പെര്‍ത്ത്: പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയിലെ ആല്‍ബനിക്കു സമീപം കംഗാരുവിന്റെ ആക്രമണത്തില്‍ വയോധികന്‍ കൊല്ലപ്പെട്ടു. വീട്ടില്‍ ഓമനിച്ചു വളര്‍ത്തിയ കംഗാരുവിന്റെ ആക്രമണത്തിലാണ് 77 വയസുകാരന്‍ ദാരുണമായി കൊല്ലപ്പെട്ടത്. ഓസ്‌ട്രേലിയയില്‍ 86 വര്‍ഷത്തിനിടെ ഇതാദ്യമായാണ് കംഗാരുവിന്റെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുന്നതെന്ന് പൊലീസ് അറിയിച്ചു. വയോധികന്റെ പേരു വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
പടിഞ്ഞാറന്‍ ഓസ്‌ട്രേലിയന്‍ തലസ്ഥാനമായ പെര്‍ത്തില്‍ നിന്ന് 400 കിലോമീറ്റര്‍ അകലെ റെയ്മണ്ടിലെ വീട്ടിലാണ് 77-കാരനെ ഗുരുതരമായ പരിക്കുകളോടെ ബന്ധു വീണു കിടക്കുന്ന നിലയില്‍ കണ്ടത്. പാരാ മെഡിക്കല്‍ സംഘം എത്തുമ്പോള്‍ വൃദ്ധനു സമീപം കംഗാരുവുണ്ടായിരുന്നു. പ്രാഥമിക ചികിത്സയ്ക്കായി വൃദ്ധനു സമീപമെത്താന്‍ അനുവദിക്കാതെ കംഗാരു, മെഡിക്കല്‍ സംഘത്തെയും ആക്രമിക്കാന്‍ ശ്രമിച്ചു. ഇതോടെ കംഗാരുവിനെ വെടിവെച്ചു കൊല്ലേണ്ടിവന്നതായി പൊലീസ് പറഞ്ഞു. ഈ സമയത്തിനിടെ വയോധികനും മരിച്ചിരുന്നു.
ഓസ്ട്രേലിയയുടെ തെക്കന്‍ ഭാഗങ്ങളില്‍ കാണപ്പെടുന്ന വെസ്‌റ്റേണ്‍ ഗ്രേ കംഗാരൂ എന്ന ഇനമാണ് ആക്രമിച്ചത്. ഈ ഇനത്തിലെ ആണ്‍ കംഗാരുവിന് 2.2 മീറ്റര്‍ വരെ നീളവും 70 കിലോ വരെ ഭാരവും ഉണ്ടാകും. ആക്രമിച്ച കംഗാരുവിന് ഒരു വര്‍ഷത്തില്‍ താഴെ മാത്രമാണ് പ്രായം. കാട്ടില്‍ വളരുന്ന കംഗാരുവിനെയാണ് വൃദ്ധന്‍ വീട്ടില്‍ വളര്‍ത്തിയത്.
ഇതിനു മുന്‍പ് 1936ല്‍ ന്യൂ സൗത്ത് വെയില്‍സിലാണ് സമാനമായ കംഗാരു ആക്രമണമുണ്ടായതെന്ന് ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഒരു വലിയ കംഗാരുവില്‍ നിന്ന് രണ്ട് നായകളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഒരു യുവാവാണ് ആക്രമിക്കപ്പെട്ടത്. ആക്രമണത്തില്‍ താടിയെല്ല് പൊട്ടി തലയ്ക്ക് സാരമായ പരിക്കേറ്റ 38 വയസുകാരന്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചതെന്ന് സിഡ്നി മോണിങ് ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഓസ്‌ട്രേലിയയില്‍ ഏകദേശം 50 ദശലക്ഷം കംഗാരുക്കളുണ്ടെന്നാണ് കണക്കുകള്‍. അവയ്ക്ക് 90 കിലോഗ്രാം വരെ ഭാരവും രണ്ടു മീറ്റര്‍ വരെ ഉയരവുമാണ് പരമാവധി ഉണ്ടാകുക. മൂര്‍ച്ചയുള്ള പല്ലുകളും നഖങ്ങളും ഉള്ള ജീവിയാണെങ്കിലും ഇവ ഇത്തരത്തില്‍ ഗുരുതരമായ രീതിയില്‍ ആക്രമിക്കുക അപൂര്‍വ്വമാണ്.
രക്ഷാമാര്‍ഗങ്ങളില്ലാതെ ഏതെങ്കിലും തരത്തില്‍ അകപ്പെടുകയോ മറ്റു തരത്തില്‍ ദുരിതത്തിലാകുകയോ ചെയ്യുമ്പോള്‍ കംഗാരുക്കള്‍ അപകടകാരികളാകുമെന്ന് വിദഗ്ദ്ധരെ ഉദ്ധരിച്ച് ഓസ്ട്രേലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കംഗാരുവിന്റെ ആക്രമണത്തില്‍നിന്നു രക്ഷ നേടാന്‍ തുടര്‍ന്നു വായിക്കുക:
കംഗാരുവിന്റെ അപ്രതീക്ഷിത ആക്രമണത്തില്‍ വയോധികയ്ക്കു ഗുരുതര പരിക്ക്; മുഖാമുഖം വന്നാല്‍ എങ്ങനെ രക്ഷപ്പെടാം?
വീട്ടുവരാന്തയില്‍ വച്ച് മൂന്നു വയസുകാരിക്കു നേരേ കംഗാരുവിന്റെ ആക്രമണം
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.