അനുകരണീയമായ മാതൃക; രാജ്ഞിക്ക് ആദരാജ്ഞലി അര്‍പ്പിക്കാന്‍ ഡേവിഡ് ബെക്കാം ക്യൂ നിന്നത് 13 മണിക്കൂര്‍

അനുകരണീയമായ മാതൃക; രാജ്ഞിക്ക് ആദരാജ്ഞലി അര്‍പ്പിക്കാന്‍ ഡേവിഡ് ബെക്കാം ക്യൂ നിന്നത് 13 മണിക്കൂര്‍

ലണ്ടന്‍: താരപരിവേഷം നല്‍കുന്ന മുന്‍ഗണനകള്‍ വേണ്ടെന്നുവച്ച് അനുകരണീയമായ മാതൃക കാട്ടി ഇംഗ്ലണ്ട് ഫുട്ബോള്‍ ടീം മുന്‍ ക്യാപ്റ്റന്‍ ഡേവിഡ് ബെക്കാം. അന്തരിച്ച എലിസബത്ത് രാജ്ഞിക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ ഡേവിഡ് ബെക്കാം ക്യൂ നിന്നത് 13 മണിക്കൂറിലേറെ. വെള്ളിയാഴ്ചയായിരുന്നു ആയിരങ്ങളോടൊപ്പം ബെക്കാം രാജ്ഞിക്ക് അന്തിമോപചാരമര്‍പ്പിക്കാന്‍ കാത്തുനിന്നത്.

യുകെ പാര്‍ലമെന്റിന്റെ ഭാഗമായുള്ള വെസ്റ്റ്മിന്‍സ്റ്റര്‍ ഹാളിലാണ് എലിസബത്ത് രാജ്ഞിയുടെ ഭൗതികദേഹം പൊതുദര്‍ശനത്തിന് വെച്ചത്. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 2.15-ന് വരിനില്‍ക്കാന്‍ തുടങ്ങിയ ബെക്കാമിന് ഉച്ചതിരിഞ്ഞ് 3.25-നാണ് രാജ്ഞിക്ക് അന്തിമോപചാരമര്‍പ്പിക്കാനായത്. റോയിട്ടേഴ്സിന് നല്‍കിയ അഭിമുഖത്തില്‍ ബെക്കാം തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

തിരക്ക് വര്‍ധിച്ചതോടെ വെള്ളിയാഴ്ച അധികൃതര്‍ക്ക് വെസ്റ്റ്മിന്‍സ്റ്റര്‍ ഹാളിലേക്കുള്ള ആളുകളുടെ പ്രവേശനം താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കേണ്ടിവന്നിരുന്നു. 14 മണിക്കൂറോളം കാത്തുനിന്നാണ് പലരും രാജ്ഞിക്ക് അന്തിമോപചാരമര്‍പ്പിച്ചത്.

പാര്‍ലമെന്റിന്റെ വെസ്റ്റ്മിന്‍സ്റ്റര്‍ ഹാളില്‍ നിന്നും മധ്യ ലണ്ടനിലൂടെ ആളുകളുടെ ക്യൂ കിലോമീറ്ററുകളോളം നീണ്ടിരുന്നു. തിങ്കളാഴ്ചയ്ക്ക് മുമ്പ് 7,50000-ഓളം ആളുകള്‍ രാജ്ഞിക്ക് അന്തിമോപചാരം അര്‍പ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

2003-ല്‍ ബ്രിട്ടീഷ് പരമോന്നത ബഹുമതികളില്‍ ഒന്നായ ദ മോസ്റ്റ് എക്സെല്ലെന്റ് ഓര്‍ഡര്‍ ഓഫ് ദ ബ്രിട്ടീഷ് എംപയര്‍ പുരസ്‌കാരം എലിസബത്ത് രാജ്ഞിയില്‍ നിന്ന് ബെക്കാം നേരിട്ട് ഏറ്റുവാങ്ങിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.