സര്‍ക്കാരിന് ഏത് ബില്ലുകളും അവതരിപ്പിക്കാം; നിയമമാകണമെങ്കില്‍ താന്‍ ഒപ്പിടണം: വീണ്ടും പോര്‍മുഖം തുറന്ന് ഗവര്‍ണര്‍

സര്‍ക്കാരിന് ഏത് ബില്ലുകളും അവതരിപ്പിക്കാം; നിയമമാകണമെങ്കില്‍ താന്‍ ഒപ്പിടണം: വീണ്ടും പോര്‍മുഖം തുറന്ന് ഗവര്‍ണര്‍

കോട്ടയം: സംസ്ഥാന സര്‍ക്കാരിനെതിരെ വീണ്ടും പോര്‍മുഖം തുറന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ജനാധിപത്യ സര്‍ക്കാരിന് ഏത് നിയമം കൊണ്ടുവരാനും ബില്ലുകള്‍ അവതരിപ്പിക്കാനും അവകാശമുണ്ട്. എന്നാല്‍ അത് നിയമമാകണമെങ്കില്‍ ഗവര്‍ണര്‍ ഒപ്പിടണം.

താന്‍ റബര്‍ സ്റ്റാംപ് അല്ലെന്നും നിയമവും ഭരണ ഘടനയും കീഴ്വഴക്കങ്ങളും അനുസരിച്ചു മാത്രമേ ബില്ലുകളില്‍ ഒപ്പിടുന്ന കാര്യത്തിലടക്കം തീരുമാനമെടുക്കൂ എന്നും അദ്ദേഹം കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു. ഇതോടെ പ്രത്യേക നിയമസഭാ സമ്മേളനം ചേര്‍ന്ന് പാസാക്കിയ ലോകായുക്താ ബില്‍ ഉള്‍പ്പടെയുള്ളവയില്‍ ഒപ്പിടില്ലെന്ന സൂചനയാണ് ഗവര്‍ണര്‍ നല്‍കിയിരിക്കുന്നത്.

സര്‍വകലാശാലകളുടെ സ്വയം ഭരണാവകാശം അട്ടിമറിക്കുന്ന ഒന്നിനും കൂട്ടു നില്‍ക്കില്ലെന്നു പറഞ്ഞ ഗവര്‍ണര്‍ സര്‍വകലാശാലകളുടെ സ്വയംഭരണാവകാശം ലഘൂകരിക്കാന്‍ അനുവദിക്കില്ലെന്നും വ്യക്തമാക്കി.

രാഷ്ട്രീയമായി സര്‍വകലാശാലകളെ കയ്യടക്കാന്‍ സമ്മതിക്കില്ല. നിയമം തകര്‍ക്കാന്‍ സര്‍ക്കാര്‍ തന്നെ ശ്രമിക്കുമ്പോള്‍ കൂട്ടു നില്‍ക്കാനാവില്ല. സര്‍വകലാശാലകളിലെ സ്വയംഭരണാവകാശം പരിപാവനമാണ്. അതില്‍ വെള്ളം ചേര്‍ക്കാന്‍ അനുവദിക്കുന്ന പ്രശ്‌നമില്ലെന്നും അദ്ദേഹം പറഞ്ഞു.

സര്‍വകലാശാലകളില്‍ മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും യോഗ്യതയില്ലാത്ത ബന്ധുക്കളെ നിയമിക്കാന്‍ അനുവദിക്കില്ല. മുഖ്യമന്ത്രിയുടെ അറിവില്ലാതെ എങ്ങനെയാണ് അദ്ദേഹത്തിന്റെ സ്റ്റാഫിന്റെ ബന്ധുവിനെ നിയമിക്കുന്നതെന്നും ഗവര്‍ണര്‍ ചോദിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.