ന്യൂഡൽഹി: കിഴക്കൻ ലഡാക്കിലെ ഗോഗ്ര-ഹോട്ട് സ്പ്രിംഗ്സിലെ യഥാർത്ഥ നിയന്ത്രണ രേഖയ്ക്ക് സമീപം ചൈനയുടെ വൻ സൈനിക താവളം ഒരുങ്ങുന്നതിന്റെ ഉപഗ്രഹ ചിത്രങ്ങൾ പുറത്ത്. പോരാട്ടത്തിനു കളമൊരുക്കുന്ന തരത്തിൽ വിപുലമായ സൗകര്യങ്ങളോടെയുള്ള താവളമാണ് ഒരുങ്ങുന്നതെന്നു സൂചന നൽകുന്ന ചിത്രങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. നേരത്തെ ചൈന കയ്യേറ്റം നടത്തിയ സ്ഥാലത്ത് നിന്നു മൂന്നു കിലോമീറ്റർ പിൻവാങ്ങിയാണ് ഇപ്പോഴുള്ള സൈനിക താവളത്തിന്റെ സ്ഥാനം.
2020ൽ ഇന്ത്യൻ സൈന്യം പട്രോൾ നടത്തിയിരുന്ന പ്രദേശത്തിനടുത്ത് യഥാർത്ഥ നിയന്ത്രണരേഖ കടന്ന് ചൈനീസ് സൈന്യം താവളം ഒരുക്കിയതിനെ തുടർന്ന് ഇരു രാജ്യങ്ങളുടെയും ബന്ധത്തിൽ വിള്ളലുണ്ടായിരുന്നു. പിന്നീട് നടന്ന ചർച്ചകളിലൂടെ ചൈന പിന്മാറ്റത്തിന് തയാറായി. എന്നാൽ മൂന്ന് കിലോമീറ്ററിനുള്ളിൽ വീണ്ടും സൈനിക താവളം ഒരുക്കിയിരിക്കുന്നത് പ്രകോപനംസൃഷ്ടിക്കാൻ ലക്ഷ്യമിട്ടാണെന്നു വിലയിരുത്തപ്പെടുന്നു. പരസ്പര ധാരണ ലംഘിച്ചുള്ള ചൈനയുടെ നടപടിയിലുള്ള ഇന്ത്യയുടെ അനിഷ്ടം ഷാങ്ഹായ് ഉച്ചകോടിയിൽ ഇന്ത്യ പ്രകടിപ്പിച്ചു.
പിന്മാറ്റത്തിന് മുമ്പും ശേഷവുമുള്ള രണ്ട് ഉപഗ്രഹ ചിത്രങ്ങളിലാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. 2020 സെപ്റ്റംബർ 12 ലെ ചിത്രത്തിൽ ലഡാക്കിൽ യഥാർത്ഥ നിയന്ത്രണ രേഖയ്ക്കു സമീപം ഇന്ത്യൻ സൈന്യം പട്രോളിംഗ് നടത്തുന്ന പ്രദേശത്ത് ചൈനീസ് സൈന്യത്തിന്റെ ഒരു വലിയ സൈനിക താവളം കാണാം. പോരാട്ടത്തിന് എല്ലാവിധ സൗകര്യങ്ങളുമുള്ളതാണ് ഈ കെട്ടിടം. കിടങ്ങുകളാൽ ചുറ്റപ്പെട്ടിരിക്കുന്ന കെട്ടിടത്തിനു സമീപം സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. മാത്രമല്ല, ആക്രമണത്തിനും പ്രതിരോധത്തിനുമായി സജ്ജമാക്കിയിട്ടുള്ള പീരങ്കികളും കാണാം. സെപ്റ്റംബർ 15 നു എടുത്ത ചിത്രത്തിൽ ഈ കെട്ടിടം പൊളിച്ചതായും അവ വടക്കു ഭാഗത്ത് മൂന്ന് കിലോമീറ്റർ മാറി മറ്റൊരു സ്ഥാനത്തേക്ക് മാറ്റിയതായും കാണുന്നു.
സൈനിക പിന്മാറ്റം സെപ്റ്റംബർ 12ന് പൂർത്തിയായതിന് പിന്നാലെ നടന്ന ഉസ്ബക്കിസ്ഥാനിലെ എസ് സി ഒ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിംങും തമ്മിലുള്ള ചർച്ചകൾ നടന്നേക്കുമെന്ന ഊഹാപോഹങ്ങളുണ്ടായിരുന്നു. എന്നാൽ 2020ലെ ഗാൽവാൻ ഏറ്റുമുട്ടലിനു ശേഷം നടന്ന ആദ്യ ഉച്ചകോടിയിൽ ഇരുവരും കണ്ടുമുട്ടിയെങ്കിലും പരസ്പരം കൈ കൊടുക്കുകയോ ഔദ്യോഗിക- അനൗദ്യോഗിക സംഭാഷണങ്ങൾ നടത്തുകയോ ചെയ്തില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള് സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.