ഡോ ബാബു സ്റ്റീഫൻ അധ്യക്ഷനായുള്ള ഭരണസമിതി നിരവധി ജനക്ഷേമ പദ്ധതികൾ പ്രഖ്യാപിക്കും വാഷിംഗ്ടൺ ഡി സി : അമേരിക്കൻ മലയാളികളുടെ ഏറ്റവും വലിയ സംഘടനയായ ഫൊക്കാനയുടെ 2022-24 വർഷത്തേക്കുള്ള പുതിയ ഭാരവാഹികൾ ഈമാസം 24 ന് ചുമതലയേൽക്കും. ഡോ ബാബു സ്റ്റീഫൻ അധ്യക്ഷനും ഡോ. കലാ ഷാഹി സെക്രട്ടറിയുമായ പുതിയ ഭരണസമിതി ജൂലൈമാസം ഒർലോഡോയിൽ നടന്ന ഫൊക്കാന ദേശീയ കൺവെൻഷനിൽ വച്ചാണ് തെരഞ്ഞെടുക്കപ്പെട്ടത്. വമ്പിച്ച ഭൂരിപക്ഷത്തിലായിരുന്നു ഡോ.ബാബു സ്റ്റീഫൻ ഫൊക്കാനയുടെ അധ്യക്ഷപദവിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ ഭരണസമിതിയുടെ അധ്യക്ഷനായിരുന്ന ജോർജി വർഗീസിൽ നിന്നും അടുത്ത രണ്ടുവർഷത്തെ അധ്യക്ഷന്റെ ചുമതലകൾ പുതിയതായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് ഡോ ബാബു സ്റ്റീഫൻ ഏറ്റെടുക്കും. വാഷിംഗ്ടൺ ഡിസിയിലെ കെൻവുഡ് ഗോൾഫ് ആന്റ് കൗണ്ടി ക്ലബ്ബ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചരിത്രപരമായ ചടങ്ങിൽ മുൻഭാരവാഹികൾ, നിലവിൽ തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങും ഇതോടൊപ്പം നടക്കും. ഫൊക്കാന വിമൺസ് ഫോറം ഭാരവാഹികൾ, ഫൊക്കാന നാഷണൽ കമ്മിറ്റി മെമ്പർമാർ, റിജിയണൽ വൈസ് പ്രസിഡന്റുമാർ, എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങൾ എന്നിവർക്കൊപ്പം ബോർഡ് ഓഫ് ട്രസ്റ്റീസും ചുമതലയേൽക്കുന്നുണ്ട്.
ഡോ ബാബു സ്റ്റീഫൻ ( പ്രസിഡന്റ് ), ഡോ കലാഷാഹി ( ജന.സെക്രട്ടറി ), ബിജു ജോൺ ( ട്രഷറർ) ഷാജി വർഗീസ് , ചാക്കോ കുര്യൻ ( വൈസ് പ്രസിഡന്റ്), ജോയി ചാക്കപ്പൻ ( അസി.സെക്രട്ടറി), ഡോ മാത്യു വർഗീസ് ( അസി. ട്രഷറർ) സോണി അംബൂക്കൻ ( അഡീ.അസോസിയേറ്റ് സെക്രട്ടറി), ജർജി പണിക്കർ ( അഡീ. അസോ. ട്രഷറർ), ഡോ ബ്രിജറ്റ് ജോർജ് ( വുമൺസ് ഫോറം ചെയർപേഴ്‌സൺ), സജി പോത്തൻ ( ബി ഒ ടി ചെയർമാൻ) എന്നിവരാണ് ജോർജി വർഗീസ് , ഡോ സജിമോൻ ആന്റണി എന്നിവരുടെ നേതൃത്വത്തിൽ നിന്നും പുതുതായി ചുമതലകൾ ഏറ്റെടുക്കുന്ന പുതിയ ഭരണസമിതി അംഗങ്ങൾ. പുതുതായി ചുമലയേൽക്കുന്ന ചില ഭാരവാഹികൾ ജോർജി വർഗീസ് -സജിമോൻ ആന്റണി ഭരണസമിതിയിൽ അംഗങ്ങളായിരുന്നു.
ഫൊക്കാനയുടെ പ്രവർത്തനമണ്ഡലത്തിൽ വലിയൊരു നാഴികല്ലായി മാറുന്ന പ്രവർത്തനങ്ങളാണ് ഫൊക്കാനയുടെ പുതിയ ഭരണസമിതി വിഭാവനം ചെയ്തിരിക്കുന്നത്. ഇവയിൽ ഏറ്റവും ആകർഷകമായത് ഫൊക്കാനയ്ക്ക് സ്വന്തമായൊരു ആസ്ഥാന മന്ദിരമുണ്ടാവുന്നു എന്നതാണ്. ഡോ ബാബു സ്റ്റീഫന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഏറ്റവും പ്രധാന പ്രഖ്യാപനവും അതായിരുന്നു. ഇതിനകം തന്നെ ആസ്ഥാന മന്ദിരത്തിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചിരിക്കയാണ്. ഇതോടൊപ്പം കേരളത്തിലെ പാവപ്പട്ടെ 25 കുടുംബങ്ങൾക്ക് വീടു വച്ചുകൊടുക്കാനുള്ള പദ്ധതിയും പ്രഖ്യാപിച്ചുകഴിഞ്ഞിരിക്കയാണ്. ഭവന പദ്ധതിയുടെ ഭാഗമായി ഇതിനകം തന്നെ 3 വീടുകൾ നിർമ്മിക്കാൻ 4 ലക്ഷം രൂപ വീതം കേരളത്തിലെ നിർധനരായ 3 പേർക്ക് നൽകി കഴിഞ്ഞു. പദ്ധതിയുടെ നടത്തിപ്പിനുള്ള നടപടികൾ ത്വരിതപ്പെടുത്താനും നടപടികൾ സ്വീകരിച്ചിരിക്കയാണ്.
ഫൊക്കാന പ്രസിഡന്റ് ഡോ ബാബു സ്റ്റീഫൻ ഡൽഹിയിൽ കേന്ദ്രമന്ത്രി വി മുരളീധരനെ സന്ദർശിക്കുകയും അമേരിക്കൻ മലയാളികളുടെ യാത്രാ സംബന്ധമായ ബുദ്ധിമുട്ടുകളും മറ്റും ചർച്ച ചെയ്തു. തിരുവനന്തപുരത്ത് വിവിധ മമന്ത്രിമാരുമായുള്ള കൂടിക്കാഴ്ചകളും നടത്തിയിരുന്നു. ഫൊക്കാനയുടെ സഹകരണത്തോടെ നടപ്പാക്കാവുന്ന വിവിധ വികസന പ്രവർത്തനങ്ങളെ കുറിച്ചുള്ള ആദ്യഘട്ട ചർച്ചകളും നടന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.