കോവിഡ് കേസുകള്‍ പിന്‍വലിക്കും; അധികൃതരെ കൈയേറ്റം ചെയ്തവര്‍ക്കെതിരായ നടപടികള്‍ തുടരും

കോവിഡ് കേസുകള്‍ പിന്‍വലിക്കും; അധികൃതരെ കൈയേറ്റം ചെയ്തവര്‍ക്കെതിരായ നടപടികള്‍ തുടരും

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത കേസുകള്‍ പിൻവലിക്കാൻ സർക്കാർ ഒരുങ്ങുന്നു. ഇത്‌ സംബന്ധിച്ചു അന്തിമ തീരുമാനമെടുക്കാൻ മുഖ്യമന്ത്രി ഈ മാസം 29ന് ഉന്നതതല യോഗം വിളിച്ചു. ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, നിയമസെക്രട്ടറി, ഡിജിപി എന്നിവരുടെ യോഗമാണ് വിളിച്ചിരിക്കുന്നത്.

ഗൗരവമേറിയ കേസുകള്‍ ഒഴികെ മറ്റ് കേസുകള്‍ പിൻവലിക്കാനാണ് നീക്കം. അധികൃതരെ കൈയേറ്റം ചെയ്തവര്‍ക്കെതിരായ നടപടികള്‍ തുടരും. ചെറിയ കുറ്റകൃത്യങ്ങളുടെ പേരിൽ കേസും കോടതിയുമായി വലയുന്ന ആയിരക്കണക്കിന് ആളുകൾക്ക് ഇത്‌ ആശ്വാസമാകും.

കൊവിഡ് കേസുകള്‍ കുതിച്ചുയർന്ന രണ്ടുവർഷത്തിനിടെ ഏഴു ലക്ഷം കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയത്. കേരള സർക്കാർ പാസാക്കിയ പകർച്ചാ വ്യാധി നിയന്ത്രണ നിയമം അനുസരിച്ചാണ് കേസുകളെടുത്തത്. മാസ്ക്ക് ധരിക്കാത്തിന് 500 രൂപ മുതൽ കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് 25,000 രൂപ വരെ പിഴ പൊലീസ് ഈടാക്കി. നിയന്ത്രണം ലംഘിച്ച് റോഡിലിറങ്ങിയ വാഹനങ്ങള്‍ പിടിച്ചെടുത്ത് പിഴയും ഈടാക്കി. 

പിഴടയടക്കാത്തവർക്കും ഗൗരവമായ കുറ്റകൃത്യം ചെയ്തവർക്കും എതിരായ തുടർനടപടികള്‍ പൊലീസ് കോടതിയിലേക്ക് വിട്ടു. പല കേസിലും കുറ്റപത്രം സമർപ്പിച്ചു. ചില കേസുകളിൽ അന്വേഷണം തുടരുകയാണ്. ഇതിനിടെയാണ് സംസ്ഥാന സർക്കാർ നിർണായക തീരുമാനമെടുത്തത്. കോടതികളിൽ കേസുകള്‍ പെരുകിയ സാഹചര്യത്തിൽ സംസ്ഥാന സർക്കാരുകള്‍ പരിശോധിച്ച് തീരുമാനിക്കാൻ കേന്ദ്രവും നിർദ്ദേശം നൽകിയിരുന്നു.

ഓരോ കേസും പരിശോധിച്ച് പിൻവലിക്കാവുന്ന കേസുകളുടെ വിവരം നൽകാൻ ഡിജിപി ജില്ലാ പൊലീസ് മേധാവിമാർക്ക് നിർദ്ദേശം നൽകി. നിയന്ത്രണം ലംഘിച്ച് കടകൾ തുറന്ന് ആള്‍ക്കൂട്ടമുണ്ടാക്കിയതും പൊതു ചടങ്ങുകളും ജാഥയും നടത്തിയതും കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്ന അക്രമ സംഭവങ്ങള്‍ നടന്നുതുമടക്കം ഗൗരവമേറിയ കേസുകള്‍ പിൻവലിക്കില്ല. പെറ്റിക്കേസുകളാകും പിൻവലിക്കുക. 

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചവരിൽ നിന്നും 35 കോടിലധികം രൂപയാണ് പിഴ സർക്കാർ ഖജനാവിലേക്കെത്തിയത്. പിഴ ചുമത്തിയവരിൽ പലരും പണം അടച്ചില്ല. ഇതിനിടെയാണ് കൂട്ടത്തോടെ കേസുകള്‍ പിൻവലിക്കാൻ സർക്കാരിന്റെ തീരുമാനം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.