'ഇങ്ങനെയല്ല ഞങ്ങളുടെ പദ്ധതി'; ട്രംപിന്റെ ഗാസ സമാധാന പദ്ധതിയെ പിന്തുണയ്ക്കില്ലെന്ന് പാകിസ്ഥാന്‍

'ഇങ്ങനെയല്ല ഞങ്ങളുടെ പദ്ധതി'; ട്രംപിന്റെ ഗാസ സമാധാന പദ്ധതിയെ പിന്തുണയ്ക്കില്ലെന്ന് പാകിസ്ഥാന്‍

ഇസ്ലാമാബാദ്: ഇസ്രയേല്‍-ഹമാസ് യുദ്ധം അവസാനിപ്പിച്ച് ഗാസയില്‍ സമാധാനം പുനസ്ഥാപിക്കുന്നതിന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നോട്ടുവച്ച സമാധാന പദ്ധതി സംബന്ധിച്ച നിലപാടില്‍ മലക്കംമറിഞ്ഞ് പാകിസ്ഥാന്‍. നേരത്തെ ട്രംപിന്റെ ഇരുപത് നിര്‍ദേശത്തെ പിന്തുണച്ച പാകിസ്ഥാന്‍ ഇപ്പോള്‍ അതില്‍ നിന്ന് പിന്‍വാങ്ങിയതായാണ് റിപ്പോര്‍ട്ട്.

തങ്ങള്‍ പിന്തുണച്ച പദ്ധതിയില്‍ പിന്നീട് യുഎസ് മാറ്റങ്ങള്‍ വരുത്തിയെന്നായിരുന്നു പാക് വിദേശകാര്യ മന്ത്രി ഇഷാഖ് ദാറുടെ പ്രതികരണം. മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളുടെ സംഘം യു.എസിന് മുന്നില്‍ വെച്ചിരുന്ന കരട് നിര്‍ദേശവുമായി പൊരുത്തപ്പെടുന്നതല്ല ട്രംപിന്റെ പദ്ധതിയെന്ന് അദേഹം വെള്ളിയാഴ്ച പാകിസ്ഥാന്‍ പാര്‍ലമെന്റില്‍ വ്യക്തമാക്കിയിരുന്നു. ട്രംപ് പദ്ധതിയില്‍ മാറ്റങ്ങള്‍ വരുത്തിയതായും മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ തങ്ങളുടേതല്ലെന്നുമായിരുന്നു അദ്ദേദഹം പറഞ്ഞത്.

ട്രംപിന്റെ സമാധാന പദ്ധതിക്ക് പാകിസ്ഥാന്‍ നല്‍കിയ പരസ്യ പിന്തുണ രാജ്യത്തിനകത്ത് വലിയ രോഷത്തിന് കാരണമായതിനെ തുടര്‍ന്നാണ് ഇഷാഖ് ദാറിന്റെ വിശദീകരണം. ഗാസ സമാധാന കരാറിനെ പിന്തുണച്ചതിന് പാകിസ്ഥാന്‍ നേതാക്കളെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രശംസിച്ച് ദിവസങ്ങള്‍ക്കകമാണ് പാകിസ്ഥാന്റെ നിലപാട് മാറ്റം.

ഗാസ ഭരിക്കുന്ന ഹമാസ് ആയുധം താഴെവെക്കണമെന്നായിരുന്നു ട്രംപ് മുന്നോട്ടുവെച്ച പ്രധാന നിര്‍ദേശങ്ങളില്‍ ഒന്ന്. കൂടാതെ യുഎസ് പ്രസിഡന്റ് അധ്യക്ഷനായ ഒരു സമിതി ഗാസയുടെ ഭരണം നിര്‍വഹിക്കണമെന്നും നിര്‍ദേശത്തില്‍ പറഞ്ഞിരുന്നു. പാലസ്തീന്‍ മേഖലയില്‍ നിന്ന് ഇസ്രയേല്‍ ഘട്ടം ഘട്ടമായി പിന്മാറുന്നതിനും ബന്ദികളെ കൈമാറുന്നതിനും അറബ് രാജ്യങ്ങളുടെ സാമ്പത്തിക സഹായത്തോടെ ഗാസ പുനര്‍നിര്‍മ്മിക്കുന്നതിനുമുള്ള വ്യവസ്ഥകളും നിര്‍ദേശത്തില്‍ ഉള്‍പ്പെടുന്നു. എന്നാല്‍ പാലസ്തീന്‍ രാഷ്ട്രം രൂപീകരിക്കുന്നതിനെക്കുറിച്ച് നിര്‍ദേശത്തില്‍ പറയുന്നുമില്ല


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.