മൂന്ന് ദിവസത്തിനിടെ തോക്ക് ആക്രമണങ്ങളില്‍ അമേരിക്കയില്‍ കൊല്ലപ്പെട്ടത് 16 പേര്‍; 47 പേര്‍ക്ക് പരിക്കേറ്റു

മൂന്ന് ദിവസത്തിനിടെ തോക്ക് ആക്രമണങ്ങളില്‍ അമേരിക്കയില്‍ കൊല്ലപ്പെട്ടത് 16 പേര്‍; 47 പേര്‍ക്ക് പരിക്കേറ്റു

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ ശനി, ഞായര്‍, തിങ്കള്‍ ദിവസങ്ങളിലായി നടന്ന 12 കൂട്ട വെടിവയ്പ്പുകളില്‍ 16 പേര്‍ കൊല്ലപ്പെടുകയും 47 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഞായറാഴ്ച്ച മിനിയപോളീസില്‍ ഉണ്ടായ വെടിവയ്പ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. വെടി ഉതിര്‍ത്ത സംഘത്തിലെ ഒരാളെ പിടികൂടിയതായി വാച്ച് ഡോഗ് പുറത്തുവിട്ട രേഖകള്‍ ഉദ്ദരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

തൊഴിലാളി ദിനമായ തിങ്കളാഴ്ച്ച ഫിലാഡല്‍ഫിയയിലെ നിയമപാലകരുടെ വെടിയേറ്റ് രണ്ട് പേര്‍ കൊല്ലപ്പെട്ടു. നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. അവധി ദിനാഘോഷ പരിപാടിക്കിടെയാണ് ക്രമസമാധാന പാലത്തിന്റെ ഭാഗമായി പൊലീസ് തോക്ക് ഉപയോഗിച്ചത്.

ക്ലീവ്ലാന്‍ഡില്‍ തിങ്കളാഴ്ച്ച ഉണ്ടായ മറ്റൊരു വെടിവയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. 10 പേര്‍ക്ക് പരിക്കേറ്റു. നോര്‍ഫോക്കിലെ മറ്റൊരു വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കൊല്ലപ്പെട്ടവരില്‍ നോര്‍ഫോക്ക് സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികളും ഉള്‍പ്പെടുന്നുവെന്ന് സ്‌കൂള്‍ അറിയിച്ചു.

2022-ല്‍ ഇതുവരെ ആത്മഹത്യ ഉള്‍പ്പെടെ 30,000-ലധികം പേര്‍ തോക്ക് അക്രമണങ്ങളില്‍ കൊല്ലപ്പെട്ടതായി ഗണ്‍ വയലന്‍സ് ആര്‍ക്കൈവ് രേഖപ്പെടുത്തുന്നു. 464 കൂട്ട വെടിവയ്പ്പുകളും ഉണ്ടായി. 19 കുട്ടികളെ കൊലപ്പെടുത്തിയ റോബ് എലിമെന്ററി സ്‌കൂളില്‍ നടന്ന തോക്ക് ആക്രമണമാണ് സമീപകാലത്തുണ്ടായ വലിയ കൂട്ടവെടിവയ്പ്പ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.