കാലം സാക്ഷി: ഐഎന്‍എസ് വിക്രാന്ത് രാജ്യത്തിന് സമര്‍പ്പിച്ചു; ഇത് പുതിയ ഭാവിയുടെ സൂര്യോദയമെന്ന് പ്രധാനമന്ത്രി

കാലം സാക്ഷി: ഐഎന്‍എസ് വിക്രാന്ത് രാജ്യത്തിന് സമര്‍പ്പിച്ചു; ഇത് പുതിയ ഭാവിയുടെ സൂര്യോദയമെന്ന് പ്രധാനമന്ത്രി

കൊച്ചി: രാജ്യത്തിന്റെ അഭിമാനം വാനോളമുയര്‍ത്തി കൊച്ചി കപ്പല്‍ശാല നിര്‍മ്മിച്ച ഇന്ത്യയുടെ ആദ്യ തദ്ദേശീയ വിമാനവാഹിനി കപ്പല്‍ ഐ.എന്‍.എസ് വിക്രാന്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡി നാടിന് സമര്‍പ്പിച്ചു.

രാവിലെ ഒന്‍പതരയോടെ കൊച്ചി കപ്പല്‍ശാലയില്‍ നടന്ന ചടങ്ങില്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, മുഖ്യമന്ത്രി പിണറായി വിജയന്‍, നാവിക സേനാ മേധാവി അഡ്മിറല്‍ ആര്‍.ഹരികുമാര്‍ എന്നിവര്‍ പങ്കെടുത്തു.

ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചതിന് ശേഷം കമ്മിഷനിംഗിന് മുന്‍പായി നാവിക സേനയുടെ പുതിയ പതാക പ്രധാനമന്ത്രി പ്രകാശനം ചെയ്തു. കൊളോണിയല്‍ മുദ്രകള്‍ പൂര്‍ണമായി നീക്കിയ പതാകയാണ് പ്രകാശനം ചെയ്തത്.

ഐഎന്‍എസ് വിക്രാന്ത് രാജ്യത്തിന് പുതിയ വിശ്വാസം പകരുന്നുവെന്നും ഇത് പുതിയ ഭാവിയുടെ സൂര്യോദയമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ പ്രതിരോധ മേഖലയെ സ്വാശ്രയമാക്കാനുള്ള സര്‍ക്കാരിന്റെ ഊന്നലിന്റെ ഉദാഹരണമാണ് വിക്രാന്ത്. കേരള തീരത്ത് ഓരോ ഭാരതീയനും ഇന്ന് പുതിയ ഭാവിയുടെ സൂര്യോദയത്തിന് സാക്ഷികളാണ്.

വിക്രാന്ത് വെറുമൊരു യുദ്ധ കപ്പലല്ല. വിശാലമാണ്, വിരാടാണ്, വിശിഷ്ടമാണ്. 21-ാം നൂറ്റാണ്ടില്‍ ഇന്ത്യയുടെ കഠിനാധ്വാനത്തിന്റെയും കഴിവിന്റെയും സ്വാധീനത്തിന്റെയും പ്രതിബദ്ധതയുടെയും തെളിവാണിതെന്നും പ്രധാനമന്ത്രി പറഞ്ഞു.

തദ്ദേശീയ സാങ്കേതികവിദ്യ ഉപയോഗിച്ച് ഇത്രയും വലിയ വിമാനവാഹിനിക്കപ്പല്‍ നിര്‍മ്മിക്കാന്‍ കഴിയുന്ന ലോകത്തിലെ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ന് ഇന്ത്യയും ചേര്‍ന്നു. ഐഎന്‍എസ് വിക്രാന്ത് രാജ്യത്തിന് പുതിയ വിശ്വാസമാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും മോഡി വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.