കാന്‍ബറ: ഓസ്‌ട്രേലിയയ്ക്കു സമീപമുള്ള ദ്വീപ് രാജ്യമായ പാപുവ ന്യൂ ഗിനിയയില്‍ വന്‍ ഭൂകമ്പം. റിക്ടര്‍ സ്‌കെയിലില്‍ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഞായറാഴ്ച്ച രാവിലെ പ്രാദേശിക സമയം 9.46-നാണുണ്ടായത്. തുടര്‍ന്ന് യു.എസ് ജിയോളജി വകുപ്പ് സുനാമി മുന്നറിയിപ്പ് നല്‍കിയെങ്കിലും പിന്നീട് പിന്‍വലിച്ചു. എന്നാല്‍ ചില തീരപ്രദേശങ്ങളില്‍ ഇപ്പോഴും ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യതയുണ്ടെന്നു മുന്നറിയിപ്പുണ്ട്.
കിഴക്കന്‍ പാപുവ ന്യൂ ഗിനിയയിലെ കൈനന്തു പട്ടണത്തില്‍ നിന്ന് 67 കിലോമീറ്റര്‍ അകലെ 61 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. പ്രഭവകേന്ദ്രത്തിന്റെ 1000 കിലോമീറ്റര്‍ ചുറ്റളവിലാണ് സുനാമി മുന്നറിയിപ്പു നല്‍കിയിരുന്നത്.
പാപുവ ന്യൂ ഗിനിയയുടെ ചില ഭാഗങ്ങളില്‍ വൈദ്യുതി തകരാറുകളും കെട്ടിടങ്ങള്‍ക്ക് കേടുപാടുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഭൂചലനത്തിന്റെ പ്രഭവകേന്ദ്രത്തിനടുത്തുള്ള പട്ടണങ്ങള്‍ മുതല്‍ ഏകദേശം 300 മൈല്‍ (480 കിലോമീറ്റര്‍) അകലെയുള്ള പോര്‍ട്ട് മോറെസ്ബിയുടെ തലസ്ഥാനം വരെ വ്യാപകമായി ഭൂമികുലുക്കം അനുഭവപ്പെട്ടു.
ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തോട് ഏറ്റവും അടുത്തുള്ള തീരദേശ പട്ടണമായ മഡാങ്ങിന് സമീപമുള്ള കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായി പ്രദേശവാസികള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഗൊറോക്കയിലെ ഒരു സര്‍വ്വകലാശാലയ്ക്ക് കേടുപാടുകള്‍ സംഭവിച്ചതിന്റെ ചിത്രങ്ങളും വീഡിയോയും പുറത്തുവന്നിട്ടുണ്ട്. ഭൂചലനത്തില്‍ ഭിത്തികളില്‍ വലിയ വിള്ളലുകള്‍ സംഭവിച്ചിട്ടുണ്ട്. ജനാലകള്‍ തകര്‍ന്നു. മുന്‍ ഭൂചലനങ്ങളേക്കാള്‍ വളരെ ശക്തമായിരുന്നു ഇത്തവണത്തേതെന്നാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തിന് ഏറ്റവും അടുത്തുള്ള ലെയിലും മഡാങ്ങിലുമുള്ള പ്രദേശവാസികള്‍ എഎഫ്പിയോട് പറഞ്ഞത്.
നിരന്തരമായി ഭൂകമ്പമുണ്ടാവുന്ന പ്രദേശങ്ങളിലൊന്നാണ് പാപുവ ന്യൂ ഗിനിയ. പാപുവ ന്യൂ ഗിനിയയുടെ അയല്‍രാജ്യമായ ഇന്തോനേഷ്യയില്‍ 2004ലുണ്ടായ ഭൂകമ്പത്തെ തുടര്‍ന്നുണ്ടായ സുനാമിയില്‍ മേഖലയില്‍ 220,000 പേര്‍ മരിച്ചിരുന്നു. ഇന്തോനേഷ്യയില്‍ മാത്രം 170,000 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. അന്ന് 9.1 തീവ്രതയാണ് രേഖപ്പെടുത്തിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.