ന്യൂയോർക്ക്: റഷ്യയും ഉക്രെയ്നും തമ്മിലുള്ള യുദ്ധത്തിൽ ശാശ്വത സമാധാനത്തിന് മധ്യസ്ഥത വഹിക്കാൻ ഫ്രാൻസിസ് മാർപ്പാപ്പയെ ഉൾപ്പെടുത്തി കമ്മിറ്റി രൂപീകരിക്കാൻ ഐക്യരാഷ്ട്ര സഭയോട് നിർദ്ദേശിച്ച് മെക്‌സിക്കോ. മാർപാപ്പയ്ക്ക് പുറമെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോഡി, യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് എന്നിവരേയും കമ്മറ്റിയിൽ ഉൾപ്പെടുത്താൻ നിർദ്ദേശമുണ്ട്.
ന്യൂയോർക്കിൽ ഉക്രെയ്നുമായി ബന്ധപ്പെട്ട യുഎൻ സുരക്ഷാ കൗൺസിൽ ചർച്ചയിൽ പങ്കെടുക്കവെയാണ് മെക്‌സിക്കൻ വിദേശകാര്യ മന്ത്രി മാർസെലോ ലൂയിസ് എബ്രാർഡ് കാസൗബൺ നിർദേശം മുന്നോട്ടുവച്ചത്. സംഭാഷണത്തിലൂടെയും നയതന്ത്രത്തിലൂടെയും ഫലപ്രദമായ രാഷ്ട്രീയ മാർഗങ്ങൾ കെട്ടിപ്പടുക്കുന്നതിലൂടെയും മാത്രമേ സമാധാനം കൈവരിക്കാൻ കഴിയൂ എന്ന് അദ്ദേഹം പറഞ്ഞു.
സമാധാനം കൈവരിക്കാൻ അന്താരാഷ്ട്ര സമൂഹം ഇപ്പോൾ പരമാവധി ശ്രമിക്കണമെന്ന് മെക്‌സിക്കൻ വിദേശകാര്യ മന്ത്രി പറഞ്ഞു. ഇക്കാര്യത്തിൽ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന്റെ മധ്യസ്ഥ ശ്രമങ്ങൾ ശക്തിപ്പെടുത്തുന്നതിന് മെക്സിക്കോ പ്രസിഡന്റ് ആന്ദ്രേസ് മാനുവൽ ലോപ്പസ് ഒബ്രഡോറിന്റെ നിർദ്ദേശം പങ്കിടാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞാണ് അദ്ദേഹം നിർദ്ദേശം മുന്നോട്ട് വെച്ചത്.
കമ്മിറ്റിയിൽ സാധ്യമെങ്കിൽ ഫ്രാൻസിസ് മാർപാപ്പയും നരേന്ദ്ര മോഡിയും ഉൾപ്പെടെ മറ്റ് രാഷ്ട്രത്തലവന്മാരുടെയും സർക്കാരിന്റെയും പങ്കാളിത്തവും ഇതിന് വേണം. സംഭാഷണത്തിന് പുതിയ സംവിധാനങ്ങൾ സൃഷ്ടിക്കണം. വിശ്വാസം വളർത്തുന്നതിനും പിരിമുറുക്കങ്ങൾ കുറയ്ക്കുന്നതിനും ശാശ്വത സമാധാനത്തിനുള്ള വഴി തുറക്കുന്നതിനുമായി മധ്യസ്ഥതയ്ക്ക് സാധ്യമാക്കുന്ന ഇടങ്ങൾ ക്രമീകരിക്കുക എന്നിവയായിരിക്കണം സമിതിയുടെ ലക്ഷ്യമെന്നും കാസൗബൺ പറഞ്ഞു.
യുഎൻ സെക്രട്ടറി ജനറലിന്റെ നേതൃത്വത്തിലുള്ള മധ്യസ്ഥ ശ്രമങ്ങൾക്കും കമ്മിറ്റിക്കും വിപുലമായ പിന്തുണ സൃഷ്ടിക്കുന്നതിന് ആവശ്യമായ കൂടിയാലോചനകളുമായി മെക്സിക്കൻ പ്രതിനിധികൾ തുടരുമെന്ന് കാസൗബൺ പറഞ്ഞു. യുഎൻ അംഗരാജ്യങ്ങളുടെ പിന്തുണയോടെ അവയുടെ രൂപീകരണം മുന്നോട്ട് പോകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉക്രെയ്നിലെ റഷ്യയുടെ യുദ്ധം അവസാനിപ്പിക്കാനും സമാധാനത്തിനും മാര്‍പാപ്പ പല തവണ ആഹ്വാനം നല്‍കിയിരുന്നു. മാര്‍പാപ്പയുടെ ആഹ്വാനമനുസരിച്ച് മാര്‍ച്ച് 25ന് കത്തോലിക്കാ സഭ ഒന്നടങ്കം ഉക്രെയ്നെ സമര്‍പ്പിച്ച് പ്രാര്‍ഥിക്കുകയും അധിനിവേശത്തില്‍ പാപ്പ അതീവ ദുഖം രേഖപ്പെടുത്തുകയും ചെയ്തിരുന്നു. വത്തിക്കാനിലെ റഷ്യന്‍ എംബസിയില്‍ എത്തി യുദ്ധം അവസാനിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും മാര്‍പാപ്പ ആവശ്യപ്പെട്ടിരുന്നു.
ഉസ്ബെക്കിസ്ഥാനിലെ ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിയിലെ ഉഭകക്ഷി ചർച്ചയ്ക്കിടെഉക്രെയ്നിൽ ഇത് യുദ്ധത്തിനുള്ള സമയമല്ലെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനെ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഓർമിപ്പിച്ചിരുന്നു. ഇന്ത്യൻ പ്രധാനമന്ത്രിയുടെ പ്രസ്താവനയെ അമേരിക്ക, ഫ്രാൻസ്, ബ്രിട്ടൻ തുടങ്ങിയ പാശ്ചാത്യലോകം സ്വാഗതം ചെയ്തിരുന്നു. ഇന്ത്യയുമായുള്ള റഷ്യയുടെ അടുത്ത സൗഹൃദവും യുദ്ധത്തെ കുറിച്ചുള്ള പരാമർശവും ഉൾപ്പെടെ കണക്കിലെടുത്താണ് കമ്മറ്റിയിൽ മോഡിയെ ചേർക്കണമെന്ന നിർദ്ദേശം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.