കീവ്: ഉക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്‌കി സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. വ്യാഴാഴ്ച്ച പുലര്‍ച്ചെ ഉക്രെയ്ന്‍ തലസ്ഥാനമായ കീവിലായിരുന്നു അപകടം. ആരുടെയും പരിക്ക് ഗുരുതരമല്ല.
ഒരു പാസഞ്ചര്‍ കാര്‍ സെലന്‍സ്‌കി സഞ്ചരിച്ച കാറിലും എസ്‌കോര്‍ട്ട് വാഹനത്തിലും വന്നിടിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ വക്താവ് സെര്‍ജി നിക്കിഫോറോവാണ് ഇക്കാര്യം ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. വിശദ പരിശോധനയ്ക്ക് ശേഷം സെലന്‍സ്‌കിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
അപകടത്തില്‍ പരിക്കേറ്റ ഡ്രൈവറെ ആശുപത്രിയിലേക്കു മാറ്റി. സംഭവത്തെക്കുറിച്ച് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. റഷ്യന്‍ സൈന്യത്തില്‍ നിന്ന് തിരിച്ചുപിടിച്ച നഗരമായ ഇസിയത്തിലെ സൈനികരെ ബുധനാഴ്ച സെലന്‍സ്‌കി സന്ദര്‍ശിച്ചിരുന്നു. ശേഷം ഖാര്‍കിവ് മേഖലയില്‍ നിന്ന് കീവിലേക്ക് മടങ്ങി വരുമ്പോഴാണ് വാഹനാപകടമുണ്ടായത്.
ഉക്രെയ്‌നില്‍ നിലവില്‍ റഷ്യന്‍ സൈന്യം പല മേഖലകളില്‍ നിന്നും പിന്തിരിയുന്ന കാഴ്ചയാണ് കാണുന്നത്. പിടിച്ചടക്കിയ പല പ്രദേശങ്ങളും ഉക്രെയ്ന്‍ സൈന്യം തിരിച്ചു പിടിക്കുകയും ചെയ്തു. പലയിടത്തു നിന്നും റഷ്യന്‍ സൈന്യം പിന്മാറി.
ഖാര്‍കിവ് മേഖലയിലെ രണ്ടു പ്രദേശങ്ങളില്‍നിന്ന് സൈന്യത്തെ പിന്‍വലിച്ചതായി റഷ്യന്‍ പ്രതിരോധമന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. അതേസമയം ബലക്ലിയ, ഇസിയം മേഖലകളില്‍നിന്ന് പിന്‍വാങ്ങിയെങ്കിലും ഡോണെസ്‌ക് മേഖലയില്‍ സൈനികരെ പുനഃസംഘടിപ്പിക്കുമെന്ന് റഷ്യന്‍ പ്രതിരോധമന്ത്രാലയ വക്താവ് ഇഗോര്‍ കൊനാഷെങ്കോവ് അറിയിച്ചു.
ഉക്രെയ്‌നില്‍ റഷ്യ കൈവശപ്പെടുത്തിയ മുഴുവന്‍ സ്ഥലവും തിരിച്ചുപിടിക്കുമെന്ന് പ്രസിഡന്റ് സെലന്‍സ്‌കി വാഗ്ദാനം ചെയ്തു. ഈ ലക്ഷ്യത്തിലെത്താന്‍ പാശ്ചാത്യ രാജ്യങ്ങള്‍ നല്‍കിവരുന്ന സഹായം വേഗത്തിലാക്കണമെന്ന് സെലന്‍സ്‌കി അഭ്യര്‍ഥിച്ചു. പാശ്ചാത്യ രാജ്യങ്ങള്‍ നല്‍കിയ ആധുനിക ആയുധങ്ങള്‍ നിര്‍ണായക വിജയത്തിനു സഹായിച്ചെന്നും റഷ്യയുടെ അധിനിവേശത്തില്‍ നിന്ന് 8000 ചതുരശ്ര കിലോമീറ്റര്‍ മോചിപ്പിച്ചതായും അദ്ദേഹം പറഞ്ഞു.
ഖാര്‍കിവ് മേഖലയില്‍ ചിലയിടങ്ങളില്‍ റഷ്യന്‍ സേന ഷെല്ലാക്രമണം തുടരുന്നുണ്ട്. 2014-ല്‍ റഷ്യ പിടിച്ച ക്രൈമിയയ്ക്കു സമീപമുള്ള, വിമതര്‍ക്ക് സ്വാധീനമുള്ള പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് റഷ്യയുടെ ഇപ്പോഴത്തെ ആക്രമണം. സാപൊറീഷ്യ ആണവനിലയത്തിനു സമീപം ആക്രമണം തുടരുന്നത് ആശങ്കയ്ക്കിടയാക്കുന്നുണ്ട്. ഡോണെസ്‌ക് മേഖലയിലെ ലൈമാന്‍ തിരിച്ചുപിടിക്കാനാണ് ഉക്രെയ്ന്‍ സൈന്യം ഇപ്പോള്‍ ശ്രമിക്കുന്നത്.
അതേസമയം, ഉക്രെയ്‌നിലേക്ക് കൂടുതല്‍ സൈന്യത്തെ അയയ്ക്കാന്‍ നീക്കമില്ലെന്ന് റഷ്യയുടെ വക്താവ് ദിമിത്രി പെസ്‌കോവ് അറിയിച്ചു. എന്നാല്‍, ലക്ഷ്യത്തിലെത്തുന്നതു വരെ ഉക്രെയ്‌നിലെ പ്രത്യേക സൈനിക നടപടി തുടരും. കടുത്ത ഊര്‍ജ പ്രതിസന്ധി നേരിടുന്ന ഉക്രെയ്‌നും യൂറോപ്പും ഉടനെത്തുന്ന ശൈത്യകാലത്തിന്റെ ആശങ്കയിലാണ്. സാപൊറീഷ്യ ആണവനിലയം പൂര്‍ണമായും പ്രവര്‍ത്തനം നിര്‍ത്തിയത് ഉക്രെയ്‌നിലെങ്ങും വൈദ്യുതി നിയന്ത്രണം അനിവാര്യമാക്കി. റഷ്യയില്‍ നിന്നുള്ള എണ്ണ, വാതകം, കല്‍ക്കരി ലഭ്യത പരിമിതമായതോടെ യൂറോപ്യന്‍ രാജ്യങ്ങളും വിഷമത്തിലാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.