ഉക്രൈനിൽ മാർപാപ്പയുടെ പ്രതിനിധിയായ കർദ്ദിനാളിന് നേരെ വെടിവെയ്പ്പ്

ഉക്രൈനിൽ മാർപാപ്പയുടെ  പ്രതിനിധിയായ കർദ്ദിനാളിന് നേരെ വെടിവെയ്പ്പ്

കീവ്: റഷ്യൻ അധിനിവേശത്തിൽ ദുരിതമനുഭവിക്കുന്ന ഉക്രൈൻ ജനതയ്ക്ക് സഹായ വിതരണം ചെയ്യാൻ എത്തിയ ഉന്നത വത്തിക്കാൻ പ്രതിനിധിക്കും സംഘത്തിനും നേരെ വെടിവെയ്പ്പ്. മാർപാപ്പയുടെ സഹായ പദ്ധതികളുടെ ചുമതലക്കാരനായ കർദ്ദിനാൾ കോൺറാഡ് ക്രജേവ്‌സ്‌കി ഉൾപ്പെട്ട സംഘത്തെ ലക്ഷ്യമാക്കി വെടിവെയ്പ്പ് നടന്നതായി വത്തിക്കാൻ ന്യൂസ് റിപ്പോർട്ട് ചെയ്തു.

കർദ്ദിനാൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. യൂറോപ്പിലെ ഏറ്റവും വലിയ ആണവ കേന്ദ്രം സ്ഥിതി ചെയ്യുന്ന സപ്പോറിസിയിൽ സഹായം വിതരണം ചെയ്യുന്നതിനിടെയാണ് വെടിവെയ്പ്പ് ഉണ്ടായത്. ആളുകൾ കടന്നു ചെല്ലാത്ത ഈ പ്രദേശങ്ങളിൽ ഭക്ഷണം അടക്കമുള്ള അവശ്യവസ്തുക്കൾ വിതരണം ചെയ്യാൻ എത്തിയതായിരുന്നു പോളിഷ് സ്വദേശിയായ കർദ്ദിനാൾ ക്രജേവ്‌സ്‌കി.

ജീവിതത്തിൽ ആദ്യമായി എങ്ങോട്ട് ഓടി പോകണമെന്ന് പോലും തീരുമാനിക്കാൻ സാധിക്കാത്ത അവസ്ഥയിലായിപ്പോയെന്ന് അദ്ദേഹം വത്തിക്കാൻ ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. വെടിവയ്പ്പ് ആരംഭിച്ചപ്പോൾ താനും കൂട്ടരും ഒരു മിനിബസിൽ അഭയംപ്രാപിച്ചുവെന്നും ഷൂട്ടിംഗ് നിർത്തിയതോടെ സംഘം സഹായം എത്തിക്കുന്നത് തുടർന്നുവെന്നും അദ്ദേഹം വിശദീകരിച്ചു.


കർദ്ദിനാളിനെ കൂടാതെ ഒരു പ്രൊട്ടസ്റ്റന്റ് ബിഷപ്പും ഉക്രേനിയൻ പട്ടാളക്കാരനും മറ്റ് സഹായികളും സംഘത്തിൽ ഉണ്ടായിരുന്നു. ശക്തമായ പോരാട്ടം തുടരുന്നതിനിടെ ആറ് റിയാക്ടറുകളുള്ള സപ്പോറിസിയ ആണവകേന്ദ്രം ഒരാഴ്ചയായി അടച്ചിട്ടിരിക്കുകയായിരുന്നു.

തിരുസഭയുടെ സാന്നിധ്യത്തിന്റെ പ്രതിനിധിയാകാൻ കർദ്ദിനാൾ കോൺറാഡ് ക്രജേവ്‌സ്‌കി ഉക്രൈനിലേക്ക് വീണ്ടും പോകുമെന്ന് സെപ്റ്റംബർ പതിനൊന്നാം തീയതി ഫ്രാൻസിസ് പാപ്പ പ്രഖ്യാപിച്ചിരുന്നു. റഷ്യ ആക്രമണം തുടങ്ങിയതിന് ശേഷം ഇത് നാലാമത്തെ തവണയാണ് അദ്ദേഹം ഉക്രൈനിലേക്ക് എത്തുന്നത്.

രാജ്യത്തിന്റെ വിവിധ മേഖലകളിൽ കത്തോലിക്ക സഭ സഹായമെത്തിക്കുന്നുണ്ട്. റഷ്യയുടെ ഷെല്ലാക്രമണം ഉക്രെയ്നിലെ വിവിധ നഗരങ്ങളിലും പട്ടണങ്ങളിലും തുടരുകയാണ്.എന്നാൽ യുദ്ധക്കളത്തിൽ തോൽവി ഏറ്റുവാങ്ങുന്നതിനാൽ റഷ്യ സാധാരണക്കാരെ ലക്ഷ്യമാക്കി ആക്രമണം വർദ്ധിപ്പിക്കാൻ സാധ്യതയുണ്ടെന്ന് ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം മുന്നറിയിപ്പ് നൽകിയിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.