'25 കോടി അടിച്ചു' ! ഓണം ബമ്പര്‍ തിരുവനന്തപുരത്ത് വിറ്റ ടിക്കറ്റിന്

'25 കോടി അടിച്ചു' ! ഓണം ബമ്പര്‍ തിരുവനന്തപുരത്ത് വിറ്റ ടിക്കറ്റിന്

തിരുവനന്തപുരം: ഈ വര്‍ഷത്തെ ഓണം ബമ്പര്‍ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 25 കോടി രൂപ TJ 750605 നമ്പറിന്. തിരുവനന്തപുരം ആറ്റിങ്ങല്‍ ഭഗവതി ഏജന്‍സി വിറ്റ ലോട്ടറിക്കാണ് ഒന്നാം സമ്മാനം.

രണ്ടാം സമ്മാനമായ അഞ്ചുകോടി രൂപ ലഭിച്ച ടിക്കറ്റ്- TG 270912

മൂന്നാം സമ്മാനം- ഒരു കോടി രൂപ വീതം പത്തുപേര്‍ക്ക്

TA 292922, TB 479040, TC 204579, TD 545669, TE 115479, TG 571986, TH 562506, TJ 384189, TK 395507,TL 555868

തിരുവനന്തപുരം ഗോര്‍ക്കി ഭവനില്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാലാണ് ഓണം ബമ്പറിന്റെ ഒന്നാം സമ്മാനം നറുക്കെടുത്തത്.

25 കോടി രൂപയാണ് ഈവര്‍ഷത്തെ ഒന്നാം സമ്മാനം. ഒന്നാം സമ്മാനം നേടുന്ന വ്യക്തിക്ക് നികുതികള്‍ കഴിച്ച് കിട്ടുക 15.75 കോടിയാണ്. ടിക്കറ്റിന് പിറകില്‍ ഒപ്പിടുന്നയാളിനാണ് സമ്മാനത്തിന് അര്‍ഹത.

അഞ്ചുകോടി രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം ഒരു കോടി രൂപ വീതം പത്തു പേര്‍ക്ക്. 90 പേര്‍ക്ക് നാലാം സമ്മാനമായി ഒരു ലക്ഷം രൂപ വീതവും ലഭിക്കും. ആകെ 126 കോടി രൂപയാണ് ഇത്തവണ സമ്മാനമായി നല്‍കുന്നത്.

66.5 ലക്ഷം ടിക്കറ്റുകളാണ് ശനിയാഴ്ച വൈകുന്നേരം വരെ വിറ്റത്. കഴിഞ്ഞ വര്‍ഷം ഓണത്തിന് വിറ്റത് 54 ലക്ഷം ടിക്കറ്റായിരുന്നു. ഇത്തവണ ആദ്യം 65 ലക്ഷം അച്ചടിച്ചു. ആവശ്യക്കാര്‍ ഏറിയതിനാല്‍ രണ്ടരലക്ഷം കൂടി അച്ചടിച്ചിരുന്നു. ഞായറാഴ്ച ഉച്ചവരെ ടിക്കറ്റുകള്‍ വിറ്റിരുന്നു. 90 ലക്ഷം ടിക്കറ്റുകള്‍ വരെ അച്ചടിക്കാന്‍ ഇത്തവണ ഭാഗ്യക്കുറി വകുപ്പിന് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.

500 രൂപയായിരുന്നു ടിക്കറ്റിന്റെ വില. ചെറിയ ഏജന്റുമാര്‍ക്ക് 95 രൂപയും 1000 ടിക്കറ്റില്‍ കൂടുതല്‍ വില്‍ക്കുന്ന വലിയ ഏജന്റുമാര്‍ക്ക് 99.69 രൂപയും കമ്മിഷനായി നല്‍കും. ഏകദേശം 400 രൂപയാണ് ടിക്കറ്റൊന്നിന് ഖജനാവില്‍ എത്തുന്നത്.

ഓണം ബമ്പര്‍ വില്‍പ്പനയിലൂടെ 270 കോടി രൂപ ഇതിനകം എത്തി. സമ്മാനത്തുകയും 28 ശതമാനം ജി.എസ്.ടിയും വകുപ്പിന്റെ നടത്തിപ്പ് ചെലവും എല്ലാം കഴിച്ചുള്ള തുകയാണ് സര്‍ക്കാരിന് കിട്ടുന്നത്. കഴിഞ്ഞ വര്‍ഷം ഓണം ബമ്പര്‍ ടിക്കറ്റ് വില്‍പ്പന വഴി സര്‍ക്കാരിനു കിട്ടിയത് 124.5 കോടി രൂപയാണ്. 54 ലക്ഷം ടിക്കറ്റുകളാണ് വിറ്റത്. അന്നു ടിക്കറ്റു വില 300 രൂപയായിരുന്നു.

25 കോടി രൂപ ഒന്നാം സമ്മാനവുമായി 500 രൂപയുടെ ടിക്കറ്റ് വിപണിയിലെത്തിയപ്പോള്‍ മൊത്തക്കച്ചവടക്കാര്‍ മുതല്‍ നടന്നു വില്‍പ്പന നടത്തുന്നവര്‍ വരെയുള്ള ലോട്ടറി ഏജന്റുമാര്‍ തുടക്കത്തില്‍ പരിഭവം പറഞ്ഞിരുന്നു. ഇത്രയും വലിയ തുക നല്‍കി ആളുകള്‍ ടിക്കറ്റെടുക്കുമോ എന്നായിരുന്നു ആശങ്ക. എന്നാല്‍ വില്‍പന തുടങ്ങി ദിവസങ്ങള്‍ പിന്നിടുമ്പോഴേക്കും ആശങ്കയൊഴിയുകയായിരുന്നു. പിന്നീട് ബമ്പര്‍ ടിക്കറ്റിന് ക്ഷാമം അനുഭവപ്പെടുന്നതിലേക്കാണ് കാര്യങ്ങളെത്തിയത്.

ടിക്കറ്റു വില്‍പ്പന കൂടിയതോടെ ചില്ലറ വില്‍പ്പന ഏജന്റുമാര്‍ക്ക് ടിക്കറ്റു കിട്ടാതായ അവസ്ഥയും ഉണ്ടായി. തുടര്‍ ഘട്ടങ്ങളില്‍ കൂടുതല്‍ ടിക്കറ്റുകളെത്തിച്ച് ക്ഷാമം തീര്‍ക്കുകയായിരുന്നു ലോട്ടറി വകുപ്പ്. 40 രൂപയുടെ പ്രതിദിന ലോട്ടറി വില്‍പ്പനയും കൂടിയിട്ടുണ്ട്. 1,08 ലക്ഷം ടിക്കറ്റുകളാണ് പ്രതിദിനം അച്ചടിക്കുന്നത്. അതെല്ലാം വിറ്റു പോകുകയും ചെയ്യുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.