ചിക്കാഗോ: ചിക്കാഗോ സെൻറ് തോമസ് സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജേക്കബ്ബ് അങ്ങാടിയത്തിന്റെ പൗരോഹിത്യ ജൂബിലിയുടെ സ്മാരകമായുള്ള കാരുണ്യ പ്രവൃത്തികളുടെ ഭാഗമായി പണിതു നൽകുന്ന വീടുകളുടെ താക്കോൽ ദാനം കത്തീഡ്രൽ വികാരി ഫാ. തോമസ് കടുകപ്പിള്ളി നിർവഹിച്ചു.
ഭാരതത്തിന് പുറത്തുള്ള ആദ്യത്തെ സീറോ മലബാർ രൂപതയുടെ പ്രഥമ മെത്രാനാണ് മാർ അങ്ങാടിയത്ത്. വി.ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയാണ് 2001ൽ ഈ രൂപത അനുവദിച്ചു നൽകിയത്.
കേരളത്തിൽ വിവിധ ജില്ലകളിലായി ഏഴു വീടുകളാണ് നിർമിച്ചു നൽകുന്നത്. പത്തനംതിട്ടയിൽ പ്രശസ്ത സാമൂഹ്യ പ്രവർത്തകയായ ഡോ. എം. എസ്. സുനിലിന്റെ നേതൃത്വത്തിൽ നിർമിച്ചു നൽകുന്ന മൂന്ന് വീടുകളുടെ താക്കോൽദാനമാണ് ആദ്യഘട്ടത്തിൽ നിർവഹിച്ചത്. ഡോ. സുനിലിന്റെ പ്രയത്നഫലമായി നിർമിച്ചു നൽകുന്ന 254 മത്തെ വീടാണിത്. അമേരിക്കൻ മലയാളി ഫിലിപ്പ് ജോസഫ് മാണിപ്പറമ്പിലാണ് രണ്ടു വീടുകൾ നിർമിച്ചു നൽകാൻ സഹായഹസ്തം നീട്ടിയത്.