ന്യൂഡല്‍ഹി: വ്യോമത്താവളങ്ങളുടെ സുരക്ഷയ്ക്കും നിരീക്ഷണത്തിനുമായി 100 ആളില്ലാ വിമാനങ്ങള്‍ വാങ്ങാനൊരുങ്ങി വ്യോമസേന. ഇന്ത്യയിലെ നിര്‍മാതാക്കളില്‍ നിന്നാകും യുഎവികള്‍ വാങ്ങുക. കഴിഞ്ഞ വര്‍ഷം ജമ്മുവിലെ വ്യോമത്താവളത്തിലുണ്ടായ ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്നാണ് നിര്‍ണായക നീക്കം.
കഴിഞ്ഞ വര്‍ഷം ജൂണില്‍ ജമ്മുവിലുണ്ടായ ഡ്രോണ്‍ ആക്രമണം ഇത്തരത്തില്‍ രാജ്യത്തു തന്നെ ആദ്യത്തേതായിരുന്നു. ഇതോടെ സുരക്ഷാ മുന്‍കരുതലുകള്‍ വര്‍ധിപ്പിക്കേണ്ടത് അനിവാര്യമായി. സ്‌ഫോടക വസ്തുക്കള്‍ നിറച്ച രണ്ട് ഡ്രോണുകള്‍ പുലര്‍ച്ചെ വ്യോമതാവളത്തിലേയ്ക്ക് ഇടിച്ചിറക്കുകയായിരുന്നു. ആദ്യ ആക്രമണത്തില്‍ ഹൈ സെക്യൂരിറ്റി ടെക്‌നിക്കല്‍ ഏരിയയിലെ ഒറ്റനില കെട്ടിടത്തിന്റെ മേല്‍ക്കൂര തകരുകയും ആറ് മിനിറ്റിനു ശേഷം തുറസായ സ്ഥലത്ത് ഇടിച്ചിറക്കിയ രണ്ടാം ഡ്രോണ്‍ പൊട്ടിത്തെറിക്കുകയുമായിരുന്നു. ആക്രമണത്തില്‍ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന സേനാംഗങ്ങള്‍ക്ക് പരുക്കേറ്റിരുന്നു.
പഞ്ചാബിലെ അതിര്‍ത്തി ഗ്രാമങ്ങള്‍, ജമ്മു കശ്മീര്‍ അതിര്‍ത്തിയോടു ചേര്‍ന്നുള്ള വന മേഖലകള്‍ എന്നിവിടങ്ങളിലേക്കാണു ഡ്രോണ്‍ ഉപയോഗിച്ച് ആയുധങ്ങളും ലഹരിവസ്തുക്കളും കള്ളനോട്ടും എത്തിക്കുന്നത്. 200 അടി ഉയരത്തില്‍, 20 കിലോ വരെ ഭാരം ചുമന്നു പറക്കാനാകുന്ന ഡ്രോണുകളാണ് പാക്ക് ഭീകരര്‍ ഉപയോഗിക്കുന്നത്. പാക്ക് മേഖലയില്‍ നിന്നു വരുന്ന ഡ്രോണുകള്‍ ഇന്ത്യന്‍ സേനാംഗങ്ങള്‍ വെടിവച്ചിടുകയാണ് പതിവ്.
155 കോടി ചെലവിട്ടു ഹൈദരാബാദ് ആസ്ഥാനമായ സെന്‍ ടെക്‌നോളജീസിന്റെ ആന്റിഡ്രോണ്‍ സംവിധാനം നേരത്തേ വ്യോമസേന സ്വന്തമാക്കിയിരുന്നു. പുതിയ യുഎവി ഇടപാട് ഡ്രോണ്‍ ആക്രമണത്തിന് അതേ നാണയത്തില്‍ തിരിച്ചടി നല്‍കാന്‍ സേനയെ പ്രാപ്തമാക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ചു ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.