പോരിനിടെ ഗവർണർ ഇന്ന് ഡൽഹിക്ക്: മടക്കം അടുത്ത മാസം; അഞ്ചു ബില്ലുകൾ ഒപ്പുവച്ചു

പോരിനിടെ ഗവർണർ ഇന്ന് ഡൽഹിക്ക്: മടക്കം അടുത്ത മാസം; അഞ്ചു ബില്ലുകൾ ഒപ്പുവച്ചു

തിരുവനന്തപുരം: സംസ്ഥാനസർക്കാരും ഗവർണറും തമ്മിലുള്ള പോര് തുടരുന്നതിനിടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് ഡൽഹിയിലേക്ക് പോകും. ഗവർണറുടെ പരിഗണനയ്‌ക്കായി കാത്തിരിക്കുന്ന 11 ബില്ലുകളിൽ അഞ്ചെണ്ണം ഒപ്പിട്ട ശേഷമാണ് അദ്ദേഹം പോകുന്നത്. വൈകുന്നേരം 6.30 നുള്ള വിമാനത്തിൽ പോകുന്ന ഗവർണർ ഈ മാസം മടങ്ങി വരില്ല.

വിവാദ ബില്ലുകളിൽ ഒപ്പിടില്ലെന്ന് അദ്ദേഹം നേരത്തെ അറിയിച്ചിരുന്നു. മറ്റുള്ള ബില്ലുകളിൽ ഒപ്പിടണമെങ്കിൽ മന്ത്രിമാരോ സെക്രട്ടറിയോ നേരിട്ട് എത്തണമെന്ന്‌ അദ്ദേഹം നിബന്ധന വച്ചിരുന്നു. വകുപ്പ് സെക്രട്ടറിമാർ വിശദീകരണം നൽകിയ ബില്ലുകളാണ് ഇപ്പോൾ ഒപ്പുവച്ചിരിക്കുന്നത്. ലോകായുക്ത, സർവ്വകലാശാല ഭേദഗതി ബില്ലുകൾ ഒപ്പിടില്ല എന്ന നിലപാടിൽ ഉറച്ചുതന്നെയാണ് ഗവർണർ. ശേഷിക്കുന്ന നാലു ബില്ലുകളുടെ കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്.

അടുത്തമാസം ആദ്യമേ അദ്ദേഹം സംസ്ഥാനത്തേക്ക് മടങ്ങി വരികെയുള്ളു എന്നാണ് വിവരം. പ്രധാനമന്ത്രിക്കൊപ്പമുള്ള പരിപാടികളിൽ അദ്ദേഹം പങ്കെടുക്കുന്നുണ്ട്. അതിനിടെ കേരള സർവ്വകലാശാല വിസി നിയമന സെർച്ച് കമ്മറ്റിയിലേക്ക് സെനറ്റ് പ്രതിനിധിയെ നിർദേശിക്കാൻ ഗവർണർ ആവശ്യപ്പെട്ടു.

അതേസമയം ഗവർണറുടെ ഭരണഘടനാതീതമായ നീക്കത്തെ രാഷ്ട്രീയമായി നേരിടാനാണ് സർക്കാറും ഇടതുമുന്നണിയും തീരുമാനിച്ചിരിക്കുന്നത്. നിയമസഭ പാസാക്കിയ സർവകലാശാല, ലോകായുക്ത ഭേദഗതി ബില്ലുകളിൽ അടക്കം ഗവർണറുടെ നിലപാട് കാത്തിരുന്നു കാണുക എന്ന നയമാണ് സർക്കാറിന്.

ഗവർണർക്ക് ഭരണഘടനപരമായി പരിമിതമായ അധികാരമേയുള്ളൂവെന്ന വസ്തുതയിൽ ഊന്നിയാവും സർക്കാറിന്‍റെ മുന്നോട്ടുപോക്ക്. ഭരണഘടനയുടെ 163 അനുച്ഛേദ പ്രകാരം മന്ത്രിസഭയുടെ ഉപദേശത്തിനെതിരായോ വിരുദ്ധമായോ പ്രവർത്തിക്കാനുള്ള അധികാരം ഗവർണർക്ക് നൽകുന്നില്ല. ഗവർണറുടെ പ്രവർത്തനങ്ങൾ ഏകപക്ഷീയവും ഭാവനപരവും ആവരുത്. യുക്തിപരവും സദുദ്ദേശപരവും ശ്രദ്ധയോടുകൂടിയതുമാവണമെന്ന കമ്മീഷൻ റിപ്പോർട്ട് സംസ്ഥാന സർക്കാറിന്‍റെ നിലപാടാണ് ശരിയെന്ന് വ്യക്തമാക്കുന്നുവെന്നാണ് സിപിഎം വിലയിരുത്തുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.