ഇന്ന് ആത്മഹത്യ പ്രതിരോധ ദിനം: സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷം മരണം തിരഞ്ഞെടുത്തത് 9,549 പേര്‍; നിരക്ക് 12 ശതമാനം കൂടി

ഇന്ന് ആത്മഹത്യ പ്രതിരോധ ദിനം: സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷം മരണം തിരഞ്ഞെടുത്തത് 9,549 പേര്‍; നിരക്ക് 12 ശതമാനം കൂടി

കോഴിക്കോട്: ഇന്ന് ആത്മഹത്യ പ്രതിരോധ ദിനം. കേരളത്തില്‍ ആത്മഹത്യ നിരക്കില്‍ വന്‍ വര്‍ധനവെന്ന് കണക്കുകള്‍. കഴിഞ്ഞ നാലുവര്‍ഷത്തേക്കാള്‍ ഇക്കഴിഞ്ഞ വര്‍ഷം ആത്മഹത്യ നിരക്ക് വളരെയേറെ ഉയര്‍ന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. 2020ല്‍ കുറവ് രേഖപ്പെടുത്തിയ നിരക്ക് 2021ല്‍ വന്‍തോതിലാണ് കൂടിയത്.

2017 മുതല്‍ 2021 വരെ അഞ്ചുവര്‍ഷത്തിനിടയില്‍ 42,712 പേരാണ് സംസ്ഥാനത്ത് ആത്മഹത്യ ചെയ്തത്. 2017ല്‍ 7870 പേര്‍ ജീവനൊടുക്കി. ഒരു ലക്ഷം പേരില്‍ 22.9 പേര്‍ എന്ന നിരക്കാണ് 2017 രേഖപ്പെടുത്തിയത്. 2018ല്‍ 8237 (23.8) പേര്‍ ആത്മഹത്യ ചെയ്തപ്പോള്‍ 2019ല്‍ 8556 ആയി ഉയര്‍ന്നു. എന്നാല്‍, 2020ല്‍ നേരിയ കുറവ് രേഖപ്പെടുത്തി. 8500 പേരാണ് ആ വര്‍ഷം ആത്മഹത്യ ചെയ്തത്. പക്ഷേ, 2021ല്‍ വന്‍ വര്‍ധനയാണ് സംസ്ഥാനത്തുണ്ടായത്. 9549 പേരാണ് കഴിഞ്ഞ വര്‍ഷം ആത്മഹത്യ ചെയ്തത്. 2020നേക്കാള്‍ 1049 പേര്‍ കൂടുതലായി ആത്മഹത്യ ചെയ്‌തെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

സമീപകാലത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. സംസ്ഥാന ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ കണക്കുകളെ അവലോകനം ചെയ്ത് ആത്മഹത്യ പ്രതിരോധ കേന്ദ്രമായ തണല്‍ തയാറാക്കിയ റിപ്പോര്‍ട്ടിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ ഉള്ളത്.

2021ല്‍ ഏറ്റവും കൂടുതല്‍ പേര്‍ ആത്മഹത്യ ചെയ്തത് തിരുവനന്തപുരം ജില്ലയിലാണ്, 1416 പേര്‍. ലക്ഷത്തില്‍ 42 എന്നതാണ് തിരുവനന്തപുരത്തെ നിരക്ക്. ഏറ്റവും കുറവ് നിരക്ക് (11.2) മലപ്പുറത്താണ്. 1068 പേര്‍ ആത്മഹത്യ ചെയ്ത കൊല്ലമാണ് രണ്ടാമത്. ആത്മഹത്യ ചെയ്തവരില്‍ 44 ശതമാനവും 15 വയസിനും 45 വയസിനും ഇടയിലുള്ളവരാണ്. ഈ പ്രായത്തിലുള്ള 4249 പേരാണ് ആത്മഹത്യ ചെയ്തത്. 46നും 59നും ഇടയിലുള്ള 2659 പേര്‍ സ്വയം മരണം തിരഞ്ഞെടുത്തപ്പോള്‍ 60 വയസിനു മുകളിലുള്ള 2558 പേരാണ് ആത്മഹത്യ ചെയ്തത്.

14 വയസില്‍ താഴെയുള്ള 77 പേര്‍ ആത്മഹത്യ ചെയ്തിട്ടുണ്ട്. ആത്മഹത്യയിലെ പുരുഷ-സ്ത്രീ അനുപാതം 3:1 ആണ്. 7487 പുരുഷന്മാരും 2056 സ്ത്രീകളും ആത്മഹത്യ ചെയ്തതായി കണക്കുകള്‍ പറയുന്നു. മരിച്ചവരില്‍ പകുതിയോളം പേര്‍ പത്താം ക്ലാസ്, പ്ലസ് വണ്‍, പ്ലസ് ടു വിദ്യാഭ്യാസമുള്ളവരാണ്-48.7 ശതമാനം. ബിരുദ - ബിരുദാനന്തര ബിരുദമുള്ളവര്‍ 535 പേരുണ്ട് പട്ടികയില്‍.

ആത്മഹത്യ ചെയ്തവരില്‍ 78.4 ശതമാനവും തിരഞ്ഞെടുത്തത് തൂങ്ങി മരണമാണ്. 9.4 ശതമാനം വിഷം കഴിച്ചുമാണ് ജീവന്‍ വെടിഞ്ഞിരിക്കുന്നത്. മൊത്തം ആത്മഹത്യ ചെയ്തവരില്‍ 34 ശതമാനവും ദിവസവരുമാനക്കാരാണ്. ബിസിനസുകാരും വീട്ടമ്മമാരും 13.5 ശതമാനം. 5.2 ശതമാനം വിദ്യാര്‍ഥികളാണ്. പകുതിയോളം പേര്‍ കുടുംബപ്രശ്‌നങ്ങളുടെ പേരിലാണ് ആത്മഹത്യ തിരഞ്ഞെടുത്തത്. ശാരീരിക- മാനസിക രോഗങ്ങള്‍ മൂലം 21 ശതമാനം പേര്‍ സ്വയം മരണം തിരഞ്ഞെടുത്തു.

കോവിഡിനു ശേഷമുള്ള സാമ്പത്തിക തകര്‍ച്ച, തൊഴില്‍ നഷ്ടം, കച്ചവടത്തിലെ തകര്‍ച്ച, ഗള്‍ഫില്‍ നിന്നുള്ള മടങ്ങി വരവ് തുടങ്ങിയവയാണ് ആത്മഹത്യ വര്‍ധിക്കാന്‍ കാരണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ മെന്റല്‍ ഹെല്‍ത്ത് കമ്മിറ്റി കണ്‍വീനറും തണല്‍ ഫൗണ്ടര്‍ ഡയറക്ടറുമായ ഡോ. പി.എന്‍ സുരേഷ് കുമാര്‍ പറയുന്നു.

കോവിഡ് കാലത്ത് പഠനം ഓണ്‍ലൈനിലേക്ക് മാറിയ ശേഷം വിദ്യാര്‍ഥികളിലുണ്ടായ മാറ്റങ്ങള്‍ അവര്‍ക്കിടയില്‍ ആത്മഹത്യ വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്. ഭീകരമായിക്കൊണ്ടിരിക്കുന്ന ലഹരി മരുന്നുകളുടെ ഉപയോഗം ആത്മഹത്യ നിരക്ക് ഇനിയും വര്‍ധിപ്പിക്കും. സര്‍ക്കാറും ജനങ്ങളും ഉണര്‍ന്നു പ്രവര്‍ത്തിക്കുകയും ആരോഗ്യ - സാമൂഹിക പുനരാവിഷ്‌കൃത പദ്ധതികള്‍ക്ക് സര്‍ക്കാര്‍ മുന്‍കൈയെടുക്കുകയും ചെയ്തില്ലെങ്കില്‍ സ്ഥിതി കൂടുതല്‍ ഗുരുതരമാകുമെന്നാണ് വിഗ്ദര്‍ പറയുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.