സ്വവര്‍ഗാനുരാഗികളും അധ്യാപകരാകും; ക്യൂന്‍സ്‌ലാന്‍ഡിലെ ക്രിസ്ത്യന്‍ സ്‌കൂളുകളുടെ സ്വാതന്ത്ര്യത്തിനു കൂച്ചുവിലങ്ങിടാന്‍ സര്‍ക്കാര്‍

സ്വവര്‍ഗാനുരാഗികളും അധ്യാപകരാകും;  ക്യൂന്‍സ്‌ലാന്‍ഡിലെ ക്രിസ്ത്യന്‍ സ്‌കൂളുകളുടെ സ്വാതന്ത്ര്യത്തിനു  കൂച്ചുവിലങ്ങിടാന്‍ സര്‍ക്കാര്‍

ബ്രിസ്ബന്‍: ഓസ്‌ട്രേലിയയിലെ ക്യൂന്‍സ്‌ലാന്‍ഡ് സംസ്ഥാനത്ത് വിവേചന വിരുദ്ധ നിയമങ്ങള്‍ (anti-discrimination laws) പരിഷ്‌കരിക്കണമെന്ന മനുഷ്യാവകാശ കമ്മിണറുടെ ശിപാര്‍ശ ക്രിസ്ത്യന്‍ സ്‌കൂളുകള്‍ക്ക് തിരിച്ചടിയാകുമെന്ന് ആശങ്ക.

വിശ്വാസികളല്ലാത്ത, സ്വവര്‍ഗാനുരാഗികള്‍ ഉള്‍പ്പെടെയുള്ള ലൈംഗിക ന്യൂനപക്ഷ വിഭാഗങ്ങളില്‍നിന്നുള്ളവരെ അധ്യാപകരായി നിയമിക്കുന്നതിനെതിരെ കിസ്ത്യന്‍ സ്‌കൂളുകള്‍ക്ക് അനുവദിച്ചിരുന്ന ഇളവുകള്‍ വിവേചന വിരുദ്ധ നിയമത്തില്‍നിന്ന് ഇല്ലാതാക്കണമെന്നാണ് കമ്മിഷണര്‍ സംസ്ഥാന സര്‍ക്കാരിനോടു ശിപാര്‍ശ ചെയ്തിരിക്കുന്നത്്. അതായത് നിയമം പ്രാബല്യത്തില്‍ വന്നാല്‍ ക്രൈസ്തവ വിശ്വാസത്തിനെതിരായി ജീവിക്കുന്നവരെ നിയമിക്കാതിരിക്കാനും അവരെ പിരിച്ചുവിടാനുമുള്ള ക്രിസ്ത്യന്‍ സ്‌കൂളുകളുടെ സ്വാതന്ത്ര്യം ഇല്ലാതാകും.

കഴിഞ്ഞ ദിവസം ക്വീന്‍സ്ലന്‍ഡ് പാര്‍ലമെന്റില്‍ അവതരിപ്പിച്ച 420 പേജുള്ള റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ മനുഷ്യാവകാശ കമ്മിഷണറായ സ്‌കോട്ട് മക്ഡൗഗല്‍ ശിപാര്‍ശ ചെയ്തിരിക്കുന്നത്.

സയന്‍സ്, ഗണിതം, ഇംഗ്ലീഷ് തുടങ്ങി മതപഠനവുമായി ബന്ധമില്ലാത്ത വിഷയങ്ങള്‍ പഠിപ്പിക്കുന്ന അധ്യാപകരെ അവരുടെ ലിംഗവ്യത്യാസം പരിഗണിക്കാതെ തന്നെ നിയമിക്കണമെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. സ്വവര്‍ഗാനുരാഗികളായ അധ്യാപകര്‍ക്കാണ് ഇതിന്റെ ആനുകൂല്യം കൂടുതല്‍ ലഭിക്കുക. ക്രൈസ്തവ വിശ്വാസങ്ങള്‍ക്കെതിരായ ജീവിതരീതി പുലര്‍ത്തുന്നവരെയും സ്‌കൂളുകളില്‍ നിയമിക്കേണ്ടി വരും. ഇവരെ നിയമിക്കുന്നതിലൂടെ സ്വവര്‍ഗാനുരാഗം ഉള്‍പ്പെടെയുള്ള ആശയങ്ങള്‍ ഒന്നുമറിയാത്ത കൊച്ചുകുട്ടികള്‍ക്കിടയില്‍ പ്രചരിപ്പിക്കുമോ എന്ന ആശങ്കയാണ് ക്രിസ്ത്യന്‍ മാനേജ്‌മെന്റുകള്‍ പങ്കുവയ്ക്കുന്നത്.

അധ്യാപകര്‍ സ്വവര്‍ഗരതിക്കാരായാല്‍ അവരെ പിരിച്ചുവിടപ്പെടുമെന്ന് മുന്നറിയിപ്പ് നല്‍കുന്ന തൊഴില്‍ കരാറില്‍ ഒപ്പിടാന്‍, ബ്രിസ്ബനിലെ ഒരു ക്രിസ്ത്യന്‍ സ്‌കൂള്‍ മാനേജ്‌മെന്റ് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് കമ്മിഷണറുടെ റിപ്പോര്‍ട്ട് ക്വീന്‍സ്ലന്‍ഡ് പാര്‍ലമെന്റിന്റെ മേശപ്പുറത്തു വച്ചത്. സ്വവര്‍ഗരതി അധാര്‍മ്മികവും ദൈവത്തെ നിന്ദിക്കുന്നതുമാണെന്ന് പ്രഖ്യാപിക്കുന്ന രേഖയിലാണ് സിറ്റിപോയിന്റ് ക്രിസ്ത്യന്‍ കോളജ് ഒപ്പിടാന്‍ ആവശ്യപ്പെട്ടത്.

തങ്ങളുടെ വിശ്വാസങ്ങളും മൂല്യങ്ങളും മുറുകെപ്പിടിക്കുന്ന സ്‌കൂളുകളാണ് കുട്ടികള്‍ക്കായി രക്ഷിതാക്കള്‍ തെരഞ്ഞെടുക്കുന്നതെന്ന് ക്രിസ്ത്യന്‍ സ്‌കൂള്‍സ് ഓസ്ട്രേലിയ പബ്ലിക് പോളിസി ഡയറക്ടര്‍ മാര്‍ക്ക് സ്‌പെന്‍സര്‍ പറഞ്ഞു. ആ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാണ് ഈ നിര്‍ദേശങ്ങളെന്നും അത് അറ്റോര്‍ണി ജനറല്‍ അവഗണിക്കണമെന്നും മാര്‍ക്ക് സ്‌പെന്‍സര്‍ ആവശ്യപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.