ഒരാൾക്ക് 2.85 ലക്ഷം കോടി ഉറുമ്പുകൾ വീതം; പുതിയ കണ്ടുപിടുത്തവുമായി ശാസ്ത്രലോകം

ഒരാൾക്ക് 2.85 ലക്ഷം കോടി ഉറുമ്പുകൾ വീതം; പുതിയ കണ്ടുപിടുത്തവുമായി ശാസ്ത്രലോകം

ഭൂമിയിലെ സർവ്വവ്യാപിയായ ഉറുമ്പുകളുടെ ആകെ തുക എത്രയെന്ന് തലപുകച്ചിരുന്ന ശാസ്ത്ര ലോകത്തിന് ഒടുവിൽ ഉത്തരം കിട്ടി. എണ്ണാമെങ്കിൽ എണ്ണിക്കോ, ഭൂമിയിൽ ഏകദേശം 20,000,000,000,000,000 ഉറുമ്പുകൾ ജീവിച്ചിരിക്കുന്നുവെന്നാണ് ഹോങ്കോംഗ് യൂണിവേഴ്‌സിറ്റിയിലെ സ്‌കൂൾ ഓഫ് ബയോളജിക്കൽ സയൻസസിൽ നിന്നുള്ള ഗവേഷകരുടെ കണ്ടെത്തൽ. എണ്ണാൻ പ്രയാസപ്പെടണ്ട 20 ക്വാഡ്രില്യൺ ഉറുമ്പുകൾ.

നിലവിലെ കണ്ടെത്തൽ പ്രകാരം ഉറുമ്പുകളെ മനുഷ്യർ വീതിക്കുകയാണെങ്കിൽ ഒരാൾക്ക് 2.85 ലക്ഷം കോടി ഉറുമ്പുകളെ ലഭിക്കും. ലോകത്തിലെ പ്രകൃതി ശാസ്ത്രജ്ഞരെ സംബന്ധിച്ച് ഉറുമ്പുകളുടെ എണ്ണം ഇതുവരെ ഒരു സമസ്യയായിരുന്നുവെന്ന് പഠനത്തിന് നേതൃത്വം നൽകിയ ഗവേഷക‍ൻ സബിൻ എസ്. നൂട്ടെൻ പറയുന്നു.


മുൻകാലങ്ങളിൽ നടത്തിയിരുന്ന പഠനങ്ങളിൽ കണ്ടെത്തിയിരുന്ന കണക്കുകളേക്കാൾ രണ്ട് മുതൽ 20 മടങ്ങ് വരെ കൂടുതലാണ് ഇപ്പോഴത്തെ ഉറുമ്പുകളുടെ എണ്ണം. ജീവശാസ്ത്രജ്ഞരായ ബെർട്ട് ഹോൾഡോബ്ലറും എഡ്വേർഡ് ഒ. വിൽസണും ചേർന്ന് നടത്തിയ പഠനത്തിൽ ഒരു ക്വാഡ്രില്യണിനും 10 ക്വാഡ്രില്യണിനും ഇടയിലുള്ള ഉറുമ്പുകളുണ്ടെന്നാണ് കണ്ടെത്തിയിരുന്നത്.

ലോകത്തിൽ ഉറുമ്പുകൾ ഉള്ള 1,306 പ്രധാന ബയോമുകളുമായി ബന്ധപ്പെട്ട 489 ഡാറ്റകൾ പഠിച്ചശേഷമാണ് ഗവേഷക‍ർ ഈ നിഗമനത്തിൽ എത്തിയിരിക്കുന്നത്. ജേർണൽ പ്രൊസീഡിങ് ഓഫ് ദ നാഷ്ണൽ അക്കാദമി ഓഫ് സയൻസിലാണ് പഠനം സംബന്ധിച്ച വിശദാംശങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഏകദേശം 100 ദശലക്ഷം വർഷത്തിലധികമായി ഉറുമ്പുകൾ ഭൂമിയിൽ ഉണ്ടെന്നാണ് ശാസ്ത്രം വ്യക്തമാക്കുന്നത്. ഇതുവരെ 15,700 ത്തിലധികം സ്പീഷീസുകളിൽപെട്ട ഉറുമ്പുകളെ കണ്ടെത്തിയിട്ടുമുണ്ട്.
എന്നാൽ ഇതുവരെ ശാസ്ത്രം പേര് നൽകാത്ത സ്പീഷീസുകളിൽപെട്ട ഉറുമ്പുകളും ഉണ്ട്.

ഉറുമ്പുകളുടെ എണ്ണം ഓരോ മേഖലകളും അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. ഉഷ്ണമേഖലാ പ്രദേശങ്ങളിൽ ഉറുമ്പുകളുടെ എണ്ണം വളരെ അധികം കൂടുതലാണ്. ഈ പ്രദേശങ്ങളിൽ ഭൂമിക്കടിയിൽ അറകളുണ്ടാക്കി അതിൽ ജീവിക്കാനാണ് ഉറുമ്പുകൾക്ക് കൂടുതൽ ഇഷ്ടം.

ആളൊരു കുഞ്ഞനാണെങ്കിലും ഉറുമ്പുകൾ ഉപകാരിയാണ്. മണ്ണിനെ വായൂ സഞ്ചാരമുള്ള ഇടമാക്കി മാറ്റുന്നതിൽ ഉറുമ്പുകൾ പ്രധാന പങ്കുവഹിക്കുന്നുണ്ടെന്ന് ഹാ‍ർവാർഡ് സ്കൂൾ ഓഫ് ഫോറസ്ട്രി വ്യക്തമാക്കുന്നു. ഉറുമ്പുകൾ ഇങ്ങനെ ചെയ്യുന്നതുകൊണ്ടാണ് സസ്യങ്ങളുടെ വേരുകളിലേക്ക് വെള്ളവും ഓക്സിജനും വേഗത്തിൽ എത്തുന്നത്.

വിത്തുകൾ മണ്ണിനടിയിലേക്ക് കൊണ്ടുപോകുന്നതിലും അത് മുളയ്ക്കുന്നതിനും ഉറുമ്പുകൾ കാരണക്കാരാകുന്നുണ്ട്. കൂടാതെ ജൈവ വസ്തുക്കൾ കഴിക്കുന്നതിലൂടെ പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനി‍ർത്തുന്നതിന് ഉറുമ്പുകൾ സഹായികളാകുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.