കീവ്: അടുത്തിടയായി ഉക്രെയ്‌നിലെ യുദ്ധ ഭൂമിയില്‍ നിന്നു വരുന്ന വാര്‍ത്തകള്‍ റഷ്യയ്ക്ക് ഒട്ടും സന്തോഷം നല്‍കുന്നതല്ല. ഉക്രെയ്ന്‍ അധിനിവേശത്തില്‍ ഏഴ് മാസം നീണ്ട റഷ്യന്‍ ആധിപത്യം അവസാനിക്കുന്നു എന്ന് സൂചിപ്പിക്കുന്ന തിരിച്ചടികളാണ് കുറച്ച് ദിവസങ്ങളായി റഷ്യ നേരിട്ടുകൊണ്ടിരിക്കുന്നത്. പിടിച്ചടക്കിയതൊക്കെ ഒന്നൊന്നായി കൈവിട്ടുപോകുന്നു. റഷ്യന്‍ അധിനിവേശ മേഖലകള്‍ തിരിച്ചുപിടിച്ച് ഉക്രെയ്ന്‍ സൈനിക പതാക പാറിക്കുന്നു. മാത്രമല്ല, ലോകത്തെ ഒന്നാം നിര സൈനിക ശക്തിയെന്ന് വിശേഷിപ്പിക്കുന്ന റഷ്യന്‍ സായുധ സേന യുദ്ധമുഖങ്ങളില്‍ നിന്ന് ഭയന്നോടുന്ന കാഴ്ച്ചയും ലോകം കണ്ടു.
ഉക്രെയ്‌ന്റെ വടക്ക് കിഴക്കന്‍ മേഖലകളില്‍ ഉക്രെയ്ന്‍ സായുധ സേന ശക്തമായ തിരിച്ചടിയാണ് നടത്തിവരുന്നത്. റഷ്യ കൈവശം വച്ചിരുന്ന 3000 ത്തോളം ചതുരശ്ര കിലോമീറ്റര്‍ പ്രദേശം ഉക്രെയ്ന്‍ തിരിച്ചുപിടിച്ചു. ഡിനിപ്രോ നദിയുടെ വടക്കന്‍ പ്രദേശമായ ഖെര്‍സണ്‍ നഗരവും തിരിച്ച് പിടിച്ചു.
ഖെര്‍സണ്‍ അടക്കം പല പ്രദേശങ്ങളിലും റഷ്യന്‍ സൈന്യത്തിന് കനത്ത ആള്‍നാശമുണ്ടാക്കിയതായി ഉക്രെയ്ന്‍ അവകാശപ്പെട്ടു. റഷ്യന്‍ പട്ടാളം പിന്തിരിഞ്ഞോടിയതോടെ ഈ പ്രദേശങ്ങളില്‍ ജനം ആഹ്‌ളാദ പ്രകടനം നടത്തുന്നതിന്റെ ദൃശ്യങ്ങളും ഉക്രെയ്ന്‍ പുറത്ത് വിട്ടു. കാര്‍ഖീവ്, ഡോണെറ്റ്‌സ്‌ക് പ്രവിശ്യകളിലെ ഇരുപതിലധികം പട്ടണങ്ങളില്‍ നിന്ന് റഷ്യന്‍ സൈന്യത്തെ തുരത്തിയതായി ഉക്രെയ്ന്‍ അവകാശപ്പെട്ടു. ടാങ്കുകളും ആയുധങ്ങളും ഉപേക്ഷിച്ചാണ് റഷ്യന്‍ സൈന്യം പിന്തിരിഞ്ഞ് ഓടിയതെന്നാണ് ഉക്രെയ്‌ന്റെ അവകാശവാദം.
തെക്കന്‍ മേഖലകളിലും തിരിച്ചടി ശക്തമാക്കി. ഓരോ മേഖലയിലും റഷ്യയുടെ യുദ്ധ തന്ത്രങ്ങള്‍ ഒന്നൊന്നായി പാളുകയാണ്. അതിനിടെ റഷ്യന്‍ സൈന്യത്തിന്റെ പരാജയത്തെ തുടര്‍ന്ന് പുടിന്‍ ഉയര്‍ന്ന റാങ്കിലുള്ള ജനറലിനെ പുറത്താക്കിയെന്നുള്ള വാര്‍ത്തകളും പുറത്ത് വരുന്നുണ്ട്. പടിഞ്ഞാറന്‍ സായുധ സേനയുടെ കമാന്‍ഡറായ ലഫ്റ്റനന്റ് ജനറല്‍ ബെര്‍ഡ്‌നിക്കോവിനെയാണ് പുടിന്‍ പുറത്താക്കിയത്.
ഉക്രെയ്‌ന്റെ ശക്തമായ തിരിച്ചടിക്ക് പിന്നില്‍ യൂറോപ്യന്‍ യൂണിയന്റെയും സഖ്യ രാജ്യങ്ങളുടെയും പിന്തുണയാണെന്ന് പുടിന് അറിയാം. ഉക്രെയ്ന്‍ സഹായ രാജ്യങ്ങളെ പ്രതിരോധത്തിലാക്കാന്‍ യൂറോപിലേക്കുള്ള ഗ്യാസ് വിതരണം നിന്ത്രിക്കുന്ന സമ്മര്‍ദ്ദ തന്ത്രവും പുടിന്‍ പയറ്റുന്നുണ്ട്. ധാന്യ കയറ്റുമതിയും റഷ്യ പരിമതപ്പെടുത്തി. ഇതിലൊന്നും ഉക്രെയ്ന്‍ കുലുങ്ങില്ലെന്ന സൂചനയാണ് തിരിച്ചടിയിലൂടെ റഷ്യക്ക് നല്‍കിക്കൊണ്ടിരിക്കുന്നത്. സൈനിക തിരിച്ചടിക്ക് പുറമേ യൂറോപ്പിലെ ഏറ്റവും വലിയ അണവ നിലയത്തിന്റെ പ്രവര്‍ത്തനം ഉക്രെയ്ന്‍ നിര്‍ത്തിവച്ചതും റഷ്യയ്ക്ക് തിരിച്ചടിയായി. കഴിഞ്ഞ ഏഴു മാസക്കാലമായി യുദ്ധമുഖത്ത് റഷ്യ കൈയടക്കിയ ആധിപത്യം പതിയെ ഉക്രെയ്‌നിലേക്ക് മാറുന്നതിന്റെ സൂചനയാണിത്.
അതേസമയം സേനയുടെ പിന്‍മാറ്റം ഉക്രെയ്ന്‍ തിരിച്ചടിയില്‍ ഭയന്നല്ലെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കുന്നുമുണ്ട്. യൂറോപ്പ് ശൈത്യക്കാലത്തേക്ക് നിങ്ങുന്നതിനാല്‍ സൈനത്തിന്റെ സ്വഭാവിക പിന്മാറ്റമാണിതെന്നും മന്ത്രാല വക്താവ് പറഞ്ഞു. യുദ്ധം അവസാനിച്ചിട്ടില്ല. ശക്തമായ മടങ്ങിവരവ് ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഈ വര്‍ഷം ഫെബ്രുവരി 24 നാണ് റഷ്യയുടെ ഉക്രെയ്ന്‍ അധിനിവേശം ആരംഭിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.