എലിസബത്ത് രാജ്ഞിക്ക് സെയ്‌ന്റ് ജോർജ് ചാപ്പലിൽ അന്ത്യവിശ്രമം

എലിസബത്ത് രാജ്ഞിക്ക് സെയ്‌ന്റ് ജോർജ് ചാപ്പലിൽ അന്ത്യവിശ്രമം

ചാൾസ് മൂന്നാമൻ രാജാവും രാജകുടുംബത്തിലെ അംഗങ്ങളും എലിസബത്ത് രാജ്ഞിയുടെ ശവമഞ്ചത്തെ അനുഗമിക്കുന്നു.


ലണ്ടൻ: ബ്രിട്ടന്റെ എലിസബത്ത് രാജ്ഞിക്ക് (96) വിൻഡ്‌സറിലെ സെയ്‌ന്റ് ജോർജ് ചാപ്പൽ ജോർജ് ആറാമൻ സ്മാരക കപ്പേളയിൽ അന്ത്യവിശ്രമം. രാജകീയ ബഹുമതികളോടെ ഭർത്താവ് ഫിലിപ്പ് രാജകുമാരന്റെ ശവകുടീരത്തിനരികിൽ രാജ്ഞിയെയും സംസ്ക്കരിച്ചു. ഈ മാസം എട്ടിന് രാജ്ഞിയുടെ മരണത്തെ തുടർന്ന് 10 ദിവസം ദുഖാചരണത്തെ തുടർന്നായിരുന്നു സംസ്കാരം.

വിവാഹവും സ്ഥാനാരോഹണവും നടന്ന വെസ്റ്റ് മിനിസ്റ്റര്‍ ആബിയില്‍ നിന്ന് വിന്‍സര്‍ ചാപ്പലിലേക്കുള്ള വിലാപയാത്രയ്ക്കിടയിലും ആയിരങ്ങള്‍ ജനകീയ രാജ‌്ഞിക്ക് വിടചൊല്ലി. മകന്‍ ചാള്‍സ് മൂന്നാമന്‍ രാജാവ് മുതല്‍ ഏഴുവയസുകാരി ഷാര്‍ലെറ്റ് രാജകുമാരി വരെ അകമ്പടിയൊരുക്കി.

രാജ്ഞിയെ യാത്രയാക്കാൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, രാഷ്ട്രപതി ദ്രൗപദി മുർമു തുടങ്ങി പ്രമുഖരുടെ നീണ്ട നിരയുണ്ടായിരുന്നു. ഔദ്യോഗിക അന്ത്യകർമങ്ങൾ നടന്ന ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ ആബി ലോകനേതാക്കളുടെ സമീപകാലത്തെ ഏറ്റവും വലിയ സംഗമവേദിയായി.

പ്രാദേശികസമയം രാവിലെ എട്ടോടെയാണ് വെസ്റ്റ്മിൻസ്റ്റർ ആബി അതിഥികൾക്കായി തുറന്നത്. രാജ്ഞിയുടെ 96 വർഷങ്ങളെ അനുസ്മരിപ്പിച്ചുകൊണ്ട് ആബിയിലെ മണി ഒരോ മിനിറ്റ് ഇടവിട്ട് 96 തവണ മുഴങ്ങി. വെസ്റ്റ്മിൻസ്റ്റർ ഹാളിൽ സൂക്ഷിച്ചിരുന്ന ശവമഞ്ചം പത്തരയോടെ ആബിയിലേക്ക് മാറ്റി.

ബ്രിട്ടീഷ് നാവികപ്പടയിലെ നാവികരാണ് ശവമഞ്ചം ചുമന്നത്. ചാൾസ് മൂന്നാമൻ രാജാവ്, അദ്ദേഹത്തിന്റെ മക്കളായ വില്യം, ഹാരി, സഹോദരങ്ങളായ ആനി, ആൻഡ്രു, എഡ്വേർഡ്, വില്യം രാജകുമാരന്റെ മക്കൾ തുടങ്ങിയവർ അനുഗമിച്ചു. വെസ്റ്റ്മിൻസ്റ്റർ ഡീൻ ഡേവിഡ് ഹോയ്‌ലാണ് അന്ത്യശുശ്രൂഷകൾക്ക് കാർമികത്വം വഹിച്ചത്.

ഉച്ചയോടെ ഔദ്യോഗിക അന്ത്യോപചാരം അവസാനിച്ചു. രാജകുടുംബത്തിനും രാജ്യത്തിനുമൊപ്പം സാക്ഷികളായ രാഷ്ട്രപ്രതിനിധികളും രണ്ടുനിമിഷം ആദരസൂചകമായി മൗനം പാലിച്ചു. തുടർന്ന് ‘ഗോഡ് സേവ് ദ കിങ്’ എന്ന ദേശീയഗാനം മുഴങ്ങി. ചടങ്ങുകൾ ഇരുനൂറിലേറെ രാജ്യങ്ങളിൽ തത്സമയം സംപ്രേഷണം ചെയ്തു.

വൈകുന്നേരത്തോടെയാണ് ശവമഞ്ചം വിൻഡ്‌സറിലെത്തിച്ചത്. വിൻഡ്‌സർ ഡീൻ ഡേവിഡ് കോണറിന്റെ പ്രാർഥനയ്ക്കുശേഷം രാജചിഹ്നങ്ങൾ ഒഴിവാക്കി മൃതദേഹം സെയ്‌ന്റ് ജോർജ് ചാപ്പലിലെ 16 അടി താഴ്ചയിലുള്ള രാജകീയ നിലവറയിലേക്കിറക്കി. രാജകുടുംബാംഗങ്ങളുടെ സംസ്കാരച്ചടങ്ങുകൾക്കായി 1810-ൽ ജോർജ് മൂന്നാമൻ രാജാവ് പണികഴിപ്പിച്ചതാണിത്.

കുടുംബാംഗങ്ങൾമാത്രം പങ്കെടുത്ത അവസാനത്തെ പ്രാർഥനയ്ക്കുശേഷം മൃതദേഹം കിങ് ജോർജ് ആറാമൻ മെമ്മോറിയൽ ചാപ്പലിൽ സംസ്കരിച്ചു. എലിസബത്ത് രാജ്ഞിയുടെ ഭർത്താവ് ഫിലിപ്പ് രാജകുമാരനെയും പിതാവ് ജോർജ് ആറാമനെയും മാതാവ് എലിസബത്തിനെയും ഇവിടെത്തന്നെയാണ് അടക്കിയിട്ടുള്ളത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.