സുധാകരനെതിരെ മത്സരിക്കാനൊരുങ്ങി ശരത്ചന്ദ്ര പ്രസാദ്; നേതാക്കള്‍ ഇടപെട്ട് അനുനയിപ്പിച്ചു

സുധാകരനെതിരെ മത്സരിക്കാനൊരുങ്ങി ശരത്ചന്ദ്ര പ്രസാദ്; നേതാക്കള്‍ ഇടപെട്ട് അനുനയിപ്പിച്ചു

തിരുവനന്തപുരം: കെ.സുധാകരന്റെ ശൈലിയിലും അംഗത്വ പട്ടികയിലുമുള്ള അമര്‍ഷം മൂലം കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ ഒരുങ്ങി ശരത്ചന്ദ്ര പ്രസാദ്. ജനറല്‍ ബോഡി യോഗത്തിന് മുമ്പ് നേതാക്കള്‍ അനുനയിപ്പിച്ചതോടെ ശരത് പിന്മാറി. പിന്നീടാണ് പുതിയ പ്രസിഡണ്ടിനെ തെരഞ്ഞെടുക്കാന്‍ എഐസിസി അധ്യക്ഷയെ ചുമതലപ്പെടുത്തുന്ന പ്രമേയം യോഗം പാസാക്കിയത്.

സമവായത്തിലൂടെ കെ.സുധാകരനെ വീണ്ടും പ്രസിഡന്റാാക്കാന്‍ ധാരണയിലെത്തിയ നേതൃത്വത്തെ അമ്പരിപ്പിച്ചായിരുന്നു ശരത്ചന്ദ്ര പ്രസാദിന്റെ നീക്കം. ജനറല്‍ ബോഡി യോഗത്തിന് മുമ്പ് അധ്യക്ഷ സ്ഥാനത്തേക്ക് താന്‍ മത്സരിക്കുമെന്ന് ശരത് നേതാക്കളെ അറിയിച്ചു.

ഐ ഗ്രൂപ്പ് നേതാവായ ശരത്തിനെ അനുനയിപ്പിക്കാന്‍ കെപിസിസി നേതൃത്വം തുടര്‍ന്ന് രമേശ് ചെന്നിത്തലയെ ചുമതലപ്പെടുത്തി. ആദ്യം ചെന്നിത്തലയും പിന്നാലെ കെ.സുധാകരനും വി.ഡി സതീശനുമടക്കമുള്ള നേതാക്കളും ശരതുമായി സംസാരിച്ചു. അംഗത്വ പട്ടിക നിശ്ചയിക്കുന്നതിലടക്കം വീതം വെപ്പ് നടന്നുവെന്നാണ് ശരതിന്റെ പരാതി.

തരൂര്‍ എഐസിസി പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിച്ചാല്‍ മനസാക്ഷിവോട്ട് ചെയ്യണമെന്ന കെ സുധാകരന്റെ പ്രസ്താവനയിലും ശരതിന് അതൃപ്തിയുണ്ട്. പ്രശ്‌നങ്ങളും പരാതികളും പറഞ്ഞ് തീര്‍ക്കാമെന്ന് നേതൃത്വം ഉറപ്പ് നല്‍കി. ജോഡോ യാത്രക്കിടെ കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് മത്സരം വന്നാല്‍ തിരിച്ചടി ഉണ്ടാകുമെന്ന് അറിയിച്ച നേതാക്കള്‍ ഒടുവില്‍ ശരത്തിനെ അനുനയിപ്പിച്ചു.

അനുനയ ചര്‍ച്ചക്ക് ശേഷം ചെന്നിത്തല തന്നെയാണ് യോഗത്തില്‍ പുതിയ അധ്യക്ഷനെയും കെപിസിസി ഭാരവാഹികളെയും എഐസിസി അംഗങ്ങളെയും തെരഞ്ഞെടുക്കാന്‍ സോണിയ ഗാന്ധിയെ ചുമതലപ്പെടുത്തുന്ന ഒറ്റവരി പ്രമേയം അവതരിപ്പിച്ചത്. അഞ്ച് നേതാക്കള്‍ പിന്താങ്ങി ഏകകണ്ഠമായി പ്രമേയം പാസാക്കി. കെ.സുധാകരനെ പ്രസിഡണ്ടായി വീണ്ടും തെരഞ്ഞെടുത്തുള്ള തീരുമാനം ഡല്‍ഹിയില്‍ നിന്നും വൈകാതെ ഉണ്ടാകും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.