാണ് വിമര്‍ശകര്‍ ആരോപിക്കുന്നത്.
2018-ല്‍ ആരോഗ്യമന്ത്രിയായി സ്ഥാനമേറ്റ മാര്‍ത്ത കോവിഡ് മഹാമാരിയെ ഫലപ്രദമായി നേരിടുന്നതിലും രാജ്യത്ത് വാക്സിന്‍ വിതരണം വിജയകരമായി കൈകാര്യം ചെയ്യുന്നതിലും ബഹുമതി നേടിയിരുന്നു. എന്നാല്‍ ഇനി അധികാരത്തില്‍ തുടരുന്നതിനുള്ള സാഹചര്യമില്ലെന്ന് ടെമിഡോ മനസിലാക്കിയതായി ചൊവ്വാഴ്ച സര്‍ക്കാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
മാര്‍ത്തയുടെ രാജി അംഗീകരിച്ചതായും അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നന്ദി പറയുന്നതായും പ്രധാനമന്ത്രി അന്റോണിയോ കോസ്റ്റ പറഞ്ഞു. അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനും ആരോഗ്യ സംരക്ഷണം മെച്ചപ്പെടുത്തുന്നതിനുമുള്ള പരിഷ്‌കാരങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്ന ഇന്ത്യന്‍ വംശജനായ കോസ്റ്റ അറിയിച്ചു.
പോര്‍ച്ചുഗലില്‍ സമീപ മാസങ്ങളില്‍ സമാന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അമ്മമാരെ ആശുപത്രി മാറ്റിയതിനെ തുടര്‍ന്ന് ചികിത്സ വൈകിയത് മൂലം രണ്ട് ശിശുക്കള്‍ മരിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.