ബ്രിസ്ബന്‍: ക്വീന്‍സ് ലന്‍ഡില്‍ കംഗാരുവിന്റെ അപ്രതീക്ഷിത ആക്രമണത്തില്‍ വയോധികയ്ക്ക് ഗുരുതര പരിക്ക്. ഗോള്‍ഫ് കളിക്കുന്നതിനിടെയാണ് 60 വയസുള്ള സ്ത്രീക്കു നേരെ കംഗാരുവിന്റെ ആക്രമണമുണ്ടായത്. ഗോള്‍ഡ് കോസ്റ്റിലെ അരുണ്‍ഡെല്‍ ഹില്‍സ് ഗോള്‍ഫ് ക്ലബ്ബില്‍ കഴിഞ്ഞ ദിവസമാണ് സംഭവമുണ്ടായത്. കംഗാരു സ്ത്രീയെ തൊഴിക്കുകയും ഇടിക്കുകയും മാന്തി പരിക്കേല്‍പ്പിക്കുകയും ചെയ്തു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച സ്ത്രീയുടെ നില തൃപ്തികരമാണ്.
കംഗാരുക്കളുടെ നാടായ ഓസ്‌ട്രേലിയയില്‍ മനുഷ്യര്‍ക്കു നേരേയുള്ള ഇവയുടെ ആക്രമണം പതിവു സംഭവമാണ്.
വെള്ളിയാഴ്ച രാവിലെ ഒന്‍പതു മണിയോടെ ഗോള്‍ഫ് കോഴ്‌സില്‍ കളിച്ചുകൊണ്ടിരുന്ന സ്ത്രീയുടെ സമീപത്തേക്കു വന്ന കംഗാരു പെട്ടെന്ന് പിന്‍കാലുകള്‍ കൊണ്ട് അവരെ ചവിട്ടി നിലത്തു വീഴ്ത്തുകയായിരുന്നു. വീണു കിടന്ന സ്ത്രീയുടെ മുഖത്തും തലയിലും കൈകളിലും കാലുകളിലും ഇടിക്കുകയും ചെയ്തു. ആളുകള്‍ ഓടിവന്നതിനെതുടര്‍ന്ന് കംഗാരു അവിടെനിന്ന് ഓടിപ്പോയി.
പാരാ മെഡിക്കല്‍ ജീവനക്കാരെത്തി പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷമാണ് സ്ത്രീയെ പിണ്ടാരയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റിയത്. കംഗാരുവിന്റെ അപ്രതീക്ഷിത ആക്രമണം സ്ത്രീക്ക് വലിയ ആഘാതമുണ്ടാക്കിയതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. താടിയെല്ലിനാണ് ഏറ്റവും കൂടുതല്‍ പരിക്കേറ്റത്.
ക്വീന്‍സ്ലന്‍ഡില്‍ ഒരു വര്‍ഷത്തിനിടെ ഇത് ആദ്യത്തെ കംഗാരു ആക്രമണമാണെന്ന് ആംബുലന്‍സ് സര്‍വീസ് ഓപ്പറേഷന്‍ സൂപ്പര്‍വൈസര്‍ ജോയല്‍ മക്ഇവാന്‍ പറഞ്ഞു. ഗോള്‍ഫ് കോഴ്‌സുകളില്‍ ധാരാളം കംഗാരുക്കളെ കാണാറുണ്ട്. എന്നാല്‍ അവ ഉപദ്രവിക്കുന്നത് അപൂര്‍വമാണ്.
സ്ത്രീക്കു നേരേയുണ്ടായ ആക്രമണത്തില്‍ തങ്ങള്‍ക്ക് വേദനയുണ്ടെന്നും അസാധാരണവുമായ ഈ സംഭവത്തെക്കുറിച്ച അന്വേഷിക്കുമെന്നും ക്ലബ് വക്താവ് പ്രസ്താവനയില്‍ പറഞ്ഞു.
കംഗാരു മുഖാമുഖം വന്നാല്‍ എന്തുചെയ്യും?
കംഗാരു ഒരു മനുഷ്യന്റെ നേരെ മുഖാമുഖം വന്നാല്‍ കഴിയുന്നത്ര വേഗത്തില്‍ അവിടെനിന്ന് രക്ഷപ്പെടണമെന്ന് വന്യജീവി വിദഗ്ധര്‍ പറയുന്നു. കംഗാരു ആക്രമണങ്ങള്‍ അപൂര്‍വമാണ്, എന്നാല്‍ ചില സാഹചര്യങ്ങളില്‍ മാരകമായേക്കാമെന്ന് വന്യജീവി വിദഗ്ധനായ ഇയാന്‍ ടെംബി പറഞ്ഞു.
'കംഗാരു അതിന്റെ പിന്‍കാലുകള്‍ കൊണ്ട് ചവിട്ടുമ്പോള്‍ മാരകമായി പരിക്കേല്‍ക്കാന്‍ സാധ്യതയുണ്ട്. കംഗാരു അടുത്തു വരുമ്പോള്‍ താഴേക്ക് കുനിഞ്ഞ് പിന്നോട്ട് പോയി അടുത്തുള്ള കുറ്റിച്ചെടിയിലോ മരത്തിനു പിന്നിലോ അഭയം പ്രാപിക്കണം. കംഗാരു ഒരിക്കലും അധികം ദൂരം പിന്തുടരില്ല.
കംഗാരുവിന്റെ ആക്രമണം ഒഴിവാക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം സുരക്ഷിതമായ അകലം പാലിക്കുകയാണെന്ന് ടെംബി പറഞ്ഞു. ഒരിക്കലും ഭക്ഷണം നല്‍കാന്‍ ശ്രമിക്കരുത്.
അവ ആക്രമിക്കാന്‍ വന്നാല്‍ ഒരിക്കലും നേരെ തലയുയര്‍ത്തി നിന്ന് കംഗാരുവിനെ അഭിമുഖീകരിക്കരുത്. കാരണം അത് ഒരു വെല്ലുവിളിയായി അവ തെറ്റിദ്ധരിക്കും.
കൂടുതല്‍ വായനയ്ക്ക്:
വീട്ടുവരാന്തയില്‍ വച്ച് മൂന്നു വയസുകാരിക്കു നേരേ കംഗാരുവിന്റെ ആക്രമണം
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.