പീഡിത ക്രൈസ്തവരെ അനുസ്മരിച്ചുള്ള റാലിയിൽ പങ്കെടുക്കാൻ മുസ്ലീം ബാസ്ക്കറ്റ്ബോൾ താരവും

പീഡിത ക്രൈസ്തവരെ അനുസ്മരിച്ചുള്ള റാലിയിൽ പങ്കെടുക്കാൻ മുസ്ലീം ബാസ്ക്കറ്റ്ബോൾ താരവും

വാഷിങ്ടൺ: ലോകമെമ്പാടും പീഡനം അനുഭവിക്കുന്ന ക്രൈസ്തവ സമൂഹത്തെ അനുസ്മരിക്കാൻ വാഷിങ്ടൺ ഡിസിയിൽ സെപ്റ്റംബർ 24നു നടക്കാനിരിക്കുന്ന റാലിയിൽ പ്രശസ്ത ബാസ്ക്കറ്റ്ബോൾ താരവും, ഇസ്ലാം മതസ്ഥനുമായ എനേസ് കന്റർ പങ്കെടുക്കും. 'ഫോർ ദി മാർട്ടിയേഴ്സ്' എന്ന സംഘടനയാണ് റാലി സംഘടിപ്പിക്കുന്നത്.

ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കടുത്ത വിമർശകൻ കൂടിയാണ് തുർക്കി വംശജനായ എൻബിഎ താരം എനേസ് കന്റർ. നാഷണൽ ബാസ്ക്കറ്റ്ബോൾ അസോസിയേഷനും, താരങ്ങളും, ടീമുകളും കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ ക്രൂരതകളെ വിമർശിക്കാതെ നിശബ്ദത പാലിക്കുന്നതിൽ എനേസ് കന്റർ നിരവധി തവണ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്. ഇക്കാരണത്താൽ ഫെബ്രുവരി മാസത്തിനു ശേഷം അദ്ദേഹവുമായി ഉടമ്പടി ഒപ്പുവെക്കാൻ ഒരു ടീമും മുന്നോട്ടു വന്നിട്ടില്ല.

ജൂൺമാസം വാഷിങ്ടൺ ഡിസിയിൽ വച്ച് നടന്ന അന്താരാഷ്ട്ര മതസ്വാതന്ത്ര്യ സമ്മേളനത്തിലും കന്റർ പ്രസംഗിച്ചിരുന്നു. ഈ തലമുറയിൽ കന്ററിന്റെ ശബ്ദം പ്രധാനപ്പെട്ടതാണെന്ന് ഫോർ ദി മാർട്ടിയേഴ്സ് സംഘടനയുടെ സ്ഥാപക ജിയാ ചക്കോൺ പറഞ്ഞു. ക്രൈസ്തവ പീഡനങ്ങളുമായി ബന്ധപ്പെട്ട് ഇപ്പോൾ നിലനിൽക്കുന്ന നിശബ്ദതയെ നേരിടാനാണ് ഫോർ ദി മാർട്ടിയേഴ്സ് നിലനിൽക്കുന്നതെന്ന് ചക്കോൺ കൂട്ടിച്ചേർത്തു.

ക്രൈസ്തവരാണ് ലോകത്തിൽ ഏറ്റവും കൂടുതൽ പീഡിപ്പിക്കപ്പെടുന്നത് എന്ന കാര്യം ആരും ശ്രദ്ധിക്കാറില്ലെന്നും അതിനാൽ ക്രൈസ്തവ പീഡനം ആളുകളുടെ ശ്രദ്ധയിലേക്ക് കൊണ്ടുവരാൻ നടത്തുന്ന പരിപാടികൾക്കു ഏറെ പ്രാധാന്യമുണ്ടെന്നും സംഘാടകര്‍ വ്യക്തമാക്കി. പീഡിത ക്രൈസ്തവർക്ക് വേണ്ടിയും മതസ്വാതന്ത്ര്യത്തിനു വേണ്ടിയും എനേസ് കന്റർ ശബ്ദിക്കുന്നത് വിഷയത്തിലുളള പ്രതികരണത്തിന്റെ ശക്തികൂട്ടുമെന്ന് ജിയാ വിശദീകരിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.